പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ്: ലാഹോര്‍ ഖലന്തേഴ്‌സിനെ തോല്‍പ്പിച്ചു, കറാച്ചി കിംഗ്‌സിന് കന്നി കിരീടം

By Web TeamFirst Published Nov 18, 2020, 11:33 AM IST
Highlights

ആദ്യം ബാറ്റ് ചെയ്ത ലാഹോറിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനാണ് സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ കറാച്ചി 18.4 ഓവറില്‍ ലക്ഷ്യം മറികടന്നു.

കറാച്ചി: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ബാബര്‍ അസം നയിച്ച കറാച്ചി കിംഗ്‌സിന് കിരീടം. ലാഹോര്‍ ഖലന്തേഴ്‌സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് കറാച്ചി കന്നി കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ലാഹോറിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനാണ് സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ കറാച്ചി 18.4 ഓവറില്‍ ലക്ഷ്യം മറികടന്നു. 63 റണ്‍സുമായി പുറത്താവാതെ നിന്ന് ബാബര്‍ അസമാണ് വിജയം എളുപ്പമാക്കിയത്. മാന്‍ ഓഫ് ദ ടൂര്‍ണമെന്റും ബാബര്‍ തന്നെ. 

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കറാച്ചിയുടെ തുടക്കവും മോശമായിരുന്നു. മുന്‍നിരയും മധ്യനിരയും ഒരുപോലെ നിരാശപ്പെടുത്തിയപ്പോള്‍ അസമിന്റെ ചെറുത്തുനില്‍പ്പാണ് കിരീടം സമ്മാനിച്ചത്. 49 പന്തില്‍ ഏഴ് ഫോര്‍ ഉള്‍പ്പെടുന്നതായിരുന്നു അസമിന്റെ ഇന്നിങ്‌സ്. ഷര്‍ജീല്‍ ഖാന്‍ (13), അലക്‌സ് ഹെയ്ല്‍സ് (11), ചാഡ്‌വിക്ക് വാള്‍ട്ടണ്‍ (22), ഇഫ്തിഖര്‍ അഹമ്മദ് (4), ഷെര്‍ഫാനെ റുഥര്‍ഫോഡ് (0) എന്നിവര്‍ നിരാശപ്പെടുത്തി. ഇമാദ് വാസിം (10) പുറത്താവാതെ നിന്നു. ഹാരിസ് റൗഫ്, ദില്‍ബര്‍ ഹുസൈന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

നേരത്തെ തമീം ഇഖ്ബാലിന് (38 പന്തില്‍ 35) മാത്രമാണ് ലാഹോര്‍ നിരയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. ഫഖര്‍ സമാന്‍ (27), സൊഹൈല്‍ അക്തര്‍ (14), ഡേവിഡ് വീസെ (14), ബെന്‍ ഡങ്ക് (11), ഷഹീന്‍ അഫ്രീദി പുറത്താവാതെ (12) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മുഹമ്മദ് ഹഫീസ് (2), സമിത് പട്ടേല്‍ (5), മുഹമ്മദ് ഫൈസാന്‍ (0) എന്നിവര്‍ നിരാശപ്പെടുത്തി. വഖാസ് മഖ്‌സൂദ്, അര്‍ഷദ് ഇഖ്ബാല്‍, ഉമൈദ് ആസിഫ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

click me!