ഷാക്കിബിനെതിരെ വടിവാള്‍ എടുത്ത് ഭീഷണി യുവാവ് അറസ്റ്റില്‍; 'കാളിപൂജ' വിഷയത്തില്‍ മാപ്പ് പറഞ്ഞ് ഷാക്കിബ്

By Web TeamFirst Published Nov 18, 2020, 1:29 PM IST
Highlights

യുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് മൊഹ്സിന്‍റെ സഹോദരൻ മാസും താലുക്‌ദർ പറഞ്ഞു. അയാൾക്കു വേണ്ടി ഷാക്കിബിനോടും മറ്റുള്ളവരോടും തങ്ങൾ മാപ്പ് ചോദിക്കുന്നു എന്നും ഇയാൾ പറഞ്ഞു.

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസന് നേരെ ഫേസ്ബുക്ക് ലൈവിലൂടെ വടിവാളെടുത്ത് വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. സിൽഹെറ്റിൽ താമസിക്കുന്ന മൊഹ്സിൻ താലൂക്ദർ എന്നയാളെയാണ് ചൊവ്വാഴ്ച ബംഗ്ലദേശി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫേസ്ബുക്ക് ലൈവ് വൈറലാകുകയും, സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തതിന് പിന്നാലെ  വിവാദമായതിനു മൊഹ്സിൻ താലൂക്ദർ മാപ്പ് പറഞ്ഞു, പക്ഷെ കേസ് എടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. വടിവാൾ പിടിച്ച് ആക്രോശിച്ചു കൊണ്ടായിരുന്നു ഇയാളുടെ ഭീഷണി. ഷാക്കിബ് മുസ്ലിം സമുദായത്തെ അപമാനിച്ചു എന്നായിരുന്നു ഇയാളുടെ ആരോപണം. ഷാക്കിബിന്റെ സമീപനങ്ങൾ മുസ്ലീം സമുദായത്തെ ആകെ വേദനിപ്പിക്കുന്നതാണ്. കുറച്ച് കാലം മുൻപ് ഷാക്കിബ് ഹജ്ജ് കർമ്മം നിർവഹിച്ചത് തന്നെ സന്തോഷിപ്പിച്ചിരുന്നു.

പിന്നീട് ഇന്ത്യയിലേക്ക് പോയി ഷാക്കിബ് ഒരു കാളീപൂജ ഉദ്ഘാടനം ചെയ്തു. ഇത് മുസ്ലിങ്ങളെ വേദനിപ്പിച്ചു. ഷാക്കിബിനെ കൈയിൽ കിട്ടിയാൽ കത്തി കൊണ്ടു തുണ്ടം തുണ്ടമാക്കി വെട്ടും. കൊല്ലാൻ അവസരം കിട്ടിയാൽ സിൽഹെറ്റിൽ നിന്ന് നടന്നിട്ടാണെങ്കിൽ പോലും ധാക്കയിലെത്തി താൻ കൃത്യം നിർവഹിക്കുമെന്നും ഇയാൾ വിഡിയോയിൽ പറഞ്ഞിരുന്നു.

അതേ സമയം, യുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് മൊഹ്സിന്‍റെ സഹോദരൻ മാസും താലുക്‌ദർ പറഞ്ഞു. അയാൾക്കു വേണ്ടി ഷാക്കിബിനോടും മറ്റുള്ളവരോടും തങ്ങൾ മാപ്പ് ചോദിക്കുന്നു എന്നും ഇയാൾ പറഞ്ഞു.

അതേ സമയം കൊൽക്കത്തയിലെ കാളീപൂജയിൽ പങ്കെടുത്തതിൽ ക്ഷമ ചോദിച്ച് ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ രംഗത്ത് എത്തി. “സമൂഹമാധ്യമങ്ങളിൽ അടക്കം, ഞാൻ കൊൽക്കത്തയിലേക്ക് പോയത് ഒരു പൂജാ പരിപാടി ഉദ്ഘാടനം ചെയ്യാനായിരുന്നു എന്നാണ് പ്രചരിക്കുന്നത്. എന്നാൽ, അതല്ലായിരുന്നു എന്‍റെ സന്ദർശനത്തിൻ്റെ കാരണം. ഞാൻ പൂജ ഉദ്ഘാടനം ചെയ്തിട്ടില്ല. 

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കീം ആണ് പൂജ ഉദ്ഘാടനം ചെയ്തത്. എനിക്ക് ലഭിച്ച ക്ഷണക്കത്തിൽ ഞാനല്ല മുഖ്യാതിഥിയെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഇസ്ലാം മത വിശ്വാസി എന്ന നിലയിൽ മതാചാരങ്ങൾ പാലിക്കുന്ന ആളാണ് ഞാൻ. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തെങ്കിൽ ക്ഷമിക്കണം.”- തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ഷാക്കിബ് പറഞ്ഞു.

click me!