കേരളത്തില്‍ നിന്ന് ടീം? ഐപിഎല്ലില്‍ രണ്ട് പുതിയ ഫ്രാഞ്ചൈസികള്‍ വരുമെന്ന് ഉറപ്പായി, തീരുമാനം 24ന്

By Web TeamFirst Published Dec 3, 2020, 2:02 PM IST
Highlights

ഒളിംപിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നതിൽ ബിസിസിഐ നിലപാടും ചര്‍ച്ചയ്‌ക്ക് എടുക്കും.

മുംബൈ: ഐപിഎല്ലിലേക്ക് രണ്ട് പുതിയ ടീമുകള്‍ കൂടി. ഈ മാസം 24ന് ചേരുന്ന ബിസിസിഐ വാര്‍ഷികയോഗത്തിലാകും തീരുമാനം. 

വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന്‍റെ അജണ്ടയിലാണ് പുതിയ രണ്ട് ഐപിഎല്‍ ഫ്രാഞ്ചൈസികളുടെ രൂപീകരണവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഹമ്മദാബാദിലെ പുതിയ സ്റ്റേഡിയം ആസ്ഥാനമായി ഒരു ടീം അടുത്ത സീസണില്‍ ഉണ്ടാകുമെന്ന് നേരത്തെ വ്യക്തമായിരുന്നു. രണ്ടാമത്തെ ടീമിന്‍റെ ആസ്ഥാനമായി ലഖ്നൗ, കാൺപൂര്‍, പൂനെ നഗരങ്ങളെ പരിഗണിച്ചേക്കും.

ഐപിഎൽ ഫൈനലിനായി ദുബായിലെത്തിയ മോഹന്‍ലാല്‍ ഫ്രാഞ്ചൈസി ഉടമയാകാന്‍ ശ്രമിക്കുന്നതായി അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും സൂപ്പര്‍താരം മനസ്സുതുറന്നിട്ടില്ല. ഭീമന്‍ തുക നഷ്ടപരിഹാരം നൽകുന്നതിന് പകരമായി ടീമിന്‍റെ തിരിച്ചുവരവ് അനുവദിക്കണമെന്ന കൊച്ചിന്‍ ടസ്‌കേഴ്‌സ് ഉടമകളുടെ ആവശ്യവും ബിസിസിഐക്ക് മുന്നിലുണ്ട്. രണ്ട് പുതിയ ടീമുകള്‍ എത്തുന്നതോടെ അടുത്ത സീസണിന് മുന്‍പ് ടീമുകളില്‍ സമഗ്ര അഴിച്ചുപണിയും മെഗാ താരലേലവും ഉറപ്പായി. 

അതേസമയം 2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്സിൽ ട്വന്‍റി 20 ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള നീക്കത്തിൽ ബിസിസിഐ നിലപാടും എജിഎമ്മിൽ വ്യക്തമാക്കും. ക്രിക്കറ്റ് ഒളിംപിക്സില്‍ ഉള്‍പ്പെടുത്തുന്നതിനെതിരായ നിലപാടാണ് ബിസിസിഐ ഇതുവരെ സ്വീകരിച്ചിരിക്കുന്നത്. ഡിസംബര്‍ 24ന് വിളിച്ച ജനറല്‍ ബോഡി യോഗത്തിന്‍റെ വേദി പിന്നീട് തീരുമാനിക്കും. 

വില്യംസണ്‍ സെഞ്ചുറിക്കരികെ; വിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡ് സുരക്ഷിതം

click me!