
മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ടെസ്റ്റിലെ തോല്‍വിക്കുശേഷം ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ പിച്ചിനെക്കുറിച്ച് നടത്തിയ പ്രസ്താവനയില്‍ ബിസിസിഐക്ക് അതൃപ്തി. രണ്ടര ദിവസം കൊണ്ട് പൂര്‍ത്തിയായ കൊല്‍ക്കത്ത ടെസ്റ്റില്‍ നാലാം ഇന്നിംഗ്സില്‍ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് ഓള്‍ ഔട്ടായി 30 റണ്‍സിന്‍റെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയിരുന്നു. സ്പിന്നര്‍മാരെ അമിതമായി തുണച്ച പിച്ചില്‍ സിമോണ്‍ ഹാര്‍മറുടെയും കേശവ് മഹാരാജിന്‍റെയും സ്പിന്നിന് മുന്നിലാണ് ഇന്ത്യ അടിതെറ്റി വീണത്. എന്നാല്‍ മത്സരശേഷം തങ്ങള്‍ ആഗ്രഹിച്ച വിക്കറ്റ് തന്നെയാണ് കൊല്‍ക്കത്തയില്‍ ലഭിച്ചതെന്നും തോല്‍വിയില്‍ പിച്ചിനെ കുറ്റം പറയാനില്ലെന്നും ഗംഭീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഇന്ത്യൻ ടീം മാനേജ്മെന്‍റിന്‍റെ നിര്‍ദേശപ്രകാരമാണ് പിച്ച് തയാറാക്കിയതെന്ന് ചീഫ് ക്യൂറേറ്റര്‍ നിലപാട് വ്യക്തമാക്കിയതോടെയാണ് പിച്ചിന് യാതൊരു കുഴപ്പവുമില്ലെന്ന് ഗംഭീര്‍ പറഞ്ഞത്. ക്യൂറേറ്റര്‍ മികച്ച പിച്ചാണ് കൊല്‍ക്കത്തയില്‍ ഒരുക്കിയതെന്നും എന്നാല്‍ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും ഗംഭീര്‍ പറഞ്ഞിരുന്നു. ഗംഭീറിന്‍റെ ഈ പ്രസ്താവനയില്‍ ബിസിസിഐക്ക് കടുത്ത അതൃപ്തിയുണ്ടെങ്കിലും തല്‍ക്കാലം ഗംഭീറിനെതിരെ യാതൊരു നടപടിയുമുണ്ടാകില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ രണ്ട് മാസത്തിനപ്പുറം നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ മോശം പ്രകടനം നടത്തിയാല്‍ ഗംഭീറിനെ പുറത്താക്കുന്നത് അടക്കമുള്ള കടുത്ത നടപടികളെക്കുറിച്ച് ബിസിസിഐ ആലോചിക്കും. നിലവില്‍ മറ്റാരെയും പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കാനില്ലാത്തതിനാലാണ് ഗംഭീറിനെ തുടരാന്‍ അനുവദിക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുന്നത്. ടി20 ലോകകപ്പിന് ഇനി രണ്ട് മാസം മാത്രമെ ബാക്കിയുള്ളൂവെന്നതും ബിസിസിഐ കണക്കിലെടുത്തു.
എന്നാല്‍ ടെസ്റ്റിലെ ഇന്ത്യയുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് ബിസിസിഐ കോച്ച ഗൗതം ഗംഭീറുമായും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുമായും വിലയിരുത്തുമെന്നും ഉടന്‍ നടപടികളൊന്നും ഉണ്ടാവില്ലെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ഇന്ത്യയിലും ശ്രീലങ്കയിലുമായി ടി20 ലോകകപ്പ് നടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക