കൊവിഡ് 19: താഴെത്തട്ടിലും പിച്ചുകള്‍ നിശ്ചലം; സ്‍കൂള്‍ ക്രിക്കറ്റ് വരെ നിർത്തലാക്കി ന്യൂസിലന്‍ഡ്

By Web TeamFirst Published Mar 18, 2020, 3:27 PM IST
Highlights

ലോകത്താകമാനം രണ്ട് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് 19 പിടിപെട്ടത്. മരണസംഖ്യ 8000 കടന്നു. ന്യൂസിലന്‍ഡില്‍ ഇതുവരെ 20 പേരാണ് രോഗബാധിതരായത്. 

വെല്ലിംഗ്‍ടണ്‍: കൊവിഡ് 19 മഹാമാരിയുടെ പ്രതിഫലനം പ്രദേശിക ക്രിക്കറ്റിലേക്കും. കമ്മ്യൂണിറ്റി ക്രിക്കറ്റ് മത്സരങ്ങളും നിർത്തിവക്കാന്‍ ന്യൂസിലന്‍ഡ് നിർദേശം നല്‍കി. എല്ലാ ക്ലബ്, സ്‍കൂള്‍ മത്സരങ്ങളും നിർത്തിവക്കണമെന്നാണ് ആവശ്യം. മെഡിക്കല്‍ സംഘത്തിന്‍റെയും സർക്കാരിന്‍റെയും വിദഗ്‍ധാഭിപ്രായത്തെ തുടർന്നാണ് തീരുമാനമെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോർഡ് ചീഫ് എക്സിക്യൂട്ടിന് ഓഫീസർ ഡേവിഡ് വൈറ്റ് വ്യക്തമാക്കി. 

ലോകത്താകമാനം രണ്ട് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് 19 ഇതിനകം പിടിപെട്ടത്. മരണസംഖ്യ 8000 കടന്നു. ന്യൂസിലന്‍ഡില്‍ ഇതുവരെ 20 പേരാണ് രോഗബാധിതരായത്. 

കൊവിഡ്-19 ഭീതിയെ തുടർന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയും ഇംഗ്ലണ്ടിന്‍റെ ശ്രീലങ്കന്‍ പര്യടനവും ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയും റദ്ദാക്കിയിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്രയാന്‍ ലാറയും ഉള്‍പ്പെടുന്ന ഇതിഹാസ താരങ്ങള്‍ അണിനിരക്കുന്ന റോഡ് സേഫ്റ്റി വേള്‍ഡ് ടി20 ലീഗും പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇന്ത്യന്‍ പ്രീമിയർ ലീഗ് ഏപ്രില്‍ 15 വരെ മാറ്റിവച്ചിരിക്കുകയാണ്. പാകിസ്ഥാന്‍ സൂപ്പർ ലീഗും നിർത്തിവച്ചു. 

ന്യൂസിലന്‍ഡ് പേസർ ലോക്കി ഫെർഗൂസനും ഓസ്ട്രേലിയന്‍ താരം കെയ്‍ന്‍ റിച്ചാർഡ്‍സണും കൊവിഡ് 19 സംശയത്തിലായിരുന്നു. എന്നാല്‍ ഇരുവര്‍ക്കും കൊവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായത് ആശ്വാസമായി. ഓസ്ട്രേലിയ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരക്കിടെയായിരുന്നു സംഭവം. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
 

click me!