
ചെന്നൈ: മുന്‍ ഇന്ത്യൻ താരവും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരവുമായിരുന്ന സ്പിന്നര്‍ ആര്‍ അശ്വിനെതിരെ പന്ത് ചുരണ്ടല്‍ ആരോപണം. തമിഴ്നാട് പ്രീമിയർ ലീഗിൽ (ടിഎൻപിഎൽ) ഡിണ്ടിഗല്‍ ടീമിനെ നയിക്കുന്ന അശ്വിനെതിരെ മധുര പാന്തേഴ്സ് ടീമാണ് പന്ത് ചുരണ്ടൽ ആരോപണവുമായി രംഗത്തെത്തിയത്.
മത്സരത്തിനിടെ അശ്വിന്‍ സംശയകരമായ രീതിയില്‍ തൂവാല ഉപയോഗിച്ചെന്നും ഇതില്‍ അന്വേഷണം വേണമെന്നും കാണിച്ച് മധുര ടീം ടിഎൻപിഎല്ലിന് കത്ത് നൽകി. പന്തിന്‍റെ ഭാരം കൂട്ടാനായി അശ്വിന്‍ രാസപദാർത്ഥം തേച്ച തൂവാല ഉപയോഗിച്ചെന്നാണ് മധുര ടീമിന്‍റെ ആരോപണം. ബാറ്റര്‍മാര്‍ പന്തടിക്കുമ്പോള്‍ ലോഹത്തില്‍ തട്ടുന്നതുപോലെ ശബ്ദം കേട്ടിരുന്നുവെന്നും രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് പന്ത് തുടച്ചതിന് തെളിവാണിതെന്നും മധുര ടീം സിഒഒ എസ് മഹേഷ് നല്‍കിയ പരാതിയില്‍ പറയുന്നു.നിരവധി തവണ താക്കീത് ചെയ്തിട്ടും ഡിണ്ടിഗല്‍ ടീം രാസപദാര്‍ത്ഥങ്ങള്‍ തേച്ച തൂവാല ഉപയോഗിട്ട് പന്ത് ചുരണ്ടുന്നത് തുടര്‍ന്നുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അശ്വിനെതിരെ പരാതി ലഭിച്ചുവെന്ന് ടിഎന്‍പിഎല്‍ സിഇഒ പ്രസന്ന കണ്ണനും സ്ഥിരീകരിച്ചു. മത്സരം പൂര്‍ത്തിയായി 24 മണിക്കൂറിനകം പരാതി നല്‍കണമെന്നാണ് ചട്ടമെങ്കിലും മധുര ടീം നല്‍കിയ പരാതി സ്വീകരിച്ചുവെന്നും പരാതി അന്വേഷിക്കാനായി സ്വതന്ത്ര കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും പ്രസന്ന കണ്ണൻ പറഞ്ഞു. എന്നാല്‍ ആരോപണം ഉന്നയിച്ച മധുര ടീം ഇത് തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ നല്‍കണമെന്നും അല്ലാത്ത പക്ഷം വ്യാജ ആരോപണം ഉന്നയിച്ചതിന്‍റെ പേരില്‍ മധുര ടീമിനെതിരെ നടപടിയെടുക്കേണ്ടിവരുമെന്നും പ്രസന്ന കണ്ണൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ഔട്ട് ഫീല്‍ഡിലെ നനവ് കാരണം പന്ത് തുടക്കാനായി കളിക്കാര്‍ക്ക് തൂവാല നല്‍കിയിരുന്നു. ടിഎന്‍പിഎല്‍ അധികൃതല്‍ നല്‍കുന്ന തൂവാല ഉപയോഗിച്ച് മാത്രമെ കളിക്കാര്‍ക്ക് പന്ത് തുടക്കാനാവു. മത്സരത്തിനിടെ സംശയാസ്പദമായി ഒന്നും അമ്പയര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പ്രസന്ന കണ്ണൻ പറഞ്ഞു. തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച നടന്ന മത്സരത്തിൽ ഡിണ്ടിഗൽ 9 വിക്കറ്റിനു മധുരയെ തോൽപ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക