
മുംബൈ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനോടും തോറ്റ് മുംബൈ ഇന്ത്യന്‍സ് അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ മുന്‍ നായകന്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സില്‍ തുടരുമോ എന്ന ചോദ്യത്തിന് മറുപടിയുമായി മുംബൈയുടെ മുഖ്യ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍. ഇന്നലെ ലഖ്നൗവിനെതിരായ മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാര്‍ക്ക് ബൗച്ചര്‍ പറഞ്ഞ വാക്കുകള്‍ എന്തായാലും ആരാധകര്‍ക്ക് ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല.
എന്നെ സംബന്ധിച്ചിടത്തോളം രോഹിത്തിന്‍റെ ഭാവി തീരുമാനിക്കുന്നത് അദ്ദേഹം തന്നെയാണ്. അടുത്ത സീസണില്‍ ഐപിഎല്ലില്‍ മെഗാ താരലേലമാണ് നടക്കാന്‍ പോകുന്നത്. കണ്ടറിയണം, എന്താണ് സംഭവിക്കുകയെന്ന് എന്നായിരുന്നു ബൗച്ചറുടെ മറുപടി. ഈ സീസണിലെ രോഹിത്തിന്‍റെ പ്രകടനത്തെ രണ്ടായി ഭാഗിക്കാമെന്നും നല്ലരീതിയിൽ തുടങ്ങിയശേഷം പിന്നീട് രണ്ടാം പകുതിയില്‍ രോഹിത്തിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ലെന്നും മാര്‍ക്ക് ബൗച്ചര്‍ പറഞ്ഞു.
തുടക്കം മുതല്‍ ആക്രമണ ക്രിക്കറ്റ് കാഴ്ചവെക്കാനാണ് രോഹിത് ശ്രമിച്ചത്. പക്ഷെ ചില മത്സരങ്ങളില്‍ നിര്‍ഭാഗ്യവശാല്‍ വലിയ സ്കോറുകള്‍ നേടാനായില്ല. അത് ടീമിനും ഗുണകരമായിരുന്നില്ല. എന്നാല്‍ ഇന്നലെ ലഖ്നോവിനെതിരെ മികച്ച പ്രകടനം നടത്തിയാണ് രോഹിത് സീസണ്‍ അവസാനിപ്പത്. കഴിഞ്ഞ ദിവസം രാത്രി രോഹിത്തുമായി സംസാരിച്ചിരുന്നു. ഈ സീസണിലെ പ്രകടനത്തെക്കുറിച്ച് ഞങ്ങള്‍ അവലോകനം ചെയ്തിരുന്നു. അതിനുശേഷം ഇനി എന്താണ് അടുത്തതെന്ന് ഞാനദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ടി20 ലോകകപ്പ് എന്നാണ് അദ്ദേഹം മറുപടി നല്‍കിയതെന്നും ബൗച്ചര്‍ പറഞ്ഞു.
ഇന്നലെ ലഖ്നൗവിനെതിരെ 38 പന്തില്‍ 68 റണ്‍സടിച്ചതോടെ രോഹിത് സീസണില്‍ മുംബൈയുടെ ടോപ് സ്കോററായിരുന്നു. രോഹിത് ശർമ്മ ഇന്നലെ ലഖ്നൗവിനെതിരെ കളിച്ചത് മുംബൈ കുപ്പായത്തിലെ അവസാന ഐപിഎല്‍ മത്സരമാണോ എന്ന ചോദ്യം ഉയരുന്നതിനിടെയാണ് ബൗച്ചറുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക