ഒരു മാസത്തിനിടെ രണ്ടാംതവണയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍നായകന്‍ കൂടിയായ സൗരവ് ഗാംഗുലിക്ക് ആന്‍ജിയോപ്ലാസ്റ്റി നടത്തിയത്.  

കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് രണ്ടാംവട്ട ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി റിപ്പോര്‍ട്ട്. അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍നായകന് ഇന്ന് ഡോക്‌ടര്‍മാര്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും.

'സൗരവിന്‍റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ഇന്നലെ നന്നായി ഉറങ്ങി. എല്ലാ അവയവങ്ങളുടേയും പ്രവര്‍ത്തനം സാധാരണനിലയിലാണ്. അവശ്യമായ പരിശോധനകള്‍ രാവിലെ നടത്തും. അദേഹത്തെ വാര്‍ഡിലേക്ക് മാറ്റണോ എന്ന് മുതിര്‍ന്ന ഡോക്‌ടര്‍മാരുടെ മേല്‍നോട്ടത്തിലുള്ള പരിശോധനകള്‍ക്ക് ശേഷം തീരുമാനിക്കും' എന്നും അപ്പോളോ ആശുപത്രി അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 

പ്രമുഖ ഹൃദ്രാഗ വിദഗ്‌ദ്ധരായ ഡോ. ദേവി ഷെട്ടി, ഡോ. അശ്വിന്‍ മെഹ്‌ത എന്നിവരുടെ മേല്‍നോട്ടത്തില്‍ കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയില്‍ ഇന്നലെയായിരുന്നു ഒരു മാസത്തിനിടെ രണ്ടാംതവണ ഗാംഗുലിയുടെ ആന്‍ജിയോപ്ലാസ്റ്റി. ഹൃദയധമനികളില്‍ രണ്ട് സ്റ്റെന്‍റുകള്‍ ഇട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. നാല്‍പ്പത്തിയെട്ടുകാരനായ ഗാംഗുലി വ്യാഴാഴ്‌ച രാത്രി ഐസിയുവിലായിരുന്നു.

ജനുവരി രണ്ടിന് കൊല്‍ക്കത്തയിലെ വീട്ടിലുള്ള ജിംനേഷ്യത്തില്‍ പരിശീലനം നടത്തുന്നതിനിടെയാണ് ഗാംഗുലിക്ക് ആദ്യം നെഞ്ചുവേദന അനുഭവപ്പെട്ടത്. ഹൃദയധമനികളില്‍ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിന്നാലെ ആദ്യ ആന്‍ജിയോപ്ലാസ്റ്റി കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ നടത്തി. ഏഴാം തിയതി ആശുപത്രി വിട്ട ദാദ ഇതിന് ശേഷം വീട്ടില്‍ വിശ്രമത്തിലിരിക്കേയാണ് കഴിഞ്ഞ ബുധനാഴ്‌ച(ജനുവരി 27) വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടത്. 

ഗാംഗുലിയെ വീണ്ടും ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി