
കറാച്ചി: പാകിസ്ഥാന്‍ പ്രസിഡന്‍റ്സ് ട്രോഫിയില്‍ ഇന്നലെ നടന്ന പാകിസ്ഥാൻ സ്റ്റേറ്റ് ബാങ്കും പാകിസ്ഥാന്‍ ടെലിവിഷനും തമ്മിലുള്ള കിരീടപ്പോരാട്ടത്തില്‍ നടന്നത് നാടകീയ രംഗങ്ങള്‍. ബൗളര്‍ ഹാട്രിക്കിന് അരികില്‍ നില്‍ക്കെ ബാറ്റര്‍ ടൈംഡ് ഔട്ടാവുകയും തൊട്ടടുത്ത പന്തില്‍ ബൗളര്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കുകയും ചെയ്തതോടെ പാകിസ്ഥാന്‍ സ്റ്റേറ്റ് ബാങ്കിന് നഷ്ടമായത് നാലു പന്തില്‍ നാലു വിക്കറ്റ്.
മത്സരത്തിന്‍റെ രണ്ടാം ദിനമായിരുന്നു നാടകീയ പുറത്താകലുകള്‍ക്ക് സാക്ഷ്യംവഹിച്ചത്. പേസര്‍ മഹമ്മദ് ഷെഹ്സാദ് തുടര്‍ച്ചയായി രണ്ട് പന്തുകളില്‍ ഉമര്‍ അമീനെയും ഫവാദ് ആലത്തെയും പുറത്താക്കിയാണ് ഹാട്രിക്കിന് അടുത്തെത്തിയത്. അപ്രതീക്ഷിതമായി രണ്ട് വിക്കറ്റ് നഷ്ടമായതോടെ അടുത്ത ബാറ്ററായ സൗദ് ഷക്കീലിന് പെട്ടെന്ന് ക്രീസിലെത്താനായില്ല.
ഒരു ബാറ്റര്‍ പുറത്തായാല്‍ മൂന്ന് മിനിറ്റിനകം അടുത്ത ബാറ്റര്‍ പന്ത് നേരിടാന്‍ തയാറായി ഗാര്‍ഡ് എടുക്കണമെന്നാണ് നിയമം. എന്നാല്‍ ഈ സമയപരിധി കഴിഞ്ഞ് ക്രീസിലെത്തിയ സൗദ് ഷക്കീലിനെതിരെ പാക് ടിവി ക്യാപ്റ്റന്‍ അമാദ് ബട്ട് ടൈംഡ് ഔട്ടിനായി അപ്പീല്‍ ചെയ്തു. അമ്പയര്‍ അത് അനുവദിക്കുകയും ചെയ്തു. ഇതോടെ മുഹമ്മദ് ഷെഹ്സാദിന് ഹാട്രിക്ക് നഷ്ടമാകുമോ എന്ന ആശങ്കയിലായിരുന്നു പാക് ടിവി താരങ്ങള്‍. എന്നാല്‍ അടുത്ത ബാറ്ററായ ഇര്‍ഫാന്‍ ഖാനെ ബൗള്‍ഡാക്കിയ ഷെഹ്സാദ് ഹാട്രിക്ക് പൂര്‍ത്തിയാക്കി.
128-1 എന്ന മികച്ച നിലയിലായിരുന്ന പാക് സ്റ്റേറ്റ് ബാങ്ക് മൂന്ന് പന്തുകള്‍ക്കിടെ 128-5ലേക്ക് കൂപ്പുകുത്തി. റമദാന്‍ മാസമായതിനാല്‍ പകല്‍ സമയത്ത് മത്സരം നടത്തുന്നതിന് പകരം രാത്രി 7.30നാണ് മത്സരം തുടങ്ങിയത് പുലര്‍ച്ചെ 2.30വരെയായിരുന്നു മത്സരം. ടൈംഡ് ഔട്ടായി പുറത്താവുന്ന ആദ്യ പാക് ബാറ്ററെന്ന നാണക്കേടും ചാമ്പ്യൻസ് ട്രോഫിക്കുള്ള പാകിസ്ഥാന്‍ ടീം അംഗമായിരുന്ന സൗദ് ഷക്കീലിന്‍റെ പേരിലായി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ടൈംഡ് ഔട്ടായി പുറത്താവുന്ന ഏഴാമത്തെ മാത്രം ബാറ്ററുമാണ് സൗദ് ഷക്കീല്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക