ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് ശക്തമായ നിലയില്‍

By Web TeamFirst Published Apr 21, 2021, 5:55 PM IST
Highlights

സെഞ്ചുറി നേടിയ നജമുല്‍ ഹുസൈന്‍ ഷാന്റോ (126), മൊമിനുള്‍ ഹഖ് (64) എന്നിവരാണ് ക്രീസില്‍. തമീം ഇഖ്ബാല്‍ (90), സെയ്ഫ് ഹസന്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്.

പല്ലേകെലെ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശ് ശക്തമായ നിലയില്‍. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ചുറി നേടിയ നജമുല്‍ ഹുസൈന്‍ ഷാന്റോ (126), മൊമിനുള്‍ ഹഖ് (64) എന്നിവരാണ് ക്രീസില്‍. തമീം ഇഖ്ബാല്‍ (90), സെയ്ഫ് ഹസന്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്.

രണ്ടാം ഓവറില്‍ തന്നെ സെയ്ഫിനെ ബംഗ്ലാദേശിന് നഷ്ടമായി. വിശ്വ ഫെര്‍ണാണ്ടോയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. മൂന്നാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന തമീം- ഷാന്റോ കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ മികച്ച നിലയിലേക്ക് നയിച്ചത്. ഇരുവരും 144 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ തമീം 101 പന്തുകള്‍ മാത്രമാണ് നേരിട്ടത്. 15 ബൗണ്ടറികളാണ് ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. ഫെര്‍ണാണ്ടോയുടെ തന്നെ പന്തില്‍ തിരിമാന്നെയ്്ക്ക് ക്യാച്ച് നല്‍കിയാണ് തമീം മടങ്ങിയത്. 

ഷാന്റോ ഇതുവരെ 288 പന്തുകള്‍ നേരിട്ടു. 14 ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് ഷാന്റോയുടെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ മൊമിനുള്‍ ഹഖിനൊപ്പം 150 റണ്‍സാണ് താരം ബംഗ്ലാദേശ് ടോട്ടലിനൊപ്പം ചേര്‍ത്തത്. ഇതില്‍ 64 റണ്‍സ് മൊമിനുളിന്റെ വകയായിരുന്നു. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

click me!