
മുംബൈ: ഐപിഎൽ ശനിയാഴ്ച വീണ്ടും തുടങ്ങാനിരിക്കേ ഫ്രാഞ്ചൈസികൾക്ക് പുതിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ ബിസിസിഐയുടെ അനുമതി. മത്സരങ്ങൾ നിർത്തിവച്ചപ്പോൾ നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങളിൽ ചിലർ തിരിച്ചുവരാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. പരിക്കേറ്റവർക്ക് പകരവും പുതിയ താരങ്ങളെ ടീമിൽ ഉൾപ്പെടുത്താം. എന്നാല്‍ ഇത്തരത്തില്‍ പകരക്കാരായി വരുന്ന താരങ്ങള്‍ക്ക് അടുത്ത സീസണിൽ ടീമിനൊപ്പം തുടരാൻ കഴിയില്ലെന്നും അടുത്ത താരലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ടീമിലെത്തിയാല്‍ മാത്രമെ ഐപിഎല്ലില്‍ കളിക്കാനാവൂവെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ഫൈനൽ ഉൾപ്പടെ ഐപിഎല്ലിൽ പതിനേഴ് മത്സരങ്ങളാണ് ബാക്കിയുള്ളത്. ജൂൺ മൂന്നിനാണ് ഫൈനൽ.
ഐപിഎല്ലില്‍ പന്ത്രണ്ടാം റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാവും മുമ്പ് ടീമുകള്‍ക്ക് പരിക്കേറ്റ താരങ്ങള്‍ക്ക് പകരം താരങ്ങളെ ഉള്‍പ്പെടുത്താന്‍ ബിസിസിഐ നേരത്തെ അനുമതി നല്‍കിയിരുന്നു. ഇത്തരത്തില്‍ ടീമിലെടുത്ത താരങ്ങള്‍ക്ക് അടുത്ത സീസണിലും ടീമില്‍ തുടരാമെന്നതിനാല്‍ പ്ലേ ഓഫ് കാണാതെ പുറത്തായെന്ന ഉറപ്പായ ചെന്നൈ സൂപ്പര്‍ കിംഗ്സ് അടക്കമുള്ള ടീമുകള്‍ അടുത്ത സീസണിലേക്കുള്ള ടീം കെട്ടിപ്പടുക്കുന്നതിന്‍റെ ഭാഗമായി നിരവധി യുവതാരങ്ങളെ ടീമിലെത്തിച്ചു.
ദക്ഷിണാഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രെവിസും മുംബൈ താരം ആയുഷ് മാത്രെയും ഇത്തരത്തില്‍ ചെന്നൈ ടീമിലെത്തിയിരുന്നു. ആയുഷ് മാത്രെയും ബ്രെവിസും ലഭിച്ച അവസരങ്ങളില്‍ മികവ് കാട്ടുകയും ചെയ്തു. രാജസ്ഥാന്‍ റോയല്‍സാകട്ടെ പരിക്കേറ്റ സന്ദീപ് ശര്‍മക്കു പകരം ദക്ഷിണാഫ്രിക്കന്‍ പേസര്‍ നാന്ദ്രെ ബര്‍ഗറെയും നിതീഷ് റാണക്ക് പകരം ലുവാന്‍ ഡ്രെ പ്രിട്ടോറിയസിനെയും ഇത്തരത്തില്‍ ടീമിലെത്തിച്ചു. ലേലത്തില്‍ സ്വന്തമാക്കാൻ കഴിയാത്ത താരങ്ങളെ ഇത്തരത്തില്‍ പരിക്കേറ്റ താരങ്ങള്‍ക്ക് പകരക്കാരായി ടീമിലെത്തിക്കുന്ന ടീമുകളുടെ നടപടിക്കെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതോടെയാണ് തിരിച്ചുവരാത്ത വിദേശതാരങ്ങള്‍ക്ക് പകരം ടീമിലെടുക്കുന്ന കളിക്കാരെ അടുത്ത സീസണിൽ നിലനിര്‍ത്താനാവില്ലെന്ന നിബന്ധന ബിസിസിഐ കര്‍ശനമാക്കിയത്.