ഹാമില്‍ട്ടണ്‍: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ആദ്യ ടെസ്റ്റില്‍ ആതിഥേയരായ ന്യൂസിലന്‍ഡ് സുരക്ഷിത നിലയില്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന കിവികള്‍ ഒന്നാംദിനം സ്റ്റംപെടുത്തപ്പോള്‍ രണ്ട് വിക്കറ്റിന് 243 റണ്‍സെന്ന നിലയിലാണ്. ന്യൂസിലന്‍ഡിനായി ഓപ്പണര്‍ ടോം ലാഥമും നായകന്‍ കെയ്‌ന്‍ വില്യംസണും അര്‍ധ സെഞ്ചുറി നേടി. 

ഹാമില്‍ട്ടണില്‍ ടോസ് നേടിയ വിന്‍ഡീസ് കിവികളെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ജാസന്‍ ഹോള്‍ഡറുടെ തീരുമാനം ശരിയെന്ന് തോന്നിച്ച് ഷാന്നന്‍ ഗബ്രിയേല്‍ എറിഞ്ഞ നാലാം ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ വില്‍ യങ് എല്‍ബിയില്‍ കുരുങ്ങി. അഞ്ച് റണ്‍സേ വില്ലിന് നേടാനായുള്ളൂ. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 154 റണ്‍സ് കൂട്ടുകെട്ടുമായി ടോം ലാഥമും കെയ്‌ന്‍ വില്യംസണും തിരിച്ചടിച്ചു. 184 പന്തില്‍ 12 ഫോറുകളും ഒരു സിക്‌സറും സഹിതം 86 റണ്‍സെടുത്ത ലാഥമിനെ 56-ാം ഓവറില്‍ റോച്ച് ബൗള്‍ഡാക്കും വരെ ഈ കൂട്ടുകെട്ട് നീണ്ടു. 

വില്യംസണ്‍ 97 നോട്ടൗട്ട്

എന്നാല്‍ റോസ് ടെയ്‌ലറെ കൂട്ടുപിടിച്ച് വീണ്ടും കരുതലോടെ നീങ്ങി വില്യംസണ്‍. ടെസ്റ്റ് കരിയറിലെ 33-ാം അര്‍ധ ശതകം പൂര്‍ത്തിയാക്കിയ വില്യംസണ്‍ 134 പന്തില്‍ അമ്പത് തികച്ചു. വില്യംസണിന്‍റെ 33-ാം ടെസ്റ്റ് ഫിഫ്റ്റിയാണിത്. സ്റ്റംപെടുക്കുമ്പോള്‍ 219 പന്തില്‍ 16 ബൗണ്ടറികള്‍ ഉള്‍പ്പടെ 97 റണ്‍സുമായാണ് വില്യംസണ്‍ പുറത്താകാതെ നില്‍ക്കുന്നത്. 61 പന്തില്‍ 31 റണ്‍സുമായി റോസ് ടെയ്‌ലറാണ് കൂട്ട്. ആദ്യ ദിനം 78 ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്. 

'കോലി പ്രതിഭാസത്തിനും അപ്പുറം'; പ്രശംസ കൊണ്ട് മൂടി സുനില്‍ ഗാവസ്‌കര്‍