സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിന് ജയം

By Web TeamFirst Published Mar 1, 2020, 8:28 PM IST
Highlights

സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിന് ജയം. 169 റണ്‍സിന്റെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സാണ് നേടിയത്.
 

സില്‍ഹെറ്റ്: സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിന് ജയം. 169 റണ്‍സിന്റെ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സാണ് നേടിയത്. ലിറ്റണ്‍ ദാസിന്റെ (126) സെഞ്ചുറിയാണ് ബംഗ്ലാദേശിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങില്‍ സിംബാബ്‌വെ 152ന് പുറത്തായി. ബംഗ്ലാദേശിനായി മുഹമ്മദ് സെയ്ഫുദ്ദീന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

സിംബാബ്‌വെയ്ക്ക് പ്രമുഖതാരങ്ങളുടെ വിക്കറ്റുകള്‍ വേഗത്തില്‍ നഷ്ടമായി. 35 റണ്‍സ് നേടിയ വെസ്ലി മധെവേരെയാണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും 25 റണ്‍സിനപ്പുറം നേടാന്‍ സാധിച്ചില്ല. സെയ്ഫുദ്ദീന് പുറമെ ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ത്താസ, മെഹ്ദി ഹസന്‍ എന്നിവര്‍ രണ്ടും മുസ്തഫിസുര്‍ റഹ്മാന്‍, തയ്ജുല്‍ ഇസ്ലാം എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 

ബംഗ്ലാദേശിനായി ലിറ്റണ്‍ ദാസിന് പുറമെ മുഹമ്മദ് മിഥുന്‍ (50), മഹ്മുദുള്ള (32) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. തമീം ഇഖ്ബാല്‍ (24), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (29), മുഷ്ഫിഖുര്‍ റഹീം (19), മെഹ്ദി ഹസന്‍ (7) എന്നിവരാണ് പുറത്തായി മറ്റുതാരങ്ങള്‍. മുഹമ്മദ് സെയ്ഫുദ്ദീന്‍ (15 പന്തില്‍ 28), മഷ്‌റഫെ മൊര്‍താസ (0) എന്നിവര്‍ പുറത്താവാതെ നിന്നു. ലിറ്റണ്‍ ദാസ് റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു.

105 പന്തില്‍ 13 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് ലിറ്റണ്‍ ദാസ് 126 റണ്‍സ് നേടിയത്. ഏകദിന കരിയറില്‍ താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് മുന്നിലെത്തി.

click me!