Latest Videos

ഷമിക്കെതിരായ അറസ്റ്റ് വാറണ്ട്; നിലപാട് വ്യക്തമാക്കി ബിസിസിഐ

By Web TeamFirst Published Sep 2, 2019, 9:43 PM IST
Highlights

കുറ്റപത്രം കാണുന്നതുവരെ ഷമിക്കെതിരെ നടപടിയൊന്നും സ്വീകരിക്കില്ലെന്ന് ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിക്കെതിരായ അറസ്റ്റ് വാറണ്ടില്‍ നിലപാട് വ്യക്തമാക്കി ബിസിസിഐ. കുറ്റപത്രം കാണുന്നതുവരെ ഷമിക്കെതിരെ നടപടിയൊന്നും സ്വീകരിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് ഇന്ന് ഷമിക്കെതിരെ കൊല്‍ക്കത്തയിലെ അലിപോര്‍ സിജെഎം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 

പ‍തിനഞ്ച് ദിവസത്തിനകം കീഴടങ്ങുകയോ ജാമ്യമെടുക്കുകയോ ചെയ്യണമെന്നാണ് വാറണ്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. വെസ്റ്റ് ഇന്‍‍ഡീസിനെതിരെ ടെസ്റ്റ് പരമ്പര കളിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പമാണ് ഷമിയിപ്പോള്‍. ഷമിയുടെ സഹോദരന്‍ ഹസിദ് അഹ്മദിനെതിരേയും വാറണ്ടുണ്ട്. ഐപിസി 498 എ പ്രകാരമാണ് ഷമിക്കും സഹോദരനുമെതിരെ കേസെടുത്തിരിക്കുന്നത്. ഹസിന്റെ പരാതിയില്‍ ഷമി ഇതുവരെ കോടതിയില്‍ ഹാജരായിട്ടില്ല. ഇതേ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

പരസ്‌ത്രീ ബന്ധവും ക്രിക്കറ്റിലെ ഒത്തുകളിയും അടക്കം നിരവധി ആരോപണങ്ങളും ഹസിന്‍ ജഹാന്‍ ഷമിക്കെതിരെ ഉന്നയിച്ചിരുന്നു. പരസ്‌ത്രീ ബന്ധം തെളിയിക്കാനായി ഷമിയുടെ ഫോണിലെ ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകളും ഹസിന്‍ ജഹാന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. കൊല്‍ക്കത്ത പൊലീസാണ് താരത്തിനെതിരായ ചാര്‍ജ് ഷീറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ഐപിസി 498A, 354A എന്നിവ പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. 

click me!