'സഞ്ജുവിനെ തന്നെ ക്യാപ്റ്റനാക്കണമെന്ന് നിര്‍ബന്ധമില്ല', ട്രേഡിലൂടെ ഹാര്‍ദിക്കിനെ ടീമിലെടുത്ത് ചെന്നൈ ക്യാപ്റ്റനാക്കണമെന്ന് ബദരീനാഥ്

Published : May 28, 2026, 04:43 PM IST
Sanju Samson-Hardik Pandya

Synopsis

ഞാൻ മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്‍റിൽ ഉണ്ടെങ്കിൽ, ഹാർദിക് പാണ്ഡ്യയെ ചെന്നൈക്ക് നൽകി പകരം ശിവം ദുബെയെയും ആയുഷ് മാത്രെയെയും ടീമിലെത്തിക്കും.

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും പ്ലേഓഫ് കാണാതെ പുറത്തായതിന് പിന്നാലെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന വമ്പൻ ട്രേഡ് നിർദ്ദേശവുമായി മുൻ ചെന്നൈ താരം സുബ്രഹ്മണ്യം ബദരിനാഥ്. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ ചെന്നൈ സൂപ്പർ കിങ്സിന് നൽകി, പകരം ചെന്നൈയിൽ നിന്ന് ശിവം ദുബെയെയും യുവ ഒപ്പണർ ആയുഷ് മാത്രെയെയും മുംബൈ സ്വന്തമാക്കണമെന്നാണ് ബദരിനാഥ് നിർദ്ദേശിച്ചു.

മുംബൈ ഇന്ത്യൻസ് വിട്ട് ചെന്നൈയിലേക്ക് വരികയാണെങ്കിൽ ഹാർദിക് പാണ്ഡ്യയെ സിഎസ്കെയുടെ ക്യാപ്റ്റനാക്കണമെന്നും ബദരിനാഥ് പറഞ്ഞു. ഹാർദിക്കിന്‍റെ കീഴിൽ കഴിഞ്ഞ മൂന്ന് സീസണുകളിൽ രണ്ടിലും മുംബൈ പ്ലേഓഫ് കാണാതെ പുറത്തായിരുന്നു. ഈ സീസണിൽ നയിച്ച 10 മത്സരങ്ങളിൽ വെറും 2 എണ്ണത്തിൽ മാത്രമാണ് മുംബൈ വിജയിച്ചത്. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ബദരിനാഥ് ഈ മെഗാ ട്രേഡ് പ്ലാൻ പങ്കുവെച്ചത്:

ഞാൻ മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്‍റിൽ ഉണ്ടെങ്കിൽ, ഹാർദിക് പാണ്ഡ്യയെ ചെന്നൈക്ക് നൽകി പകരം ശിവം ദുബെയെയും ആയുഷ് മാത്രെയെയും ടീമിലെത്തിക്കും. സഞ്ജു സാംസൺ, റുതുരാജ് ഗെയ്ക്‌വാദ്, ഹാർദിക് പാണ്ഡ്യ എന്നിവരടങ്ങുന്ന ഒരു കോർ സഖ്യം ചെന്നൈ സൂപ്പർ കിങ്സിന്‍റെ ബ്രാൻഡ് മൂല്യം മറ്റൊരു തലത്തിലേക്ക് എത്തിക്കും. സഞ്ജു സാംസണെ തന്നെ ചെന്നൈ ക്യാപ്റ്റനാക്കണം എന്ന് നിർബന്ധമൊന്നുമില്ലല്ലോ. ഹാർദിക് ക്യാപ്റ്റൻസി ആവശ്യപ്പെടുകയാണെങ്കിൽ ഞാൻ അവനെ സിഎസ്കെയുടെ നായകനാക്കും. എം എസ് ധോണിയുമായി ഹാര്‍ദിക്കിനുള്ള മികച്ച ബന്ധം അതിന് സഹായിക്കുമെന്നും ബദരീനാഥ് പറഞ്ഞു.

