
ചിറ്റഗോങ്: അഫ്‌ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റില്‍ ബംഗ്ലാദേശ് തോല്‍വിയിലേക്ക്. മഴമൂലം നാലാം ദിനം നേരത്തെ കളിനിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റിന് 136 റണ്‍സെന്ന നിലയിലാണ് രണ്ടാം ഇന്നിംഗ്‌സില്‍ ബംഗ്ലാ കടുവകള്‍. നാല് വിക്കറ്റ് അവശേഷിക്കേ ബംഗ്ലാദേശിന് ജയിക്കാന്‍ 262 റണ്‍സ് കൂടി വേണം. ഷാക്കിബ് അല്‍ ഹസനും(39 റണ്‍സ്), സൗമ്യ സര്‍ക്കാരും(0) ആണ് ക്രീസില്‍.
മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ റാഷിദ് ഖാനും രണ്ട് പേരെ പുറത്താക്കി സാഹിര്‍ ഖാനുമാണ് ബംഗ്ലാദേശിന് ആഘാതമേല്‍പിച്ചത്. മുഹമ്മദ് നബി ഒരു വിക്കറ്റ് നേടി. 41 റണ്‍സെടുത്ത ഓപ്പണര്‍ ഷാദ്‌മാന്‍ ഇസ്ലാമാണ് ടോപ് സ്‌കോറര്‍. ലിറ്റന്‍ ദാസ്(9), മൊസദേക് ഹൊസൈന്‍(12), മുഷ്‌ഫിഖുര്‍ റഹീം(23), മൊമീനുല്‍ ഹഖ്(3), മഹമ്മദുള്ള(7) എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സ്‌കോര്‍.
നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ റഹ്‌മത്ത് ഷായുടെ സെഞ്ചുറിക്കരുത്തില്‍(102) അഫ്‌ഗാന്‍ 342 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗില്‍ ലീഡ് വഴങ്ങിയ ബംഗ്ലാദേശ് 205 റണ്‍സില്‍ പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ നായകന്‍ റാഷിദ് ഖാനാണ് ആദ്യ ഇന്നിംഗ്‌സിലും ബംഗ്ലാ കടുവകളെ പൂട്ടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 260 റണ്‍സ് നേടി അഫ്‌ഗാന്‍ കൂറ്റന്‍ വിജയലക്ഷ്യം ബംഗ്ലാദേശിന് മുന്നില്‍ വയ്‌ക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!