ഇന്ത്യക്കെതിരെ ഏറ്റവും വലിയ വെല്ലുവിളി അക്കാര്യം; തുറന്നുസമ്മതിച്ച് കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍

By Web TeamFirst Published Jan 12, 2020, 11:13 AM IST
Highlights

ഇന്ത്യയില്‍ മൂന്ന് ഏകദിനങ്ങള്‍ക്ക് തയ്യാറെടുക്കുന്ന ഓസീസ് സംഘം പതിവ് വെല്ലുവിളികളൊന്നും നടത്തുന്നില്ല. പകരം ഒരെയൊരു കാര്യമാണ് ഓസീസ് താരങ്ങള്‍ക്ക് പറയാനുള്ളത്.

മുംബൈ: ഇന്ത്യ- ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരകള്‍ എക്കാലത്തും വാശിയേറിയ പോരാട്ടമാണ്. പരമ്പരയ്‌ക്ക് മുന്‍പ് വാക്‌വാദങ്ങളിലൂടെ ടീം ഇന്ത്യയെ വിറപ്പിക്കുന്ന ശീലമുണ്ട് കങ്കാരുക്കള്‍ക്ക്. എന്നാല്‍ ഇന്ത്യയില്‍ മൂന്ന് ഏകദിനങ്ങള്‍ക്ക് തയ്യാറെടുക്കുന്ന ഓസീസ് സംഘം പതിവ് വെല്ലുവിളികളൊന്നും നടത്തുന്നില്ല. പകരം ഒരെയൊരു കാര്യമാണ് ഓസീസ് താരങ്ങള്‍ക്ക് പറയാനുള്ളത്.

ഇന്ത്യയില്‍ ഇന്ത്യയെ നേരിടുക പ്രയാസമാണ് എന്നാണ് ഓസ്‌ട്രേലിയന്‍ താരങ്ങളുടെ പക്ഷം. പേസര്‍ കെയ്‌ന്‍ റിച്ചാര്‍ഡ്‌സണും ഇക്കാര്യം സമ്മതിക്കുന്നു. 'ഇന്ത്യയില്‍ ഇന്ത്യയെ നേരിടുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി എന്നാണ് വിശ്വാസം. ഓസ്‌ട്രേലിയയില്‍ നിന്ന് വിഭിന്നമാണ് ഇന്ത്യയിലെ പിച്ച്. എന്നാല്‍ വെല്ലുവിളി നേരിടാന്‍ തങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. ടീം ഇന്ത്യയെ എങ്ങനെ വരിഞ്ഞുമുറുക്കണമെന്ന് തങ്ങള്‍ക്ക് പദ്ധതിയുണ്ട്' എന്നും റിച്ചാര്‍ഡ്‌സണ്‍ വ്യക്തമാക്കി. 

മാര്‍നസ് ലബുഷെയ്‌നും ഇതേ അഭിപ്രായം

ഇന്ത്യയില്‍ ഇന്ത്യയെ നേരിടുന്നതിനേക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് ഏകദിന അരങ്ങേറ്റത്തിനായി കാത്തിരിക്കുന്ന മാര്‍നസ് ലബുഷെയ്ന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏത് ഫോര്‍മാറ്റിലും ഏറ്റവും കടുപ്പമേറിയ എതിരാളികളാണ് ടീം ഇന്ത്യ. അതിനാല്‍ ഇന്ത്യയില്‍ ഇന്ത്യയെ നേരിടുക വലിയ വെല്ലുവിളിയായിരിക്കും, പരമ്പര ആകാംക്ഷ ജനിപ്പിക്കുന്നതായും ലബുഷെയ്ന്‍ പറഞ്ഞു. 

ബിഗ് ബാഷ് ടി20 ലീഗിലും മറ്റ് ആഭ്യന്തര ടൂര്‍ണമെന്‍റുകളിലും മികവുകാട്ടിയാണ് താന്‍ ടീമില്‍ തിരിച്ചെത്തിയത് എന്ന് കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍ പറയുന്നു. എന്‍റെ പ്രകടനങ്ങളെ തുടര്‍ന്നാണ് ടീം സെലക്ഷന്‍ കിട്ടിയത്. ബിഗ് ബാഷില്‍ തിളങ്ങിയത് ഏകദിന ലോകകപ്പിലേക്കുള്ള വഴിതുറന്നു. ഓരോ ദിവസവും മികവ് വര്‍ധിപ്പിക്കാനാണ് ഇപ്പോള്‍ പരിശ്രമിക്കുന്നത്. സ്വന്തം നാട്ടില്‍ നടക്കുന്ന ടി20 ലോകകപ്പ് ടീമില്‍ ഇടംപിടിക്കാനാണ് ശ്രമം. ഇന്ത്യയിലെ പ്രകടനം അതില്‍ നിര്‍ണായകമാകും എന്നും കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍ കൂട്ടിച്ചേര്‍ത്തു. 

14ന് വാംഖഡെ വിധിയെഴുതിത്തുടങ്ങും

ജനുവരി 14ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം. രണ്ടാം ഏകദിനം രാജ്‌കോട്ടില്‍ 17-ാം തീയതിയും മൂന്നാം മത്സരം ബെംഗളൂരുവില്‍ 19നും നടക്കും. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏകദിന പരമ്പര 3-2ന് ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. 

ഓസീസ് സ്‌ക്വാഡ്: ആരോണ്‍ ഫിഞ്ച്(നായകന്‍), അഷ്‌ടണ്‍ അഗര്‍, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, മാര്‍നസ് ലബുഷെയ്‌ന്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ഡാര്‍സി ഷോര്‍ട്ട്, സ്റ്റീവ് സ്‌മിത്ത്, മിച്ചല്‍ മാര്‍ഷ്, ആഷ്‌ടണ്‍ ടര്‍ണര്‍, ഡേവിഡ് വാര്‍ണര്‍, ആദം സാംപ

click me!