ഷാക്കിബ് കറക്കി വീഴ്ത്തി; അവസാന ടി20യിലും ബംഗ്ലാദേശിന് മുന്നില്‍ നാണംകെട്ട് ഓസ്ട്രേലിയ

By Web TeamFirst Published Aug 9, 2021, 9:18 PM IST
Highlights

ജയത്തോടെ ടി20 പരമ്പര 4-1ന് ബംഗ്ലാദേശ് സ്വന്തമാക്കി. ടി20 ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. 79 റണ്‍സായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ സ്കോര്‍.

ധാക്ക: ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ബംഗ്ലാദേശിന് 60 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് മാത്രമെടുത്തപ്പോള്‍ ഓസ്ട്രേലിയ 13.4 ഓവറില്‍ 62 റണ്‍സിന് ഓള്‍ ഔട്ടായി. ജയത്തോടെ ടി20 പരമ്പര 4-1ന് ബംഗ്ലാദേശ് സ്വന്തമാക്കി. ടി20 ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ ഏറ്റവും കുറഞ്ഞ സ്കോറാണിത്. 79 റണ്‍സായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവും കുറഞ്ഞ സ്കോര്‍.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനായി ഓപ്പണര്‍ മുഹമ്മദ് നയീമും(23) മെഹ്ദി ഹസനും(13) ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. എന്നാല്‍ പിന്നീട് വന്നവര്‍ക്കാര്‍ക്കും വലിയ സ്കോര്‍ കണ്ടെത്താനായില്ല. ഷാക്കിബ് അല്‍ ഹസന്‍(11), സൗമ്യ സര്‍ക്കാര്‍(16), ക്യാപ്റ്റന്‍ മെഹമ്മദുള്ള(19), ആഫിഫ് ഹൊസൈന്‍(10) എന്നിവരുടെ ഭേദപ്പെട്ട ബാറ്റിംഗില്‍ ബംഗ്ലാദേശ് 20 ഓവറില്‍ 122 റണ്‍സിലെത്തി. ഓസീസിനായി ഡാന്‍ ക്രിസ്റ്റ്യനും നഥാന്‍ എല്ലിസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ഓസീസിനായി ക്യാപ്റ്റന്‍ മാത്യു വെയ്ഡും(22), ബെന്‍ മക്ഡര്‍മോര്‍ട്ടും(17) മാത്രമെ രണ്ടക്കം കടന്നുള്ളു. ഡാന്‍ ക്രിസ്റ്റ്യന്‍(3), മിച്ചല്‍ മാര്‍ഷ്(4), അലക്സ് ക്യാരി(3), മോയിസസ് ഹെന്‍റിക്കസ്(3), ആഷ്ടണ്‍ ടര്‍ണര്‍(1), ആഷ്ടണ്‍ ആഗര്‍(2) എന്നിവരെല്ലാം നിരാശപ്പെടുത്തി. ബംഗ്ലാദേശിനായി ഷാക്കിബ് നാലും മൊഹമ്മദ് സൈഫുദ്ദീന്‍ മൂന്നും നാസും അഹമ്മദ് രണ്ടും വിക്കറ്റെടുത്തു. ഷാക്കിബാണ് കളിയിലെയും പരമ്പരയിലെയും താരം.

click me!