
മുംബൈ: ടി20 ലോകകപ്പിലെ ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളിൽ കളിക്കില്ലെന്ന് അറിയിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് മറുപടിയുമായി ബിസിസിഐ. ഓരോ ടീമുകളുടെ ഇഷ്ടത്തിന് അനുസരിച്ച് ലോകകപ്പ് മത്സരക്രമം മാറ്റാൻ കഴിയില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പേസ് ബൗളർ മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കിയതോടെയാണ് ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധത്തിൽ വിള്ളൽ വീണത്.
താരലേലത്തിൽ 9.20 കോടി രൂപയ്ക്കാണ് മുസ്തഫിസുറിനെ കെ കെ ആർ സ്വന്തമാക്കിയത്. എന്നാല്‍ മുസ്തഫിസുറിനെട ടീമിലെടുത്തതിനെതിരെ ബിജെപി നേതാക്കൾ ഉൾപ്പടെയുള്ളവർ രംഗത്തെത്തി. പിന്നാലെ മുസ്തഫിസുറിനെ ടീമിൽ നിന്നൊഴിവാക്കാൻ ബിസിസിഐ നൈറ്റ് റൈഡേഴ്സിനോട് ആവശ്യപ്പെട്ടു. ഇതോടെയാണ് ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചത്.
സുരക്ഷാകാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ടി20 ലോകകപ്പിൽ ഇന്ത്യ വേദിയാവുന്ന ബംഗ്ലാദേശിന്‍റെ മത്സരങ്ങൾ മാറ്റണമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെട്ടത്. എന്നാൽ ഓരോ ടീമിന്‍റെ താൽപര്യത്തിന് അനുസരിച്ച് ലോകകപ്പ് വേദിമാറ്റാൻ കഴിയില്ലെന്നാണ് ഇതിന് ബിസിസിഐ മറുപടി നൽകിയത്. ലോകകപ്പ് നിരവധി ടീമുകൾ മത്സരിക്കുന്ന ടൂർണമെന്‍റാണ്. എല്ലാ ടീമുകൾക്കുള്ള വിമാന ടിക്കറ്റുകളും ഹോട്ടലുകളും ബുക്ക് ചെയ്തതാണ്. ഇതെല്ലാം പെട്ടെന്ന് മാറ്റാൻ കഴിയില്ലെന്നും ബിസിസിഐ വ്യക്തമാക്കി.
ലോകകപ്പിൽ വെസ്റ്റ് ഇൻഡീസ്, ഇറ്റലി, ഇംഗ്ലണ്ട് എന്നിവർക്കെതിരെ കൊൽക്കത്തയിൽ കളിക്കേണ്ട ബംഗ്ലാദേശിന്‍റെ അവസാന ഗ്രൂപ്പ് മത്സരം നേപ്പാളിനെതിരെ മുംബൈയിലാണ്. മുസ്തഫിസുറിനെ ഒഴിവാക്കിയതോടെ ബംഗ്ലാദേശിൽ ഐപിഎൽ മത്സരങ്ങളുടെ സംപ്രേഷണം അനുവദിക്കരുതെന്ന് ബിസിബി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഇന്ത്യയില്‍ കളിക്കാനില്ലെന്ന നിലപാടില്‍ ബംഗ്ലാദേശ് ഉറച്ചു നിന്നാല്‍ ഐസിസി ബംഗ്ലാദേശിന്‍റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റാന്‍ നിര്‍ബന്ധിതരാകുമെന്നാണ് കരുതുന്നത്. നിലവില്‍ പാകിസ്ഥാന്‍റെ മത്സരങ്ങള്‍ക്കെല്ലാം ശ്രീലങ്കയാണ് വേദിയാവുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!