32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവിന് സെഞ്ചുറിയിലെത്താന്‍ പിന്നീട് 23 പന്തുകള്‍ മാത്രമാണ് വേണ്ടിവന്നത്.

ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ഓപ്പണര്‍ വൈഭവ് സൂര്യവന്‍ഷിക്ക് സെഞ്ചുറി. 55 പന്തിലാണ് വൈഭവ് സെഞ്ചുറി തികച്ചത്. 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വൈഭവിന് സെഞ്ചുറിയിലെത്താന്‍ പിന്നീട് 23 പന്തുകള്‍ മാത്രമാണ് വേണ്ടിവന്നത്. ഇംഗ്ലണ്ട് സ്പിന്നര്‍ ഫര്‍ഹാന്‍ അഹമ്മദ് എറിഞ്ഞ പതിനേഴാം ഓവറില്‍ മൂന്ന് സിക്സും ഒരു ഫോറും പറത്തി 90കളിലെത്തിയ വൈഭവ് റാൽഫി ആര്‍ബര്‍ട്ടിന്‍റെ പന്ത് കവറിലേക്ക് തട്ടിയിട്ട് സിംഗിളുമായി സെഞ്ചുറിയിലെത്തി. 55 പന്തില്‍ 8 ഫോറും 8 സിക്സും പറത്തിയാണ് വൈഭവ് സെഞ്ചുറിയിലെത്തിയത്.

വൈഭവിന്‍റെ സെഞ്ചുറിയുടെയും ക്യാപ്റ്റൻ ആയുഷ് മാത്രെയുടെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ ഇംഗലണ്ടിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെന്ന നിലയിലാണ്. 55 പന്തില്‍ 100 റണ്‍സുമായി വൈഭവ് സൂര്യവന്‍ഷിയും 2 റണ്ണുമായി വേദാന്ത് ത്രിവേദിയും ക്രീസില്‍. 11 പന്തില്‍ 9 റണ്‍സെടുത്ത ആരോണ്‍ ജോര്‍ജിന്‍റെയും 51 പന്തില്‍ 53 റണ്‍സെടുത്ത ആയുഷ് മാത്രെയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. രണ്ടാം വിക്കറ്റില്‍ വൈഭവ്-ആയുഷ് മാത്രെ സഖ്യം 90 പന്തില്‍ 142 റണ്‍സാണ് അടിച്ചെടുത്തത്.

തുടക്കത്തില്‍ തിരിച്ചടി, പിന്നെ അടിയോട് അടി

View post on Instagram

ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് നാലാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. സെമിയില്‍ അഫ്ഗാനെതിരെ സെഞ്ചുറി നേടിയ മലയാളി താരം ആരോണ്‍ ജോര്‍ജ് രണ്ട് ബൗണ്ടറിയടിച്ച് തുടങ്ങിയെങ്കിലും 11 പന്തില്‍ 9 റണ്‍സെടുത്ത് അലക്സ് ഗ്രീനിന്‍റെ പന്തില്‍ ബെന്‍ മയെസിന് ക്യാച്ച് നല്‍കി മടങ്ങി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വൈഭവും ആയുഷ് മാത്രെയും തകര്‍ത്തടിച്ചതോടെ എട്ടാം ഓവറില്‍ ഇന്ത്യ 50 കടന്നു. ഇംഗ്ലണ്ടിന്‍റെ മികച്ച ബൗളറും ടൂര്‍ണണെന്‍റിൽ കൂടുതല്‍ വിക്കറ്റെടുത്ത താരവുമായ മാനി ലംസ്ഡനെ സിക്സിന് പറത്തിയാണ് ആയുഷ് മാത്രെ ഇന്ത്യയെ 50 കടത്തിയത്. തുടക്കത്തില്‍ 23 പന്തില്‍ 24 റണ്‍സെടുത്തിരുന്ന വൈഭവ് ജെയിംസ് മിന്‍റോ എറിഞ്ഞ ഒമ്പതാം ഓവറില്‍ മൂന്ന് ഫോറും ഒരു സിക്സും പറത്തി ടോപ് ഗിയറിലായതോടെ ഇന്ത്യ കുതിച്ചു. 

View post on Instagram

പതിനൊന്നാം ഓവറില്‍ 32 പന്തില്‍ വൈഭവ് അര്‍ധസെഞ്ചുറിയിലെത്തി. ആറ് ഫോറും മൂന്ന് സിക്സും പറത്തിയാണ് വൈഭവ് അര്‍ധസെഞ്ചുറി തികച്ചത്. പിന്നാലെ ഫര്‍ഹാന്‍ അഹമ്മദ് എറിഞ്ഞ പതിനഞ്ചാം ഓവറില്‍ രണ്ട് സിക്സ് പറത്തിയ വൈഭവ് ഫര്‍ഹാന്‍ അഹമ്മദ് എറിഞ്ഞ പതിനേഴാം ഓവറില്‍ 3 സികസും ഒരു ഫോറും പറത്തിയാണ് 90കളില്‍ എത്തിയത്. അലക്സ് ഗ്രീനിനെ സിക്സ് അടിച്ച് 50 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ക്യാപ്റ്റൻ ആയുഷ് മാത്രെ തൊട്ടടുത്ത പന്തില്‍ വീണ്ടും സിക്സിന് ശ്രമിച്ച് ക്യാച്ച് നല്‍കി മടങ്ങി. നേരത്തെ ടോസ് നേടിയി ഇന്ത്യ ബാറ്റിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു.

ഇംഗ്ലണ്ട് അണ്ടര്‍ പ്ലേയിംഗ് ഇലവന്‍: ബെൻ ഡോക്കിൻസ്, ജോസഫ് മൂർസ്, ബെൻ മെയ്സ്, തോമസ് റ്യൂ (ക്യാപ്റ്റൻ), കാലേബ് ഫാൽക്കണർ, റാൽഫി ആൽബർട്ട്, ഫർഹാൻ അഹമ്മദ്, സെബാസ്റ്റ്യൻ മോർഗൻ, ജയിംസ് മിന്റോ, മാന്നി ലംസ്‌ഡൻ, അലക്സ് ഗ്രീൻ.

ഇന്ത്യ അണ്ടര്‍ 19 പ്ലേയിംഗ് ഇലവന്‍: ആരോൺ ജോർജ്, വൈഭവ് സൂര്യവൻഷി, ആയുഷ് മാത്രെ (ക്യാപ്റ്റൻ), വിഹാൻ മൽഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു, ആർ.എസ്. അംബ്രീഷ്, കനിഷ്ക് ചൗഹാൻ, ഖിലാൻ പട്ടേൽ, ഹെനിൽ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക