ഇന്ത്യ ലോകകപ്പ് നേടിയാലും ശാസ്ത്രി കോച്ചായി തുടരുമെന്ന് ഉറപ്പില്ല

By Web TeamFirst Published Mar 21, 2019, 12:51 PM IST
Highlights

ലോകകപ്പ് നേടിയാലും ശാസ്ത്രി ഉള്‍പ്പെടെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കുന്നവരെല്ലാം അഭിമുഖത്തില്‍ പങ്കെടുക്കേണ്ടിവരും.

മുംബൈ: മെയ് അവസാനം ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ ചാമ്പ്യന്‍മാരായാലും രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്ത് തുടരുമെന്ന് ഉറപ്പില്ല. ശാസ്ത്രിയുമായുള്ള ബിസിസിഐയുടെ കരാറില്‍ കാലാവധി നീട്ടുന്നതിനോ, കാലാവധി പുതുക്കുന്നതിനോ ഉള്ള ഉപാധികള്‍ ഇല്ലാത്തതിനാലാണിത്. കരാര്‍ കാലാവധി കഴിയുമ്പോള്‍ വീണ്ടും അപേക്ഷിച്ച് അഭിമുഖത്തില്‍ പങ്കെടുത്തശേഷമെ ശാസ്ത്രിക്ക് പരിശീലക സ്ഥാനത്ത് വീണ്ടും തുടരാനാവൂ. ജൂലൈയില്‍ ബിസിസിഐ പുതിയ പരിശീലകനായുള്ള അപേക്ഷ ക്ഷണിക്കുമെന്നാണ് സൂചന.

സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും വിവിഎസ് ലക്ഷ്മണും അടങ്ങുന്ന വിദഗ്ധ സമിതിയാവും ഇത്തവണയും പുതിയ പരിശീലകനെ തെരഞ്ഞെടുക്കാനുള്ള അഭിമുഖം നടത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ ലോകകപ്പ് നേടിയാലും ശാസ്ത്രി ഉള്‍പ്പെടെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കുന്നവരെല്ലാം അഭിമുഖത്തില്‍ പങ്കെടുക്കേണ്ടിവരും.

അനില്‍ കുംബ്ലെ പരിശീലകനായ സമയത്താണ് കരാറില്‍ കാലാവധി നീട്ടാനോ പുതുക്കാനോ ഉള്ള ഉപാധികള്‍ വേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചത്. ശാസ്ത്രിക്ക് പുറമെ അസിസ്റ്റന്റ് കോച്ച് സഞ്ജ് ബംഗാര്‍, ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവരുടെ കാലാവധി ലോകകപ്പിലെ ഇന്ത്യയുടെ അവസാന മത്സരം കഴിയുമ്പോള്‍ പൂര്‍ത്തിയാവും. ഇതിനുശേഷം 14 ദിവസത്തിനകം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങുമെന്നതിനാല്‍ പുതിയ പരിശീലകനെ നിയമിക്കുന്നത് വൈകിപ്പിക്കാനുള്ള സാധ്യതയുമില്ല.

എന്നാല്‍ ഇന്ത്യ ലോകകപ്പിന്റെ സെമിയിലെങ്കിലും എത്തിയാല്‍ രവി ശാസ്ത്രിക്ക് പകരം മറ്റൊരാളെ പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാധ്യത വിരളമാണെന്നാണ് ബിസിസിഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്.

click me!