
മുംബൈ: ലോകകപ്പിലെ ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ സെമി ഫൈനലില്‍ ആദ്യ പന്തെറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പിച്ചിനെചൊല്ലി വിവാദം. മത്സരം ഇന്ത്യക്ക് അനുകൂലമാക്കാന്‍ പിച്ചില്‍ ബിസിസിഐ അവസാന നിമിഷം മാറ്റം വരുത്തിയെന്നാണ് ആരോപണം. പിച്ചിലുണ്ടായിരുന്ന പുല്ല് പൂര്‍ണമായും നീക്കം ചെയ്തതും മുമ്പ് കളിച്ച പിച്ചില്‍ തന്നെ ഇന്നത്തെ മത്സരം നടത്താന്‍ തീരുമാനിച്ചതും ഇതിന്‍റെ ഭാഗമാണെന്നാണ് ആരോപണം. വന്‍ സ്കോര്‍ പിറന്ന മുംബൈയിലെ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി സ്ലോ പിച്ചിലായിരിക്കും ഇന്നത്തെ മത്സരമെന്നതാണ് വിമര്‍ശനം.
മുംബൈയില്‍ ഇതുവരെ മത്സരത്തിന് ഉപയോഗിക്കാതിരുന്ന ഏഴാം നമ്പര്‍ പിച്ചിലായിരുന്നു ഇന്നത്തെ ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫൈനല്‍ മത്സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം മുമ്പ് രണ്ട് മത്സരങ്ങള്‍ക്ക് ഉപയോഗിച്ച ആറാം നമ്പര്‍ പിച്ചിലാണ് ഇന്ന് മത്സരം നടക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 21ന് നടന്ന ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് മത്സരത്തിനും നവംബര്‍ രണ്ടിന് നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിനും ഉപയോഗിച്ചത് വാംഖഡെ സ്റ്റേഡിയത്തിലെ ആറാം നമ്പര്‍ പിച്ചാണ്.
എന്നാല്‍ ലോകകപ്പ് മത്സരങ്ങള്‍ ഏത് പിച്ചില്‍ കളിക്കണമെന്ന് തീരുമാനിക്കുന്നതില്‍ ബിസിസിഐക്ക് പങ്കില്ലെന്നും ഐസിസിയാണ് ഇക്കാര്യം തീരുമാനിക്കുന്നതെന്നുമാണ് ബിസിസിഐ വൃത്തങ്ങള്‍ ഇതിന് മറുപടി നല്‍കുന്നത്. ഐസിസി പിച്ച് കണ്‍സള്‍ട്ടന്‍റായ ആന്‍ഡി അറ്റ്കിന്‍സണാണ് ഏത് പിച്ചാണ് മത്സരത്തിന് ഏറ്റവും അനുയോജ്യമെന്ന് തീരുമാനിക്കുന്നത്.
മുന്‍ തീരുമാനപ്രകാരം ലോകകപ്പില്‍ വാംഖഡെയില്‍ നടക്കുന്ന സെമി ഉള്‍പ്പെടെയുള്ള അഞ്ച് മത്സരങ്ങള്‍ക്ക് 6-8-6-8-7 പിച്ചുകളാണ് യഥാക്രമം ഉപയോഗിക്കേണ്ടിയിരുന്നത്. എന്നാലിപ്പോള്‍ അറ്റ്കിന്‍സണുമായി ചേര്‍ന്ന് ബിസിസിഐ 6-8-6-8 എന്ന രീതിയില്‍ മാറ്റിമറിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യക്ക് അനുകൂലമായി മത്സരഫലം വരാന്‍ ബിസിസിഐ പിച്ചിലും കൈ കടത്തിയെന്ന തരത്തില്‍ വിദേശ മാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. പിച്ചുകള്‍ സംബന്ധിച്ച് സ്വതന്ത്രമായി തീരുമാനമെടുക്കാനാവാത്തതിലെ ആശങ്ക അറ്റ്കിന്‍സണ്‍ പങ്കുവെച്ചുവെന്ന് ഇംഗ്ലീഷ് പത്രമായ ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നോക്കൗട്ട് മത്സരങ്ങള്‍ പുതിയ പിച്ചില്‍ നടത്തണമെന്ന് നിയമമില്ലെങ്കിലും അതാണ് പിന്തുടരുന്ന രീതിയെന്നും വിദേശ മാധ്യമങ്ങള്‍ പറയുന്നു. 2019ലെ ലോകകപ്പില്‍ മാഞ്ചസ്റ്ററില്‍ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് സെമി പുതിയ പിച്ചിലാണ് നടന്നതെങ്കിലും 2022ലെ ടി20 ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ അഡ്‌ലെയ്ഡ് ഓവലിലെയും സിഡ്നിയിലെയും ഉപയോഗിച്ച പിച്ചുകളിലാണ് നടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!