പ്രതിഫലം ഏകീകരിച്ചതില്‍ ഒതുങ്ങുന്നില്ല, രഞ്ജിയില്‍ കളി നിയന്ത്രിക്കാന്‍ ഇനി വനിതാ അമ്പയര്‍മാരും

By Web TeamFirst Published Dec 6, 2022, 2:38 PM IST
Highlights

ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രഞ്ജി ട്രോഫിയിലെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ മുതലാകും വനിതാ അമ്പയര്‍മാര്‍ കളി നിയന്ത്രിക്കാനെത്തുക. ഇന്ത്യ-ഓസ്ട്രേലിയ വനിതാ ടി20 പരമ്പര നിയന്ത്രിക്കേണ്ടതുള്ളതുകൊണ്ടാണ് മൂന്ന് പേര്‍ക്കും ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായത്.  വൃന്ദ രതി, ജനനി നാരായണന്‍ എന്നിവര്‍ നേരത്തെ അണ്ടര്‍ 23 സികെ നായിഡു പുരുഷ താരങ്ങളുടെ മത്സരം നിയന്ത്രിച്ചിട്ടുണ്ട്.    

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളുടെ മാച്ച് ഫീ പുരുഷ താരങ്ങളുടേതിന് തുല്യമാക്കി ചരിത്രപരമായ തീരുമാനത്തിന് പിന്നാലെ ലിംഗനീതി ഉറപ്പാക്കുന്ന കൂടുതല്‍ നടപടികളുമായി ബിസിസിഐ. രഞ്ജി ട്രോഫി മത്സരങ്ങളില്‍ വനിതാ അമ്പയര്‍മാരെ നിയോഗിക്കാനൊരുങ്ങുകയാണ് ബിസിസിഐ. ഇത്തവണത്തെ രഞ്ജി സീസണില്‍ തന്നെ വനിതാ അമ്പയര്‍മാരെ കളി നിയന്ത്രിക്കാനായി നിയോഗിക്കാനാണ് ബിസിസിഐയുടെ തീരുമാനം. വൃന്ദ രതി, ജനനി നാരായണന്‍, ഗായത്രി വേണുഗോപാലന്‍ എന്നിവരാണ് രഞ്ജി മത്സരങ്ങളില്‍ അമ്പയര്‍മാരായി അരങ്ങേറി ചരിത്രം കുറിക്കാനൊരുങ്ങുന്നത്.

തമിഴ്നാട് സ്വദേശിയായ ജനനി സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്. മുംബൈയില്‍ സ്കോററായി കരിയര്‍ തുടങ്ങിയ വൃന്ദ രതി ന്യൂസിലന്‍ഡ് അമ്പയര്‍ കാത്തി ക്രോസിനെ കണ്ടുമുട്ടിയശേഷമാണ് അമ്പയറിംഗിലേക്ക് തിരിഞ്ഞത്. ബിസിസിഐയുടെ അമ്പയര്‍ പരീക്ഷ പാസായാണ് ഗായത്രി വരുന്നത്. മൂന്ന് പേരും ഈ രഞ്ജി സീസണില്‍ തന്നെ അരങ്ങേറ്റം കുറിക്കും. വനിതാ താരങ്ങളുടെ മത്സരങ്ങള്‍ മാത്രമല്ല പുരുഷ താരങ്ങളുടെ മത്സരങ്ങളും വനിതാ താരങ്ങള്‍ നിയന്ത്രിക്കുന്ന കാലം വിദൂരത്തല്ലെന്നും ബിസിസിഐ പ്രതിനിധി ഇന്ത്യന്‍ എക്സ്‌പ്രസിനോട് പറഞ്ഞു.

രോഹിത്തിന് വര്‍ഷം ഏഴ് കോടി, ഹര്‍മന്‍പ്രീതിന് 50 ലക്ഷം! വാര്‍ഷിക കരാറിലെ അന്തരം ഇപ്പോഴും ബാക്കി

ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രഞ്ജി ട്രോഫിയിലെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ മുതലാകും വനിതാ അമ്പയര്‍മാര്‍ കളി നിയന്ത്രിക്കാനെത്തുക. ഇന്ത്യ-ഓസ്ട്രേലിയ വനിതാ ടി20 പരമ്പര നിയന്ത്രിക്കേണ്ടതുള്ളതുകൊണ്ടാണ് മൂന്ന് പേര്‍ക്കും ആദ്യ റൗണ്ട് മത്സരങ്ങള്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായത്.  വൃന്ദ രതി, ജനനി നാരായണന്‍ എന്നിവര്‍ നേരത്തെ അണ്ടര്‍ 23 സികെ നായിഡു പുരുഷ താരങ്ങളുടെ മത്സരം നിയന്ത്രിച്ചിട്ടുണ്ട്.    

ഒക്ടോബറിലാണ് ലിംഗ സമത്വം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി വനിതാ താരങ്ങളുടെ മാച്ച് ഫീ പുരുഷ താരങ്ങളുടേതിന് തുല്യമാക്കി ബിസിസിഐ ചരിത്ര തീരുമാനം പ്രഖ്യാപിച്ചത്.  ടെസ്റ്റില്‍ 15 ലക്ഷവും ഏകദിനത്തില്‍ 6 ലക്ഷവും രാജ്യാന്തര ടി20യില്‍ 3 ലക്ഷവുമാണ് പുരുഷ താരങ്ങള്‍ക്ക് ഓരോ മത്സരങ്ങള്‍ക്കും ലഭിച്ചിരുന്നത്. ഇതാണ് വനിതാ താരങ്ങള്‍ക്കും ലഭ്യമാക്കുന്നത്. എന്നാല്‍ വാർഷിക പ്രതിഫലത്തിന്‍റെ കാര്യത്തില്‍ പുതിയ പ്രഖ്യാപനമൊന്നുമില്ല.

ചരിത്ര തീരുമാനം; ഇനി ഇന്ത്യന്‍ ക്രിക്കറ്റില്‍ പുരുഷ-വനിതാ താരങ്ങള്‍ക്ക് തുല്യ മാച്ച് ഫീ

2017ലെ വനിതാ ഏകദിന ലോകകപ്പിന് ശേഷം വിസ്മയ വളർച്ചയാണ് വനിതാ ക്രിക്കറ്റ് രാജ്യത്ത് കാഴ്ചവെക്കുന്നത്. മത്സര വിജയങ്ങളുടെ മാത്രമല്ല, ആരാധക പിന്തുണയിലും അത്ഭുതാവഹമായ വളർച്ച പ്രകടമാണ്. ഇതിന്‍റെ ചുവടുപിടിച്ച് അടുത്ത വർഷം മുതല്‍ വനിതാ ഐപിഎല്‍ തുടങ്ങാന്‍ ബിസിസിഐ വാർഷിക യോഗം അടുത്തിടെ തീരുമാനം കൈക്കൊണ്ടിരുന്നു. അഞ്ച് ടീമുകളാണ് വനിതാ ഐപിഎല്ലില്‍ മാറ്റുരയ്ക്കുക.

click me!