
മുംബൈ: ഒളി ക്യാമറ വിവാദത്തില്‍ കുടുങ്ങി രാജിവെക്കേണ്ടിവന്ന സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്ന ചേതന്‍ ശര്‍മുടെ പകരക്കാരനെ ബിസിസിഐ ഉടന്‍ പ്രഖ്യാപിക്കില്ലെന്ന് റിപ്പോര്‍ട്ട്. ചേതന്‍ ശര്‍മയുടെ പകരക്കാരനായി സെലക്ഷന്‍ കമ്മിറ്റി അംഗം ശിവ് സുന്ദര്‍ ദാസിനെ ബിസിസിഐ താല്‍ക്കാലിക ചെയര്‍മാനായി നിയമിച്ചിരുന്നു. ഐപിഎല്‍ വരെ ശിവ് സുന്ദര്‍ ദാസ് തന്നെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി തുടരും.
ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റിനുള്ള ടീമിനെയും ടെസ്റ്റ് പരമ്പരക്കുശേഷം നടക്കുന്ന ഏകദിന പരമ്പരക്കുള്ള ടീമിനെയും സെലക്ഷന്‍ കമ്മിറ്റി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇനി ഐപിഎല്‍ വരെ മറ്റ് പരമ്പരകള്‍ ഒന്നും ഇല്ലാത്തതിനാല്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെ തിരക്കിട്ട് പ്രഖ്യാപിക്കേണ്ടെന്നാണ് ബിസിസിഐ നിലപാട്.ഓസ്ട്രേലിയയെ തോല്‍പ്പിച്ച് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുകയാണെങ്കില്‍ ജൂണില്‍ നടക്കുന്ന ഫൈനലിനുള്ള ടീമിനെ തെരഞ്ഞെടുക്കുകയാണ് സീനിയര്‍ ടീം സെലക്ഷന്‍ കമ്മിറ്റിയുടെ അടുത്ത ചുമതല.
രഞ്ജി ട്രോഫി മത്സരങ്ങള്‍ പൂര്‍ത്തിയായതിനാല്‍ ഐപിഎല്ലില്‍ മാത്രം സെലക്ടര്‍മാര്‍ക്ക് ഇനി ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മതിയാകും. ശിവ് സുന്ദര്‍ ദാസ് ഉള്‍പ്പെടെ നാലു പേരാണ് ഇപ്പോള്‍ സെലക്ഷന്‍ കമ്മിറ്റിയലുള്ളത്. അതേസമയം, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പുതിയൊരാളെ പരിഗണിക്കുമ്പോള്‍ പുതിയ അപേക്ഷ ക്ഷണിക്കണോ, അതോ നിലവിലുള്ള അപേക്ഷകള്‍ പരിഗണിക്കണോ എന്ന ആശയക്കുഴപ്പവും ബിസിസിഐക്ക് ഉണ്ട്.
ഡിസംബറില്‍ അപേക്ഷ ക്ഷണിച്ചപ്പോള്‍ നിരവധി മുന്‍ താരങ്ങള്‍ അപേക്ഷിച്ചിരുന്നുവെങ്കിലും നിലവിലെ ചെയര്‍മാനായിരുന്ന ചേതന്‍ ശര്‍മയെ നിലനിര്‍ത്താന്‍ അപ്രതീക്ഷിതമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഒളി ക്യാമറ ഓപ്പറേഷനില്‍ ചേതന്‍ ശര്‍മ നടത്തിയ വെളിപ്പെടുത്തലുകള്‍ സീനിയര്‍ താരങ്ങളുടെ അതൃപ്തിക്ക് കാരണമാകുകയും ബിസിസിഐയെ പ്രതികൂട്ടില്‍ നിര്‍ത്തുകയും ചെയ്തിരുന്നു.