എനിക്ക് സഞ്ജു സാംസൺ എന്ന കളിക്കാരനെയും വ്യക്തിയെയും ഇഷ്ടമാണ്. മുൻപ് അദ്ദേഹം പരാജയപ്പെട്ടപ്പോൾ ലഭിച്ച അവസരങ്ങൾ നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്.

ചെന്നൈ: ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക പോരാട്ടത്തിൽ സഞ്ജു സാംസൺ നടത്തിയ ഐതിഹാസിക പ്രകടനത്തിന് പിന്നാലെ, താന്‍ സഞ്ജുവിന്‍റെ 'പി.ആർ' ഏജന്‍റാണെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ആർ. അശ്വിൻ. സഞ്ജുവിനോട് തനിക്ക് പ്രത്യേക താൽപര്യമുണ്ടെന്ന വാദങ്ങളെ തള്ളിയ അശ്വിൻ, മികച്ച താരങ്ങളെ പിന്തുണയ്ക്കുന്നതിൽ തെറ്റില്ലെന്ന് വ്യക്തമാക്കി.

വെസ്റ്റ് ഇൻഡീസിനെതിരെ 50 പന്തിൽ പുറത്താകാതെ 97 റൺസ് നേടിയ സഞ്ജുവിനെ അശ്വിൻ വാനോളം പുകഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അശ്വിൻ സഞ്ജുവിന് വേണ്ടി മാത്രം സംസാരിക്കുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർന്നത്. തന്‍റെ യൂട്യൂബ് ചാനലിലൂടെയൈാണ് അശ്വിൻ ഇതിന് മറുപടി നല്‍കിയത്.

എനിക്ക് സഞ്ജു സാംസൺ എന്ന കളിക്കാരനെയും വ്യക്തിയെയും ഇഷ്ടമാണ്. മുൻപ് അദ്ദേഹം പരാജയപ്പെട്ടപ്പോൾ ലഭിച്ച അവസരങ്ങൾ നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്. അതിന്‍റെ അർത്ഥം അന്ന് എനിക്ക് അദ്ദേഹത്തെ ഇഷ്ടമല്ലായിരുന്നു എന്നല്ല. എം.എസ് ധോണിക്ക് സുരേഷ് റെയ്നയെയും രവീന്ദ്ര ജഡേജയെയും ഒക്കെ ഇഷ്ടമായിരുന്നു, അതിനർത്ഥം അവർ മോശം കളിക്കാരായിരുന്നു എന്നല്ലല്ലോ എന്നും അശ്വിന്‍ ചോദിച്ചു. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം സഞ്ജു അർഹിച്ച അംഗീകാരമാണ് ഇപ്പോൾ ലഭിക്കുന്നതെന്നും ശുഭ്മാൻ ഗിൽ മികച്ച പ്രകടനം നടത്തിയപ്പോഴും താൻ ഇത്തരത്തിൽ തന്നെയായിരുന്നു പ്രതികരിച്ചതെന്നും അശ്വിൻ കൂട്ടിച്ചേർത്തു. ടി20 ലോകകപ്പ് റൺ ചേസിലെ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും ഉയർന്ന സ്കോറാണ് സഞ്ജു കഴിഞ്ഞ ദിവസം കുറിച്ചത്.

അഭിഷേക് മെച്ചപ്പെടണം

ലോക ഒന്നാം നമ്പർ ടി20 ബാറ്ററായിട്ടും ഈ ലോകകപ്പിൽ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്ന അഭിഷേക് ശർമ്മയ്ക്കും അശ്വിൻ നിർദ്ദേശങ്ങൾ നൽകി. ആറ് മത്സരങ്ങളിൽ നിന്ന് വെറും 13.33 ശരാശരി മാത്രമുള്ള അഭിഷേക് തന്‍റെ ബാറ്റിംഗ് ശൈലിയിൽ മാറ്റം വരുത്തണമെന്ന് അശ്വിൻ പറഞ്ഞു. അഭിഷേക് ബാറ്റിംഗിൽ കുറച്ചുകൂടി സമയം കണ്ടെത്തണം. ലെഗ് സൈഡിലെ കളി മെച്ചപ്പെടുത്തേണ്ടതുണ്ട്. സ്വീപ്പ് ഷോട്ടുകൾ പരിശീലിക്കുകയും ശരീരത്തിന് നേരെ വരുന്ന പന്തുകൾ എങ്ങനെ നേരിടണമെന്ന് പഠിക്കുകയും വേണം. അഭിഷേക് വലിയ പ്രതിഭയുള്ള താരമാണ്, പക്ഷേ കളി അൽപം കൂടി അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ടെന്നും അശ്വിൻ പറഞ്ഞു. അഭിഷേകിന്‍റെ തുടർച്ചയായ പരാജയങ്ങൾ ഇന്ത്യയുടെ ഓപ്പണിംഗ് കൂട്ടുകെട്ടിനെ ബാധിക്കുന്നുണ്ടെങ്കിലും, നാളെ മുംബൈയിൽ നടക്കുന്ന രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുമ്പോള്‍ സഞ്ജുവിന്‍റെ ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക