'പുതുമുഖമെന്ന് തോന്നുന്നേയില്ല'; ഇന്ത്യന്‍ പേസറുടെ ടെസ്റ്റ് മികവിന് കയ്യടിച്ച് സല്‍മാന്‍ ബട്ട്

By Web TeamFirst Published Aug 9, 2021, 3:24 PM IST
Highlights

ടെസ്റ്റിലെ പുതുമുഖ താരത്തെ പോലെയേ അല്ല സിറാജ് പന്തെറിയുന്നത്. ഏത് ലൈനിലാണ് പന്തെറിയേണ്ടത് എന്ന് അദേഹത്തിനറിയാം എന്നും പാകിസ്ഥാന്‍ മുന്‍ നായകന്‍.  

നോട്ടിംഗ്‌ഹാം: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ മൂന്ന് വിക്കറ്റേ നേടിയുള്ളൂവെങ്കിലും ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്‍റെ ആത്മവിശ്വാസത്തെയും തുടര്‍ച്ചയായ സ്‌പെല്ലുകളേയും പ്രശംസിച്ച് പാകിസ്ഥാന്‍ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്. ഇംഗ്ലീഷ് ബാറ്റ്സ്‌മാന്‍മാരെ പ്രതിരോധത്തിലാക്കിയ സിറാജിന് മികച്ച ഭാവിയുണ്ടെന്നും മുന്‍താരം പറഞ്ഞു.

'ടെസ്റ്റ് ക്രിക്കറ്റില്‍ മുഹമ്മദ് സിറാജ് താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ താരമായിരിക്കാം. എന്നാല്‍ വളരെയേറെ ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ പുതുമുഖ താരത്തെ പോലെയേ അല്ല സിറാജ് പന്തെറിയുന്നത്. ഏത് ലൈനിലാണ് പന്തെറിയേണ്ടത് എന്ന് അദേഹത്തിനറിയാം. യുവതാരമാണ്, പേസുമുണ്ട്. ഉയരമുണ്ട്, കരുത്തുണ്ട്. വളരെ ഭാവിയുള്ള താരമാണ്.  

ഈ ഇന്ത്യന്‍ ടീമിന് അനുയോജ്യനാണ് മുഹമ്മദ് സിറാജ്. ആദ്യ ടെസ്റ്റിന് ഇശാന്ത് ശര്‍മ്മ ഫിറ്റായിരുന്നോ എന്നറിയില്ല. സിറാജിനൊപ്പം ഷാര്‍ദുല്‍ താക്കൂറും മികച്ച പ്രകടനം കാഴ്‌ചവെച്ചു. മുഹമ്മദ് ഷമിക്കും ജസ്‌പ്രീത് ബുമ്രക്കും മികച്ച പിന്തുണ നല്‍കി ഇരുവരും. ഇതുകൊണ്ടാണ് പേസര്‍മാര്‍ ഇന്ത്യക്ക് വിദേശത്ത് ടെസ്റ്റ് മത്സരങ്ങള്‍ വിജയിപ്പിക്കുന്നത്' എന്നും ബട്ട് കൂട്ടിച്ചേര്‍ത്തു.

മഴ ഇന്ത്യയുടെ വിജയവഴി മുടക്കിയതോടെ നോട്ടിംഗ്ഹാം ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഒമ്പത് വിക്കറ്റ് ശേഷിക്കെ വിജയത്തിലേക്ക് 157 റണ്‍സ് കൂടി മതിയായിരുന്ന ഇന്ത്യക്ക്. എന്നാല്‍ കനത്ത മഴ മൂലം ഒറ്റ പന്ത് പോലും എറിയാതെ അവസാന ദിവസം പൂര്‍ണമായും ഉപേക്ഷിച്ചതോടെ മത്സരം സമനിലയിലാവുകയായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഈ മാസം 12ന് ലോര്‍ഡ്സില്‍ ആരംഭിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!