ടി20 ലോകകപ്പിന് ശേഷം ഇംഗ്ലണ്ടിനോടും അയർലൻഡിനോടും പരമ്പര തോറ്റ ഇന്ത്യൻ ടീമിനെതിരെ രൂക്ഷ വിമർശനവുമായി ഹനുമ വിഹാരി. കോച്ച് ഗൗതം ഗംഭീറിന് ചില കളിക്കാരോട് പക്ഷപാതമുണ്ടെന്നും ടീം സെലക്ഷനിൽ വലിയ പിഴവുകൾ സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് ജേതാക്കളായതിന് പിന്നാലെ കടുത്ത ഫോം ഔട്ടിലൂടെ കടന്നുപോകുകയാണ് ഇന്ത്യന്‍ ടീം. ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ ഇംഗ്ലണ്ടിനോടും അയര്‍ലന്‍ഡിനോടും തുടര്‍ച്ചയായി പരമ്പരകള്‍ തോറ്റ ഇന്ത്യന്‍ ടീമിനെതിരെ മുന്‍ താരം ഹനുമ വിഹാരി രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ടീം സെലക്ഷനിലും കോച്ച് ഗൗതം ഗംഭീറിന്റെ തീരുമാനങ്ങളിലും വ്യക്തമായ പിഴവുകളുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ടീമിലെ ഓപ്പണിംഗ് സ്ഥാനത്ത് നടന്ന 'മ്യൂസിക്കല്‍ ചെയര്‍' പോലെയുള്ള മാറ്റങ്ങള്‍ ടീമിന് വലിയ തിരിച്ചടിയായെന്ന് വിഹാരി ചൂണ്ടിക്കാട്ടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സഞ്ജു സാംസണിനെ തുടര്‍ച്ചയായി കളിപ്പിക്കുന്നതിന് പകരം പരീക്ഷിച്ച വൈഭവ് സൂര്യവംശിക്കും തിളങ്ങാനായില്ല. ഒരു കളിക്കാരന് കുറഞ്ഞത് അഞ്ച്-ആറ് മത്സരങ്ങളെങ്കിലും അവസരം നല്‍കി മാത്രം തീരുമാനമെടുക്കണമെന്നും, അല്ലാതെ പെട്ടെന്ന് ടീമില്‍ നിന്ന് പുറത്താക്കുന്നത് കളിക്കാരുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും വിഹാരി പറഞ്ഞു. ഗൗതം ഗംഭീറിന് ചില പ്രത്യേക കളിക്കാരോട് താല്പര്യമുണ്ടെന്നും അവര്‍ക്ക് ടീമില്‍ അമിത പരിഗണന ലഭിക്കുന്നുണ്ടെന്നും വിഹാരി ആരോപിച്ചു.

ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങിയ താരങ്ങള്‍ ഫോമിലല്ലെങ്കിലും ടീമില്‍ തുടരുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. 'ദുബെ പന്തെറിയുന്നില്ല, ഫീല്‍ഡിംഗിലും ബാറ്റിംഗിലും ഫോമിലല്ല. സുന്ദറിന്റെ കഴിഞ്ഞ കാലങ്ങളിലെ പ്രകടനങ്ങളും മികച്ചതല്ല. പിന്നെ എന്തിനാണ് ഇവര്‍ ടീമില്‍ തുടരുന്നത്?' വിഹാരി ചോദിച്ചു. സ്പിന്നര്‍മാരുടെ കാര്യത്തിലും സെലക്ഷന്‍ പിഴവുകള്‍ സംഭവിച്ചതായി വിഹാരി അഭിപ്രായപ്പെട്ടു. വരുണ്‍ ചക്രവര്‍ത്തിയും അക്‌സര്‍ പട്ടേലും പരാജയപ്പെട്ടപ്പോള്‍ രവി ബിഷ്‌നോയിയെ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്താണെന്നും അദ്ദേഹം ചോദിച്ചു.

ടീമിലെ സെലക്ഷനിലും പ്ലെയിംഗ് ഇലവന്‍ തീരുമാനിക്കുന്നതിലും വലിയ പാളിച്ചകളുണ്ട്. കളിക്കാര്‍ക്ക് ടീമില്‍ സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണെന്നും, പെര്‍ഫോം ചെയ്തില്ലെങ്കില്‍ പെട്ടെന്ന് പുറത്താക്കുമെന്ന ഭയം കളിക്കാരുടെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും വിഹാരി തന്റെ യൂട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു. തുടര്‍ച്ചയായ തോല്‍വികളും ടീമിനുള്ളിലെ അനിശ്ചിതത്വവും ഗംഭീറിന്റെയും അയ്യരുടെയും പദ്ധതികളെ വലിയ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. വരാനിരിക്കുന്ന മത്സരങ്ങളിലെങ്കിലും സ്ഥിരതയുള്ള ഒരു ടീമിനെ കണ്ടെത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുമോ എന്നതാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത്.


YouTube video player