ഇന്ത്യന്‍ താരങ്ങള്‍ക്കിടയിലുള്ള ലിംഗ സമത്വം ഉറപ്പാക്കുന്നതിനും വിവേചനം അവസാനിപ്പിക്കാനുള്ള ആദ്യ നടപടിയുമായാണ് ഈ തീരുമാനമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്രപരമായ തീരുമാനവുമായി ബിസിസിഐ. ഇന്ത്യന്‍ പുരുഷ, വനിതാ താരങ്ങളുടെ മാച്ച് ഫീ തുല്യമായി ഏകീകരിച്ചു. ഇതോടെ പുരുഷ താരങ്ങള്‍ക്ക് സമാനമായ മാച്ച് ഫീ കരാറിലുള്ള വനിതാ താരങ്ങള്‍ക്ക് ലഭിക്കും. ടെസ്റ്റില്‍ 15 ലക്ഷവും ഏകദിനത്തില്‍ 6 ലക്ഷവും രാജ്യാന്തര ടി20യില്‍ 3 ലക്ഷവുമാണ് വനിതാ താരങ്ങള്‍ക്ക് ഓരോ മത്സരങ്ങള്‍ക്കും പുരുഷന്‍മാരുടേതിന് സമാനമായി പ്രതിഫലം ഇനി മുതല്‍ ലഭിക്കുക. എന്നാല്‍ വാർഷിക പ്രതിഫലത്തിന്‍റെ കാര്യത്തില്‍ പുതിയ പ്രഖ്യാപനമൊന്നുമില്ല. 

ഇന്ത്യന്‍ താരങ്ങള്‍ക്കിടയിലുള്ള ലിംഗ സമത്വം ഉറപ്പാക്കുന്നതിനും വിവേചനം അവസാനിപ്പിക്കാനുള്ള ആദ്യ നടപടിയുമായാണ് ഈ തീരുമാനമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ യുഗത്തിന് തുടക്കമാകും എന്നും അദേഹം വ്യക്തമാക്കി.

Scroll to load tweet…
Scroll to load tweet…

വളരുന്ന വനിതാ ക്രിക്കറ്റ്

അടുത്തിടെ വനിതാ ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ തകർത്ത് ഇന്ത്യന്‍ ടീം കിരീടം നേടിയിരുന്നു. ബംഗ്ലാദേശില്‍ നടന്ന ടൂർണമെന്‍റില്‍ എട്ട് വിക്കറ്റിനായിരുന്നു ഹർമന്‍പ്രീത് കൗറിന്‍റേയും കൂട്ടരുടേയും വിജയം. കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ മെഡലും ഇത്തവണ വനിതാ ടീം സ്വന്തമാക്കി. ഫൈനലില്‍ ഓസീസിനോട് തോറ്റ ഇന്ത്യന്‍ വനിതകള്‍ വെള്ളി അണിയുകയായിരുന്നു. 

2017ലെ വനിതാ ഏകദിന ലോകകപ്പിന് ശേഷം വിസ്മയ വളർച്ചയാണ് വനിതാ ക്രിക്കറ്റ് രാജ്യത്ത് കാഴ്ചവെക്കുന്നത്. മത്സര വിജയങ്ങളുടെ മാത്രമല്ല, ആരാധക പിന്തുണയിലും അത്ഭുതാവഹമായ വളർച്ച പ്രകടമാണ്. ഇതിന്‍റെ ചുവടുപിടിച്ച് അടുത്ത വർഷം മുതല്‍ വനിതാ ഐപിഎല്‍ തുടങ്ങാന്‍ ബിസിസിഐ വാർഷിക യോഗം അടുത്തിടെ തീരുമാനം കൈക്കൊണ്ടിരുന്നു. അഞ്ച് ടീമുകളാണ് വനിതാ ഐപിഎല്ലില്‍ മാറ്റുരയ്ക്കുക. 

എങ്ങനെ ടീമില്‍ നില്‍ക്കുന്നു, 35 പന്തില്‍ 50 നേടിയാല്‍ ട്വിറ്റർ ഡിലീറ്റ് ചെയ്യും; ബാവുമയെ പൊരിച്ച് ഫാന്‍സ്