പിങ്ക് പന്തിന്റെ ആനുകൂല്യം മുതലെടുത്ത് ഇന്ത്യന്‍ പേസര്‍മാര്‍; ബംഗ്ലാദേശിന് ബാറ്റിങ് തകര്‍ച്ച

By Web TeamFirst Published Nov 22, 2019, 2:48 PM IST
Highlights

പിങ്ക് ബോള്‍ ടെസ്റ്റില്‍ തുടക്കം കെങ്കേമമാക്കി ടീം ഇന്ത്യ. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ഫീല്‍ഡിങ്ങിന് ഇറങ്ങിയ ഇന്ത്യ ഇതിനോടകം ആറ് ബംഗ്ലാ താരങ്ങളെ പവലിനയില്‍ തിരിച്ചെത്തിച്ചു.

കൊല്‍ക്കത്ത: പിങ്ക് ബോള്‍ ടെസ്റ്റില്‍ തുടക്കം കെങ്കേമമാക്കി ടീം ഇന്ത്യ. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ഫീല്‍ഡിങ്ങിന് ഇറങ്ങിയ ഇന്ത്യ ഇതിനോടകം ആറ് ബംഗ്ലാ താരങ്ങളെ പവലിനയില്‍ തിരിച്ചെത്തിച്ചു. 60 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡിലുള്ളത്. ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇശാന്ത് ശര്‍മ രണ്ടും  മുഹമ്മദ് ഷമി ഒരു വിക്കറ്റും വീഴ്തത്തി.  ലിറ്റണ്‍ ദാസ് (15), നയീം ഹസ്സന്‍ (0) എന്നിവരാണ് ക്രീസില്‍. 

ഷദ്മാന്‍ ഇസ്ലാം (29), ഇമ്രുല്‍ കയേസ് (4), മൊമിനുല്‍ ഹഖ് (0), മുഹമ്മദ് മിഥുന്‍ (0), മുഷ്ഫിഖര്‍ റഹീം (0), മഹ്മദുള്ള (6) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ഇശാന്താണ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. കയേസ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. പിന്നാലെ ക്യാപ്റ്റന്‍ മൊമിനുളിനെ ഉമേഷിന്റെ പന്തില്‍ രോഹിത് ശര്‍മ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. 

മിഥുനെ ഉമേഷ് ബൗള്‍ഡാക്കുകയായിരുന്നു. പരിചയസമ്പന്നനായ മുഷ്ഫിഖറിനെ ഷമി വിക്കറ്റ് തെറിപ്പിച്ചു. ഷദ്മാനെ ഉമേഷ് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. മഹ്മുദുളള, ഇശാന്തിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. പേസര്‍ക്ക് പിങ്ക് പന്തില്‍ ലഭിച്ച പിന്തുണയാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ചുവന്ന പന്തിനേക്കാള്‍ സ്വിങ് പിങ്ക് പന്തില്‍ ലഭിച്ചിരുന്നു.

നേരത്തെ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്ത. ഇന്‍ഡോറില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു.  

click me!