ആദ്യം ഭീകരാക്രമണം നിര്‍ത്തൂ; സുരക്ഷ ആവശ്യപ്പെട്ട പാക് ക്രിക്കറ്റ് ബോര്‍ഡിന് ബിസിസിഐയുടെ മറുപടി

By Web TeamFirst Published Jun 26, 2020, 11:09 AM IST
Highlights

ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് കളിക്കാന്‍ സുരക്ഷ ഉറപ്പാക്കണെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യത്തിന് മറുപടിയുമായി ബിസിസിഐ.

മുംബൈ: ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പ് കളിക്കാന്‍ സുരക്ഷ ഉറപ്പാക്കണെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യത്തിന് മറുപടിയുമായി ബിസിസിഐ. പിസിബിയുടെ ഭാഗത്ത് നിന്ന് ഭീകരാക്രമണങ്ങളൊന്നുമുണ്ടാവില്ലെന്ന് ഉറപ്പ് ഇങ്ങോട്ടും എഴുതി നല്‍കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ലോകകപ്പ് ക്രിക്കറ്റ് കളിക്കാന്‍ വരുന്നതിന് സുരക്ഷ, വീസ എന്നീ കാര്യങ്ങളില്‍ ബിസിസിഐയുടെ ഉറപ്പ് വേണമെന്ന് പിസിബി സിഇഒ വാസിം ഖാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനാണ് ബിസിസിഐ മറുപടി നല്‍കിയത്.

ബിസിസിഐ വക്താവ് പറയുന്നതിങ്ങനെ. ''പിസിബിയും ചില കാര്യങ്ങള്‍ ഞങ്ങള്‍ എഴുതി ഉറപ്പ് നല്‍കണം. പുല്‍വാമയിലേത് പോലെ ഇനി ആക്രമണങ്ങളുണ്ടാവില്ല, പാകിസ്ഥാനില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റമില്ല, പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. തുടങ്ങിയ കാര്യങ്ങളില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കണം. ഇന്ത്യയുടെ താല്‍പര്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന ഏജന്റിനെപ്പോലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പെരുമാറരുത്.'' ബിസിസിഐ പ്രതിനിധി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോടു പ്രതികരിച്ചു.

2021 ട്വന്റി20 ലോകകപ്പും 2023 ഏകദിന ലോകകപ്പും ഇന്ത്യയിലാണ് നടക്കുന്നത്. ബിസിസിഐയുടെ ഉറപ്പു ലഭിക്കുന്നതിനായി ഇപ്പോള്‍ തന്നെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സമീപിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം വാസിം ഖാന്‍ പറഞ്ഞിരുന്നു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

click me!