
മുംബൈ: ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തിലും തോറ്റ് പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഒരു മത്സര വിലക്കുമായി ബിസിസിഐ. ലഖ്നൗവിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരിലാണ് ഹാര്‍ദ്ദിക്കിനെ മാച്ച് റഫറി ഒരു മത്സരത്തില്‍ നിന്ന് വിലക്കിയത്. വിലക്കിന് പുറമെ 30 ലക്ഷം രൂപ പിഴയും ഹാര്‍ദ്ദിക്കിന് വിധിച്ചിട്ടുണ്ട്.
ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ മത്സരങ്ങള്‍ പൂര്‍ത്തിയായതിനാല്‍ അടുത്ത സീസണിലെ ആദ്യ മത്സരത്തിലാവും ഹാര്‍ദ്ദിക്കിന്‍റെ വിലക്ക് ബാധകമാകുക. ഇതോടെ അടുത്ത സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈയെ നയിക്കാന്‍ ഹാര്‍ദ്ദിക് ഉണ്ടാവില്ലെന്ന് ഉറപ്പായി. ഈ സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ വിലക്ക് നേരിടുന്ന രണ്ടാമത്തെ ക്യാപ്റ്റനാണ് ഹാര്‍ദ്ദിക് പണ്ഡ്യ. നേരത്തെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിനും ബിസിസിഐ ഒരു മത്സര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
സീസണില്‍ മൂന്നാം തവണയും കുറഞ്ഞ ഓവര്‍ നിരക്കിന് ശിക്ഷിക്കപ്പെട്ടതോടെയാണ് ഹാര്‍ദ്ദിക്കിന് വിലക്ക് നേരിടേണ്ടിവന്നത്. ആദ്യ തവണയിലെ പിഴവിന് 12 ലക്ഷവും രണ്ടാമതും പിഴവ് ആവര്‍ത്തിച്ചാല്‍ 24 ലക്ഷം രൂപയുമാണ് പിഴശിക്ഷ. മൂന്നാം തവണയും പിഴവ് ആവര്‍ത്തിച്ചാല്‍ മാത്രമാണ് വിലക്ക് നേരിടുക. ഹാര്‍ദ്ദിക്കിന് 30 ലക്ഷം രൂപയും മുംബൈ ടീമിലെ ഇംപാക്ട് പ്ലേയറായിരുന്ന രോഹിത് ശര്‍മ അടക്കമുള്ള ടീം അംഗങ്ങള്‍ 12 ലക്ഷമോ മാച്ച് ഫീയുടെ 50ശതമാനമോ രൂപ പിഴയായും ഒടുക്കണമെന്നും ബിസിസിഐ ഉത്തരവിട്ടിട്ടുണ്ട്.
ഈ സീസണില്‍ ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും നിറം മങ്ങിയ ഹാര്‍ദ്ദിക്ക് 14 മത്സരങ്ങളില്‍ നിന്ന് 218 റണ്‍സ് മാത്രമാണ് നേടിയത്. 11 വിക്കറ്റുകള്‍ നേടിയെങ്കിലും 10.75 ആയിരുന്നു ഹാര്‍ദ്ദിക്കിന്‍റെ ബൗളിംഗ് ഇക്കോണമി.14 മത്സരങ്ങളില്‍ മുംബൈയെ നയിച്ച ഹാര്‍ദ്ദിക്കിന് നാലു വിജയങ്ങള്‍ മാത്രമാണ് നേടാനായത്. സീസണില്‍ അവസാന സ്ഥാനത്താണ് മുംബൈ ഫിനിഷ് ചെയ്തതത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!