ഒടുവില്‍ ബിസിസിഐയുടെ സ്ഥിരീകരണമെത്തി; വിവിഎസ് ലക്ഷ്മണ്‍ പരിശീലക വേഷത്തില്‍

By Sajish AFirst Published May 25, 2022, 9:14 PM IST
Highlights

ഇംഗ്ലണ്ടിനും അയര്‍ലന്‍ഡിനുമെതിരെ വ്യത്യസ്ത ടീമുകളെയാകും ബിസിസിഐ പ്രഖ്യാപിക്കുക. ടെസ്റ്റിന് പുറമെ ട്വന്റി 20, ഏകദിന പരമ്പരയും ഇംഗ്ലണ്ടില്‍ ഇന്ത്യ കളിക്കും.

മുംബൈ: അയര്‍ലന്‍ഡിനെതിരായ ടി20 പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ വിവിഎസ് ലക്ഷ്മണ്‍ (VVS Laxman) പരിശീലിപ്പിക്കും. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനാണ് ലക്ഷ്മണ്‍. ഇക്കാര്യം ബിസിസിഐ (BCCI) ഔദ്യോഗികമായി സ്ഥിരീകിരിച്ചു. നേരത്തെ വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ഇത്തരത്തില്‍ സ്ഥിരികീരണമൊന്നും വന്നിരുന്നില്ല. ഇന്ത്യന്‍ ടെസ്റ്റ് ടീമുമായി മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid) ഇംഗ്ലണ്ടിലേക്ക് പോകുന്നതിനാലാണ് അയര്‍ലന്‍ഡ് പരമ്പരയ്ക്കുള്ള പരിശീലകനായി ലക്ഷ്മണിനെ തീരുമാനിച്ചത്. 

ജൂണ്‍ 26, 28 തിയ്യതികളില്‍ ഡബ്ലിനിലാണ് മത്സരം. ജൂലൈ 1ന് ഇംഗ്ലണ്ടുമായി ഇന്ത്യക്ക് ടെസ്റ്റ് കളിക്കേണ്ടതുണ്ട്. ടെസ്റ്റിന് മുന്നോടിയായി ലെസ്റ്റര്‍ഷെയറുമായി ചതുര്‍ദിനം പരിശീലന മത്സരം ജൂണ്‍ 24 മുതല്‍ 27 വരെയാണ്. ഇക്കാരണം കൊണ്ടാണ് ലക്ഷ്മണിനെ പരിശീലകനായി തീരുമാനിക്കാന്‍ കാരണം. നേരത്തെ രവി ശാസ്ത്രി പരിശീലകനായ അവസരത്തില്‍ രാഹുല്‍ ദ്രാവിഡിനും സമാനമായി അവസരം നല്‍കിയിരുന്നു.

അന്ന് ഇംഗ്ലണ്ട് പര്യടനത്തിന് പുറപ്പെട്ട ഇന്ത്യന്‍ ടീമിനൊപ്പമായിരുന്നു ശാസ്ത്രി. അതോടൊപ്പം നടന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ദ്രാവിഡിനെ പരിശീലകനാക്കുകയായിരുന്നു. പിന്നീട് ടി20 ലോകകപ്പിന് ശേഷം ശാസ്ത്രി സ്ഥാനമൊഴിഞ്ഞപ്പോള്‍ ദ്രാവിഡ് മുഖ്യപരിശീലകനാവുകയും ചെയ്തു. ദ്രാവിഡിന് പകരം എന്‍സിഎയുടെ തലവവായി ലക്ഷ്മണിനേയും തിരഞ്ഞെടുത്തു. വരും വര്‍ഷങ്ങളില്‍ ലക്ഷ്മണ്‍ പരിശീലകനായേക്കുമെന്നും അന്ന് ഗാംഗുലി പറഞ്ഞിരുന്നു.

ഇംഗ്ലണ്ടിനും അയര്‍ലന്‍ഡിനുമെതിരെ വ്യത്യസ്ത ടീമുകളെയാകും ബിസിസിഐ പ്രഖ്യാപിക്കുക. ടെസ്റ്റിന് പുറമെ ട്വന്റി 20, ഏകദിന പരമ്പരയും ഇംഗ്ലണ്ടില്‍ ഇന്ത്യ കളിക്കും. ഐപിഎല്ലിന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിലും ടീം ഇന്ത്യ കളിക്കുന്നുണ്ട്.
 

click me!