ഹാർദിക്കിന് ഐപിഎല്‍ കരിയറിൽ ഇനിയും മൂന്ന് മികച്ച സീസണുകൾ ബാക്കിയുണ്ട്. അവൻ വരുന്നതോടെ ചെന്നൈ ടീമിന് അവിശ്വസനീയമായ ബാലൻസ് ലഭിക്കും. ഹാർദിക്കിനെ മുൻനിർത്തി ചെന്നൈക്ക് ഒരു പുതിയ ടീമിനെ തന്നെ കെട്ടിപ്പടുക്കാം. മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് പോകുന്നതിനേക്കാൾ ഹാർദിക്കിന് ഗുണം ചെയ്യുക ചെന്നൈയിൽ എത്തുന്നതാണ്. കാരണം ഒരു കളിക്കാരന്‍റെ ഇമേജ് മാറ്റിയെടുക്കാൻ സിഎസ്കെയോളം പോന്ന മറ്റൊരു ടീമില്ലെന്നും ബദരിനാഥ് വ്യക്തമാക്കി. ഈ സീസണിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഹാർദിക് കരിയറിലെ ഏറ്റവും മോശം ഫോമിലായിരുന്നു.

ഗുജറാത്ത് ടൈറ്റൻസിൽ നിന്നും ഹാർദിക് മുംബൈയിലേക്ക് മടങ്ങിയെത്തിയതും രോഹിത് ശർമ്മയെ മാറ്റി ക്യാപ്റ്റനാക്കിയതുമാണ് മുംബൈ ഇന്ത്യൻസിന്‍റെ തകർച്ചയ്ക്ക് കാരണമെന്നും ബദരിനാഥ് ചൂണ്ടിക്കാട്ടി. രോഹിത് ശർമ്മ മുംബൈക്കായി 15 വർഷം കളിക്കുകയും 5 കിരീടങ്ങൾ നേടിത്തരികയും ചെയ്ത മുംബൈയുടെ സ്വന്തം നായകനാണ്. രോഹിത്തിനെ മാറ്റി ഹാർദിക് വന്നതുമുതൽ മുംബൈയിൽ ഒന്നും ശരിയായ രീതിയിലല്ല നടക്കുന്നത്. അതുകൊണ്ട് ഹാർദിക്കിനെ ഒഴിവാക്കിയാലും മുംബൈ ഇപ്പോഴും ഒരു അസാധാരണ ടീം തന്നെയാണ്. ഹാർദിക്കിനെ റിലീസ് ചെയ്ത് തിലക് വർമ്മയെയോ, ജസ്പ്രീത് ബുംറയെയോ, സൂര്യകുമാർ യാദവിനെയോ മുംബൈ ക്യാപ്റ്റനാക്കണം. ഇത് ഹാർദിക്കിന്റെ തെറ്റല്ല, പക്ഷേ അവന്‍റെ ക്യാപ്റ്റൻസി മോഹം ടീമിന്‍റെ ഒത്തൊരുമയെ ബാധിച്ചു- ബദരിനാഥ് കൂട്ടിച്ചേർത്തു.

ഈ സീസണിൽ ഹാർദിക് ഇല്ലാതെ കളിച്ച 4 മത്സരങ്ങളിൽ രണ്ടിലും ജയിക്കാൻ മുംബൈക്ക് സാധിച്ചിരുന്നു. ഐ.പി.എൽ 2027 മെഗാ ലേലത്തിന് മുന്നോടിയായി ഇത്തരമൊരു വമ്പൻ ട്രേഡിന് ചെന്നൈയും മുംബൈയും തയ്യാറാകുമോ എന്നാണ് ഇനി ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കേരളത്തെ സൽമാൻ നിസാർ നയിക്കും; ഉത്തരാഖണ്ഡ് ഗോൾഡ് കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു
'വൈഭവിന്‍റെ നിഴലിൽ നിന്ന് അവൻ രക്ഷപ്പെടണം, രാജസ്ഥാൻ വിടുന്നതാണ് നല്ലത്', മുംബൈയിലേക്ക് മാറാൻ റായുഡുവിന്‍റെ ഉപദേശം