മിന്നിത്തിളങ്ങി ഷെഫാലിയും മായങ്കും; ബിസിസിഐ പുരസ്‌കാര പട്ടിക പുറത്ത്

By Web TeamFirst Published Jan 12, 2020, 12:57 PM IST
Highlights

വനിതകളില്‍ 2018- 19 സീസണിലെ ഏറ്റവും മികച്ച അരങ്ങേറ്റ താരത്തിനുള്ള പുരസ്‌കാരമാണ് ഷെഫാലിക്ക് സമ്മാനിക്കുക

മുംബൈ: ബിസിസിഐയുടെ വാര്‍ഷിക പുരസ്‌കാരങ്ങളില്‍ മിന്നിത്തിളങ്ങി വനിതാ ക്രിക്കറ്റിലെ അത്ഭുത താരം ഷെഫാലി വര്‍മ. വനിതകളില്‍ 2018- 19 സീസണിലെ ഏറ്റവും മികച്ച അരങ്ങേറ്റ താരത്തിനുള്ള പുരസ്‌കാരമാണ് ഷെഫാലിക്ക് സമ്മാനിക്കുക. അതേസമയം പുരുഷ താരങ്ങളില്‍ മായങ്ക് അഗര്‍വാളിനാണ് അവാര്‍ഡ്. 

പതിനഞ്ചാം വയസില്‍ കഴിഞ്ഞ വര്‍ഷം അരങ്ങേറ്റം കുറിച്ച് ചരിത്രമെഴുതിയ താരമാണ് ഷെഫാലി വര്‍മ. ടീം ഇന്ത്യക്കായി ടി20 മാത്രം കളിച്ച താരം ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 222 റണ്‍സ് നേടി. 73 ആണ് ഷെഫാലിയുടെ ടോപ് സ്‌കോര്‍. രാജ്യാന്തര ക്രിക്കറ്റില്‍ ഫിഫ്റ്റി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന സച്ചിന്‍റെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് ഷെഫാലി തകര്‍ത്തിരുന്നു. സച്ചിന്‍ 16 വയസും 214 ദിവസവും പ്രായമുള്ളപ്പോള്‍ നേട്ടത്തിലെത്തിയെങ്കില്‍ ഷെഫാലി 15 വയസും 285 ദിവസവും പ്രായമുള്ളപ്പോളാണ് റെക്കോര്‍ഡ് തിരുത്തിയത്.

 

മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരെ 2018 ഡിസംബറില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച മായങ്ക് ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 872 റണ്‍സ് അടിച്ചുകൂട്ടി. രണ്ട് ഇരട്ട സെഞ്ചുറികളും മൂന്ന് ശതകങ്ങളും മായങ്ക് പേരിലാക്കി. ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്‌ക്ക് ഇന്ന് പ്രഖ്യാപിക്കുന്ന ടീമില്‍ മായങ്ക് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

വനിതകളില്‍ ഏകദിനത്തില്‍ ഉയര്‍ന്ന റണ്‍വേട്ടക്കാരിയായ സ്‌മൃതി മന്ദാനയ്‌ക്കും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ജൂലന്‍ ഗോസ്വാമിക്കും പുരസ്‌കാരങ്ങള്‍ ലഭിക്കും. ടെസ്റ്റിലെ മികവിന് ജസ്‌പ്രീത് ബുമ്രക്കും ചേതേശ്വര്‍ പൂജാരയ്‌ക്കും ദിലീപ് സര്‍ദേശായി പുരസ്‌കാരം സമ്മാനിക്കും. 2018-19 രഞ്ജി ട്രോഫിയിലെ മികച്ച ഓള്‍റൗണ്ടര്‍ക്കുള്ള ലാലാ അമര്‍നാഥ് അവാര്‍ഡ് ശിവം ദുബെക്കാണ്. ബിസിസിഐയുടെ പ്രത്യേക പുരസ്‌കാരത്തിന് ദിലീപ് ജോഷിയും തെരഞ്ഞെടുക്കപ്പെട്ടു. 

click me!