
ധാക്ക: പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഇന്ത്യൻ ടീമിൽ മടങ്ങിയെത്തി പേസര്‍ ജയദേവ് ഉനദ്‌കട്ട്. രണ്ട് വിക്കറ്റുമായി മടങ്ങി വരവ് ഗംഭീരമാക്കുകയും ചെയ്‌തു താരം. 2010ലെ അരങ്ങേറ്റ ടെസ്റ്റിന് ശേഷം ഇപ്പോഴാണ് ഉനദ്‌കട്ടിന് മറ്റൊരു മത്സരം കളിക്കാനാവുന്നത്. ഇക്കാലയളവിൽ ഇന്ത്യ 118 ടെസ്റ്റുകൾ കളിച്ചിരുന്നു. ഇതോടെ 87 ടെസ്റ്റുകൾക്ക് ശേഷം മടങ്ങിവന്നെന്ന ദിനേഷ് കാര്‍ത്തികിന്‍റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് ഉനദ്‌കട്ടിന്‍റെ പേരിലായി. 142 ടെസ്റ്റ് മത്സരങ്ങൾ നഷ്‌ടമായെന്ന റെക്കോര്‍ഡ് ഇംഗ്ലീഷ് താരം ഗാരേത് ബാറ്റിയുടെ പേരിലുണ്ട്. അതിന് തൊട്ടുപിന്നിലാണ് ഇപ്പോൾ ഉനദ്‌കട്ടിന്‍റെ സ്ഥാനം.
ധാക്കയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്‌സിൽ 73.5 ഓവറില്‍ 227 റൺസിന് ഓൾഔട്ടായി. നാല് വീതം വിക്കറ്റ് നേടിയ ഉമേഷ് യാദവും ആർ അശ്വിനുമാണ് ബംഗ്ലാദേശിനെ തകർത്തത്. 15 ഓവറില്‍ വെറും 25 റണ്‍സിനാണ് ഉമേഷിന്‍റെ നാല് വിക്കറ്റ് പ്രകടനം. 157 പന്തില്‍ 84 റൺസെടുത്ത മൊമീനുൾ ഹഖ് മാത്രമേ പൊരുതിയുള്ളൂ. ജയദേവ് ഉനദ്‌കട്ട് 2 വിക്കറ്റ് വീഴ്ത്തി. നജ്‌മുല്‍ ഷാന്‍റോ 57 പന്തില്‍ 24 ഉം സാക്കിര്‍ ഹസന്‍ 34 പന്തില്‍ 15 ഉം നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ 39 പന്തില്‍ 16 ഉം മുഷ്‌ഫീഖുര്‍ റഹീം 46 പന്തില്‍ 26 ഉം ലിറ്റണ്‍ ദാസ് 26 പന്തില്‍ 25 ഉം മെഹിദി ഹസന്‍ മിര്‍സ 51 പന്തില്‍ 15 ഉം നൂരുല്‍ ഹസന്‍ 13 പന്തില്‍ ആറും ടസ്‌കിന്‍ അഹമ്മദ് 16 പന്തില്‍ ഒന്നും ഖാലിസ് അഹമ്മദ് 2 പന്തില്‍ പൂജ്യത്തിനും പുറത്തായി. തൈജുല്‍ ഇസ്‌ലാം 2 പന്തില്‍ 4* റണ്‍സുമായി പുറത്താവാതെ നിന്നു.
മറുപടി ബാറ്റിംഗിൽ ഇന്ത്യ എട്ട് ഓവറില്‍ വിക്കറ്റ് പോകാതെ 19 റൺസ് എന്ന നിലയിലാണ് ഇന്നത്തെ മത്സരം അവസാനിപ്പിച്ചത്. 20 പന്തില്‍ 14 റണ്‍സുമായി ശുഭ്‌മാന്‍ ഗില്ലും 30 പന്തില്‍ മൂന്ന് റണ്‍സെടുത്ത് കെ എല്‍ രാഹുലുമാണ് ക്രീസില്‍. ഒന്നാം ടെസ്റ്റിൽ എട്ട് വിക്കറ്റ് നേടി കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട സ്‌പിന്നര്‍ കുൽദീപ് യാദവിനെ പുറത്തിരുത്തിയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയത്. കുൽദീപിന് പകരമാണ് ജയദേവ് ഉനദ്‌കട്ടിന് അവസരം നൽകിയത്. ഒന്നാം ഇന്നിംഗ്‌സിൽ 40 റൺസ് നേടി ബാറ്റിംഗിലും കുൽദീപ് തിളങ്ങിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!