Latest Videos

നാല് കളിക്കാരെ അര്‍ജ്ജുന പുരസ്കാരത്തിന് ശുപാര്‍ശ ചെയ്ത് ബിസിസിഐ

By Web TeamFirst Published Apr 27, 2019, 3:22 PM IST
Highlights

2009ല്‍ ഇന്ത്യക്കായി അരങ്ങേറിയ ജഡേജ 41 ടെസ്റ്റിലും 151 ഏകദിനത്തിലും 40 ടി20 മത്സരങ്ങളിലും കളിച്ചു. മൂന്ന് ഫോര്‍മാറ്റിലുമായി രാജ്യാന്തര ക്രിക്കറ്റില്‍ 400 വിക്കറ്റുകളാണ് ജഡേജയുടെ സമ്പാദ്യം.

മുംബൈ: കായികരംഗത്തെ മികവിനുള്ള അര്‍ജ്ജുന പുരസ്കാരത്തിനായി ഒരു വനിതാ താരം അടക്കം നാല് താരങ്ങളെ ശുപാര്‍ശ ചെയ്ത് ബിസിസിഐ. ഇന്ത്യന്‍ വനിതാ ടീം അംഗം പൂനം യാദവിന് പുറമെ പുരുഷ ടീം അംഗങ്ങളായ രവീന്ദ്ര ജഡേജ, മുഹമ്മഷ് ഷമി, ജസ്പ്രീത് ബൂമ്ര എന്നിവരെയാണ് ബിസിസിഐ ഈ വര്‍ഷത്തെ അര്‍ജ്ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്തത്.

2013ല്‍ ഇന്ത്യക്കായി അരങ്ങേറ്റംകുറിച്ച പൂനം യാദവ് ഒരു ടെസ്റ്റിലും 41 ഏകദിനത്തിലും 54 ടി20 മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. ലെഗ് ബ്രേക്ക് ബൗളറായ പൂനത്തിന്റെ പേരില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 140 വിക്കറ്റുകളുണ്ട്. 2009ല്‍ ഇന്ത്യക്കായി അരങ്ങേറിയ ജഡേജ 41 ടെസ്റ്റിലും 151 ഏകദിനത്തിലും 40 ടി20 മത്സരങ്ങളിലും കളിച്ചു. മൂന്ന് ഫോര്‍മാറ്റിലുമായി രാജ്യാന്തര ക്രിക്കറ്റില്‍ 400 വിക്കറ്റുകളാണ് ജഡേജയുടെ സമ്പാദ്യം.

കുടുംബപ്രശ്നങ്ങളും ഫോമില്ലായ്മയും കാരണം ടീമിന് പലപ്പോഴും പുറത്തായ മുഹമ്മദ് ഷമി ഓസ്ട്രേലിയന്‍ പര്യടനത്തിലൂടെയാണ് ടീമില്‍ സ്ഥാനം ഉറപ്പിച്ചത്. ഇന്ത്യക്കായി 40 ടെസ്റ്റിലും 63 ഏകദിനത്തിലും ഏഴ് ടി20 മത്സരങ്ങളിലും കളിച്ച ഷമി 235 വിക്കറ്റുകളും സ്വന്തമാക്കി.സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച പേസറായ ജസ്പ്രീത് ബൂമ്ര ഇന്ത്യക്കായി 10 ടെസ്റ്റിലും 49 ഏകദിനങ്ങളിലും 42 ടി20 മത്സരങ്ങളിലുമാണ് ഇതുവരെ കളിച്ചത്. രാജ്യാന്തര ക്രിക്കറ്റില്‍ 185 വിക്കറ്റുകളാണ് ബുമ്രയുടെ സമ്പാദ്യം.

click me!