ഇംഗ്ലണ്ടിനെതിരായ ട്വന്‍റി-20 പരമ്പരയിലെ കനത്ത തോൽവിയെ തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനം ബിസിസിഐ വിലയിരുത്തുന്നു. അയർലൻഡിനോടും അടുത്തിടെ പരമ്പര തോറ്റ സാഹചര്യത്തിൽ, പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും കോച്ച് ഗൗതം ഗംഭീറിന്റെയും പ്രകടനങ്ങൾ നിരീക്ഷണത്തിലാണ്. 

മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്‍റി-20 പരമ്പരയിലെ കനത്ത തോൽവിയെത്തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പ്രകടനത്തെക്കുറിച്ച് ബിസിസിഐ അടിയന്തര വിലയിരുത്തലിനൊരുങ്ങുന്നു. പരമ്പരയിലെ നാലാം മത്സരത്തിലും ദയനീയമായി പരാജയപ്പെട്ടതോടെ കളിക്കാരുടെയും പരിശീലകരുടെയും പ്രകടനം ബിസിസിഐ വിശദമായി പരിശോധിക്കുമെന്നാണ് ബോർഡ് വൃത്തങ്ങളിൽ നിന്നുള്ള സൂചന. ലോകകപ്പ് കിരീടം നിലനിർത്തുന്ന ചാമ്പ്യന്മാരായിരുന്നിട്ടും തുടർച്ചയായി നേരിട്ട രണ്ടാമത്തെ പരമ്പര തോൽവിയാണിത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ടുമുമ്പ് അയർലൻഡിനോടും ഇന്ത്യ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയിരുന്നു. അയർലൻഡിനോട് ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഒരു പരമ്പര തോൽക്കുന്നത്. അനുഭവസമ്പന്നനായ സൂര്യകുമാർ യാദവിനെ മാറ്റി ശ്രേയസ് അയ്യരെ പുതിയ ക്യാപ്റ്റനായി നിയമിച്ച ബിസിസിഐയുടെ പരീക്ഷണത്തിന് കനത്ത തിരിച്ചടിയാണ് ഈ തുടർച്ചയായ പരാജയങ്ങൾ നൽകുന്നത്. ഇതോടെ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്‍റെ സ്ഥാനവും ഇപ്പോൾ നിരീക്ഷണത്തിലാണ്. 2027 വരെ കരാറുണ്ടെങ്കിലും സമീപകാലത്തെ മോശം പ്രകടനം ഗംഭീറിന്‍റെ പരിശീലക സ്ഥാനത്തിന് മേൽ കരിനിഴൽ വീഴ്ത്തിക്കഴിഞ്ഞു.

ബ്രിസ്റ്റോളിൽ നടന്ന നാലാം മത്സരത്തിൽ ഒൻപത് വിക്കറ്റിന്‍റെ കൂറ്റൻ തോൽവിയാണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം വഴങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇംഗ്ലണ്ട് 3-0ന് സ്വന്തമാക്കി. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. തുടർന്ന് നടന്ന രണ്ടാമത്തെ മത്സരത്തിൽ നാല് വിക്കറ്റിനും, മൂന്നാം മത്സരത്തിൽ 125 റൺസിന്റെ വൻ മാർജിനിലും ഇന്ത്യ തകർന്നു. മൂന്നാം മത്സരത്തിൽ 202 റൺസ് പിന്തുടർന്ന ഇന്ത്യ വെറും 76 റൺസിനാണ് ഓൾഔട്ടായത്.

നാലാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുക്കാനേ സാധിച്ചുള്ളൂ. 49 പന്തിൽ 80 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യർ പൊരുതിയെങ്കിലും മറ്റ് ബാറ്റർമാരിൽ നിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ല. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് അനായാസമായാണ് ലക്ഷ്യം കണ്ടത്. വെറും 13.5 ഓവറിൽ അവർ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം തൊട്ടു. 35 പന്തിൽ 79 റൺസെടുത്ത ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്‍റെയും, 42 പന്തിൽ 59 റൺസ് നേടിയ ഫിൽ സാൾട്ടിന്‍റെയും വിനാശകാരിയായ ബാറ്റിംഗാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചറും ജോഷ് ടംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പരമ്പര നഷ്ടമായ സാഹചര്യത്തിൽ അവസാന മത്സരത്തിലെങ്കിലും വിജയിച്ച് മാനംകാക്കാനാണ് ഇന്ത്യ ഇനി ശ്രമിക്കുക. എന്നാൽ പരമ്പര പൂർണ്ണാധിപത്യത്തോടെ അവസാനിപ്പിക്കാനുറച്ചാകും ഇംഗ്ലണ്ട് അവസാന പോരാട്ടത്തിന് ഇറങ്ങുക.