
റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ഞായറാഴ്ച തുടക്കമാകുമ്പോള്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. കെ എല്‍ രാഹുല്‍ ക്യാപ്റ്റനാകുന്ന ടീമില്‍ ശുഭ്മാന്‍ ഗില്ലിന്‍റെയും ശ്രേയസ് അയ്യരുടെയും അഭാവത്തിൽ ആരാകും പകരക്കാരായി ടീമിലെത്തുക എന്നാണ ആരാധകര്‍ ഉറ്റുനോക്കുന്നത്.
ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഓപ്പണറായി മുന്‍ നായകന്‍ രോഹിത് ശര്‍മക്കൊപ്പെ യശസ്വി ജയ്സ്വാള്‍ പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യൻ കുപ്പായത്തില്‍ ഇതുവരെ ഒരേയൊരു ഏകദിനത്തില്‍ മാത്രമാണ് ജയ്സ്വാള്‍ കളിച്ചിട്ടുള്ളത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലുണ്ടായിരുന്നെങ്കിലും ജയ്സ്വാളിന് ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.
ഓസ്ട്രേിലയക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും പൂജ്യത്തിന് പുറത്തായ വിരാട് കോലി മൂന്നാം ഏകദിനത്തില്‍ അര്‍ധസെഞ്ചുറി നേടി ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു. കോലി തന്നെയാകും മൂന്നാം നമ്പറില്‍. ശ്രേയസ് അയ്യരുടെ അഭാവത്തില്‍ നാലാം നമ്പറില്‍ ആരാകും ടീമിലെത്തുക എന്നതാണ് ആകാംക്ഷ. തിലക് വര്‍മയോ റിഷഭ് പന്തോ ആകും നാലാം നമ്പറില്‍ ടീമിലെത്തുക എന്നാണ് കരുതുന്നത്. ഈ വര്‍ഷം ഇരുവരും ഇന്ത്യക്കായി ഏകദിനങ്ങളില്‍ കളിച്ചിട്ടില്ല. എന്നാല്‍ ക്യാപ്റ്റൻ രാഹുല്‍ കീപ്പറായി ടീമിലുള്ളതിനാല്‍ റിഷഭ് പന്ത് പുറത്തിരിക്കാനാണ് എല്ലാ സാധ്യതയും.
രാഹുല്‍ അഞ്ചാം നമ്പറിലെത്തുമ്പോൾ രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരാകും ഓള്‍ റൗണ്ടര്‍മാരായി ടീമിലെത്തുക. കുല്‍ദീപ് യാദവ് സ്പെഷ്യലിസ്റ്റ് സ്പിന്നറായി ടീമിലെത്തുമ്പോള്‍ ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിംഗുമാകും ടീമിലെ പേസര്‍മാര്‍. പ്രസിദ്ധ് കൃഷ്ണയും ടീമിലുണ്ടെങ്കിലും ഹര്‍ഷിത് റാണക്ക് തന്നെയായിരിക്കും പ്ലേയിംഗ് ഇലവനില്‍ സാധ്യത.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, തിലക് വർമ്മ, കെഎൽ രാഹുൽ (ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക