ഇന്ത്യന്‍ ടീമിന്റെ ഫോമില്‍ ബിസിസിഐക്ക് ആശങ്ക; ഇംഗ്ലണ്ട് പരമ്പരയ്ക്ക് ശേഷം കര്‍ശന അവലോകനം

Published : Jul 10, 2026, 08:04 PM IST
India T20I Skipper Shreyas Iyer

Synopsis

ടി20 ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ തുടർച്ചയായ മോശം പ്രകടനങ്ങളിൽ ബിസിസിഐക്ക് കടുത്ത അതൃപ്തി. അയർലൻഡിനോടും ഇംഗ്ലണ്ടിനോടും പരമ്പര തോറ്റതിന് പിന്നാലെ, ടീമിന്റെ പ്രകടനത്തിൽ കർശനമായ അവലോകനം നടത്തുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ അറിയിച്ചു.

മുംബൈ: ടി20 ക്രിക്കറ്റിലെ ഇന്ത്യന്‍ ടീമിന്റെ തുടര്‍ച്ചയായ മോശം പ്രകടനങ്ങളില്‍ ബിസിസിഐക്ക് കടുത്ത അതൃപ്തി. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര അവസാനിച്ചാലുടന്‍ ടീമിന്റെ പ്രകടനത്തില്‍ കര്‍ശനമായ അവലോകനം നടത്തുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ വ്യക്തമാക്കി. അയര്‍ലന്‍ഡിനെതിരെ നടന്ന പരമ്പരയില്‍ 2-0ത്തിന് അടിയറവ് പറഞ്ഞതിന് പിന്നാലെയാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ഇന്ത്യ തകര്‍ന്നടിയുന്നത്. ബ്രിസ്റ്റോളില്‍ നടന്ന നാലാം ടി20യില്‍ ഒമ്പത് വിക്കറ്റിന് പരാജയപ്പെട്ടതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ 3-0ത്തിന് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ്.

തുടര്‍ച്ചയായി 16 ടി20 പരമ്പരകള്‍ വിജയിച്ചുനിന്ന ടീമാണ് ഇപ്പോള്‍ അപ്രതീക്ഷിതമായി തകര്‍ച്ചയിലേക്ക് വീണിരിക്കുന്നത്. ടീമിനെ കുറിച്ച് സൈക്കിയയ പറയുന്നതിങ്ങനെ... ''ടീമിന്റെ പ്രകടനത്തില്‍ ഞങ്ങള്‍ വളരെയധികം ആശങ്കാകുലരാണ്. പരമ്പര അവസാനിച്ചാലുടന്‍ ക്യാപ്റ്റനുമായും കോച്ചുമായും ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ എന്താണെന്ന് കണ്ടെത്തി അവ എത്രയും വേഗം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.'' സൈക്കിയ പറഞ്ഞു. ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയ ശേഷം നടന്ന ടീം പുനഃസംഘടനയ്ക്കിടയിലാണ് ഈ തകര്‍ച്ചയെന്നത് കാര്യങ്ങളെ കൂടുതല്‍ ഗുരുതരമാക്കുന്നു.

കഴിഞ്ഞ ആറ് മത്സരങ്ങളില്‍ അഞ്ചെണ്ണത്തിലും ഇന്ത്യ പരാജയപ്പെട്ടു. ലോകകപ്പ് വിജയങ്ങള്‍ക്ക് ശേഷം വലിയൊരു ടീമിനെ വാര്‍ത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു മാനേജ്മെന്റ്. എന്നാല്‍ ഈ പരീക്ഷണങ്ങള്‍ വലിയ തിരിച്ചടിയാണ് നല്‍കുന്നത്. ഈ തോല്‍വികള്‍ ഇന്ത്യയുടെ ടി20 റാങ്കിംഗിലെ ഒന്നാം സ്ഥാനത്തിനും ഭീഷണിയായിരിക്കുകയാണ്. മോശം പ്രകടനങ്ങള്‍ക്കിടയിലും നായകന്‍ ശ്രേയസ് അയ്യര്‍ക്ക് പിന്തുണയുമായി അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ് രംഗത്തെത്തി.

ശ്രേയസ് ബാറ്റിംഗില്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും, ക്യാപ്റ്റന്‍ എന്ന നിലയില്‍ അദ്ദേഹം പക്വത പ്രാപിക്കാന്‍ സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ''ശ്രേയസ് മികച്ചൊരു ക്യാപ്റ്റനാണ്. ടീമിലെ മാറ്റങ്ങള്‍ക്കും പുതിയ നേതൃത്വത്തിനും ഒരല്‍പ്പം സമയം അനുവദിക്കണം. രണ്ട് പരമ്പരകള്‍ തോറ്റ ഉടനെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത് ശരിയായ നടപടിയല്ല. ടീമിലെ എല്ലാവരും ഈ മോശം അവസ്ഥയില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിലാണ്.'' ടെന്‍ ഡോഷേറ്റ് കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച സൗതാംപ്ടണില്‍ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ എങ്കിലും ജയിച്ച് മാനം കാക്കാനാണ് ഇന്ത്യന്‍ ടീം തയ്യാറെടുക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെ; അങ്കത്തട്ടിൽ 156 പ്രതിഭകൾ, ലേലം നിയന്ത്രിക്കാൻ ചാരു ശർമ്മയെത്തും
ഒടുവിൽ ബിസിസിഐ കണ്ണ് തുറക്കുന്നു! വമ്പന്മാരുടെ കസേര ഇളകി തുടങ്ങി, കളിക്കാരുടെയും പരിശീലകരുടെയും പ്രകടനം വിലയിരുത്തും