ആശ്വാസ വാര്‍ത്ത; സൗരവ് ഗാംഗുലി ആശുപത്രി വിട്ടു

By Web TeamFirst Published Jan 31, 2021, 12:27 PM IST
Highlights

ഡോ. ദേവി ഷെട്ടി, ഡോ. അശ്വിന്‍ മെഹ്‌ത എന്നിവരുടെ മേല്‍നോട്ടത്തില്‍ കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയില്‍ ഗാംഗുലിയെ രണ്ടാംതവണ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. 

കൊല്‍ക്കത്ത: ഒരു മാസത്തിനിടെ രണ്ടാംതവണ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ പൂര്‍ണ ആരോഗ്യവാനാണ് എന്ന് ആശുപത്രി അറിയിച്ചു. നാല്‍പ്പത്തിയെട്ടുകാരനായ ദാദയെ കഴിഞ്ഞ ബുധനാഴ്‌ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ജനുവരി രണ്ടിന് കൊല്‍ക്കത്തയിലെ വീട്ടിലുള്ള ജിംനേഷ്യത്തില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ഗാംഗുലിക്ക് ആദ്യം നെഞ്ചുവേദന അനുഭവപ്പെട്ടത്. ഹൃദയധമനികളില്‍ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്നാലെ ആദ്യ ആന്‍ജിയോപ്ലാസ്റ്റി കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ നടത്തി. ഏഴാം തിയതി ആശുപത്രി വിട്ട ദാദ ഇതിന് ശേഷം വീട്ടില്‍ വിശ്രമത്തിലിരിക്കേ കഴിഞ്ഞ ബുധനാഴ്‌ച(ജനുവരി 27) വീണ്ടും നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. 

തുടര്‍ന്ന് പ്രമുഖ ഹൃദ്രാഗ വിദഗ്‌ദ്ധരായ ഡോ. ദേവി ഷെട്ടി, ഡോ. അശ്വിന്‍ മെഹ്‌ത എന്നിവരുടെ മേല്‍നോട്ടത്തില്‍ കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയില്‍ ഗാംഗുലിയെ രണ്ടാമത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. ഹൃദയധമനികളില്‍ രണ്ട് സ്റ്റെന്‍റുകള്‍ ഇട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ഗാംഗുലി സാധാരണ നിലയിലേക്ക് തിരിച്ചെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്

click me!