ലോകകപ്പിന് പിന്നാലെ ടീം ഇന്ത്യ കൈവിട്ടു; മുന്‍ ഇന്ത്യന്‍ താരത്തെ ബാറ്റിംഗ് പരിശീലകനാക്കാന്‍ ബംഗ്ലാദേശ്

By Web TeamFirst Published Mar 18, 2020, 5:17 PM IST
Highlights

നിലവില്‍ ഏകദിന, ടി20 ക്രിക്കറ്റില്‍ ബാറ്റിംഗ് പരിശീലകനായ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം നീല്‍ മക്കന്‍സിയെ ടെസ്റ്റിലും ബാറ്റിംഗ് പരിശീലകനാക്കാന്‍ ബംഗ്ലാദേശ് ശ്രമിച്ചിരുന്നു.

ധാക്ക: ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ സെമി ഫൈനല്‍ തോല്‍വിക്ക് ശേഷം ഇന്ത്യ ഒഴിവാക്കിയ ബാറ്റിംഗ് പരിശീലകന്‍ സഞ്ജയ് ബംഗാറെ ടെസ്റ്റ് ബാറ്റിംഗ് കണ്‍സള്‍ട്ടന്റാക്കാനൊരുങ്ങി ബംഗ്ലാദേശ്. ജൂണില്‍ ഓസ്ട്രേലിയക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരക്ക് മുമ്പ് ബംഗാറിന്റെ സേവനം ലഭ്യമാക്കാനാണ് ബംഗ്ലാദേശ് ശ്രമിക്കുന്നത്. ഒരു വര്‍ഷത്തേക്കാകും കരാര്‍.

നിലവില്‍ ഏകദിന, ടി20 ക്രിക്കറ്റില്‍ ബാറ്റിംഗ് പരിശീലകനായ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം നീല്‍ മക്കന്‍സിയെ ടെസ്റ്റിലും ബാറ്റിംഗ് പരിശീലകനാക്കാന്‍ ബംഗ്ലാദേശ് ശ്രമിച്ചിരുന്നു. എന്നാല്‍ എല്ലാ ഫോര്‍മാറ്റിലും തുടരാന്‍ താല്‍പര്യമില്ലെന്ന് മക്കന്‍സി അറിയിച്ചതോടെയാണ് ബംഗാറിനെ ബംഗ്ലാദേശ് നോട്ടമിട്ടത്. ബംഗാറുമായി സംസാരിച്ചിരുന്നുവെന്നും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് നിസാമുദ്ദീന്‍ ചൗധരി പറഞ്ഞു.

ഇന്ത്യക്കായി 2001-2004 കാലഘട്ടത്തില്‍ കളിച്ച ബംഗാര്‍ കഴിഞ്ഞ ഏകദിന ലോകകപ്പ് വരെ ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനായിരുന്നു. ലോകകപ്പ് സെമിയില്‍ ന്യൂലിന്‍ഡിനെതിരായ ബാറ്റിംഗ് തകര്‍ച്ചയെത്തുടര്‍ന്ന് ഇന്ത്യ പുറത്തായതിന് പിന്നാലെ ബംഗാറിന്റെ കരാര്‍ പുതുക്കേണ്ടെന്ന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു. ബംഗാറിന് പകരം മുന്‍ ഇന്ത്യന്‍ ഓപ്പണറായ വിക്രം റാത്തോഡിനെ ബാറ്റിംഗ് പരിശീലകനാക്കുകയും ചെയ്തു.

click me!