ബിസിസിഐ തെരഞ്ഞെടുപ്പ്: എന്‍ ശ്രീനിവാസന് കനത്ത തിരിച്ചടി

By Web TeamFirst Published Oct 10, 2019, 6:49 PM IST
Highlights

തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനെ വിനോദ് റായി സമിതി വിലക്കി

മുംബൈ: ബിസിസിഐ തെരഞ്ഞെടുപ്പിന് മുന്‍പ് എന്‍ ശ്രീനിവാസന് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനെ വിനോദ് റായി സമിതി വിലക്കി. ബിസിസിഐ ഭരണഘടനയ്‌ക്കനുസരിച്ചുള്ള നടപടികള്‍ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഹരിയാന, മഹാരാഷ്‌ട്ര അസോസിയേഷനുകള്‍ക്കും വിലക്കുണ്ട്. ഈ മാസം 23നാണ് ബിസിസിഐ തെര‍ഞ്ഞെടുപ്പ്. 

ബിസിസിഐ വാര്‍ഷിക യോഗത്തില്‍ തമിഴ്നാട് പ്രതിനിധിയായി പങ്കെടുക്കും എന്ന നിലപാടില്‍ നിന്ന് ശ്രീനിവാസന്‍ നേരത്തെ പിന്‍മാറിയിരുന്നു. ഐസിസിയുടെ മുന്‍ ചെയര്‍മാനും ബിസിസിഐ പ്രസിഡന്‍റുമായിരുന്നു എന്‍ ശ്രീനിവാസന്‍. എന്നാല്‍ ശ്രീനിവാസന്‍റെ വിശ്വസ്തനായ ആര്‍ എസ് രാമസ്വാമിയെ ബിസിസിഐ പ്രതിനിധിയായി തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പിന്നാലെ നിയോഗിച്ചു. മുന്‍ നായകന്‍മാരായ സൗരവ് ഗാംഗുലി, മുഹമ്മദ് അസ്‌ഹറുദ്ദീന്‍, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജെയ് ഷാ, രാജീവ് ശുക്ല തുടങ്ങിയ വമ്പന്‍മാര്‍ ബിസിസിഐ തലപ്പത്ത് എത്താന്‍ മത്സരരംഗത്തുണ്ട്.

click me!