റിഷഭ് പന്തിന്‍റെ കാര്യത്തില്‍ ആരാധകര്‍ക്ക് നിരാശ വാര്‍ത്ത

By Web TeamFirst Published Jan 15, 2023, 11:23 AM IST
Highlights

എപ്പോള്‍ സജീവ ക്രിക്കറ്റിലേക്ക് റിഷഭ് പന്തിന് തിരിച്ചുവരാനാകുമെന്ന് ഇപ്പോള്‍ പറയാനാവില്ല

മുംബൈ: കാറപകടത്തില്‍ കാലിന് ഗുരുതരമായി പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് ഏകദിന ലോകകപ്പ് നഷ്‌ടമാകുമെന്ന് ഏതാണ്ടുറപ്പായി. ലോകകപ്പിന് മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കുക റിഷഭിന് വളരെ പ്രയാസമായിരിക്കുമെന്ന് ബിസിസിഐ ഉന്നതന്‍ ഇന്‍സൈഡ്‌ സ്പോര്‍ടിനോട് പറഞ്ഞു. കഴിഞ്ഞ വാരം ശസ്‌ത്രക്രിയക്ക് വിധേയനായ താരം ആറാഴ്‌ചയ്ക്കിടെ അടുത്ത സര്‍ജറിക്ക് വിധേയനാകും. 

എപ്പോള്‍ സജീവ ക്രിക്കറ്റിലേക്ക് റിഷഭ് പന്തിന് തിരിച്ചുവരാനാകുമെന്ന് ഇപ്പോള്‍ പറയാനാവില്ല. പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചുള്ള സൂചനകള്‍ അത്ര നല്ലതല്ല. കുറഞ്ഞത് 8-9 മാസം അദേഹത്തിന് നഷ്‌ടമാകും. ലോകകപ്പിലും കളിക്കാനായേക്കില്ല. അടുത്ത സര്‍ജറി എങ്ങനെയിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍ എന്നും ബിസിസിഐ ഉന്നതന്‍ വ്യക്തമാക്കി. ഐപിഎല്‍ 2023, സെപ്റ്റംബറിലെ ഏഷ്യാ കപ്പ്, ഒക്‌ടോബറിലെ ഏകദിന ലോകകപ്പ് എന്നിവ റിഷഭിന് നഷ്‌ടമായേക്കും. 

ഡിസംബര്‍ 30നുണ്ടായ കാര്‍ അപകടത്തിലാണ് റിഷഭ് പന്തിന് സാരമായി പരിക്കേറ്റത്. വലത് കാല്‍മുട്ടിലെ മൂന്ന് ലിഗമെന്‍ഡിനും പരിക്കേല്‍ക്കുകയായിരുന്നു. ഡെറാ‍ഡൂണിലെ മാക്സ് ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിക്കപ്പെട്ട റിഷഭ് പന്തിനെ ബിസിസിഐ പിന്നീട് എയര്‍ ലിഫ്റ്റ് ചെയ്ത് മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്പോര്‍ട്സ് മെഡിസിന്‍ വിദഗ്ദനായ ഡോ. ദിന്‍ഷാ പര്‍ദിവാലയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് കോകില ബെന്‍ ആശുപത്രിയില്‍ റിഷഭ് പന്തിനെ ചികിത്സിക്കുന്നത്. ജനുവരി എട്ടിന് മൂന്ന് മണിക്കൂറോളം നേരമെടുത്താണ് രണ്ട് ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കിയത്.

ആശുപത്രി വിടുന്നതിന് ശേഷം താരം ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനെ ആശ്രയിച്ചിരിക്കും ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ്. ഒരാഴ്‌ച കൂടി താരം ആശുപത്രിയില്‍ തുടരും എന്നാണ് സൂചന. വോക്കര്‍ ഉപയോഗിച്ച് വരും ദിവസങ്ങളില്‍ റിഷഭ് നടക്കാന്‍ ശ്രമങ്ങള്‍ തുടങ്ങും. ആറാഴ്‌ചയ്ക്കുള്ളില്‍ അടുത്ത ശസ്‌ത്രക്രിയക്കായി താരം ആശുപത്രിയില്‍ മടങ്ങിയെത്തും. 

റിഷഭ് പന്തിന് ഐപിഎല്‍ 2023 നഷ്‌ടമാകുമെന്ന് സ്ഥിരീകരണം; പുതിയ ക്യാപ്റ്റനെ തേടി ഡല്‍ഹി ക്യാപിറ്റല്‍സ്

click me!