ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം ഇന്ന്; പ്രതീക്ഷയോടെ വിജയ് ഹസാരെ ട്രോഫിയിലെ മിന്നും താരങ്ങള്‍

By Web TeamFirst Published Mar 16, 2021, 2:24 PM IST
Highlights

കര്‍ണാടക പേസര്‍ പ്രസിദ്ധ് കൃഷ്ണ, ക്രുനാല്‍ പാണ്ഡ്യ എന്നിവരെ പതിനെട്ടംഗ ടീമിലേക്ക് പരിഗണിക്കുമെന്നാണ് സൂചന. ഈമാസം 23നും 26നും 28നും പൂനെയിലാണ് ഏകദിന മത്സരങ്ങള്‍ നടക്കുക.

ദില്ലി: ഇംഗ്ലണ്ടിനെതിരായ ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയ കര്‍ണാടകയുടെ മലയാളിതാരം ദേവ്ദത്ത് പടിക്കല്‍, മുംബൈ താരം പൃഥ്വി ഷാ എന്നിവരെ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയില്ല. എന്നാല്‍ കര്‍ണാടക പേസര്‍ പ്രസിദ്ധ് കൃഷ്ണ, ക്രുനാല്‍ പാണ്ഡ്യ എന്നിവരെ പതിനെട്ടംഗ ടീമിലേക്ക് പരിഗണിക്കുമെന്നാണ് സൂചന. ഈമാസം 23നും 26നും 28നും പൂനെയിലാണ് ഏകദിന മത്സരങ്ങള്‍ നടക്കുക.

ഐപിഎല്ലിന് മുമ്പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന അവസാന അന്താരാഷ്ട്ര മത്സരങ്ങളായിരിക്കുമിത്. സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ടീമിനൊപ്പം തുടരും. ഇരുവര്‍ക്കും വിശ്രമം അനുവദിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ മുഹമ്മദ് ഷമിയെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. എന്നാല്‍ വിരലിന് പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പരമ്പര നഷ്ടമാവും. ജഡേജ പരിശീലനം ആരംഭിച്ചെങ്കിലും ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാലേ പൂര്‍ണമായും ഫിറ്റാവൂ എന്നാണ് വിലയിരുത്തല്‍. 

കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ എന്നീ ഓപ്പണര്‍മാര്‍ ഇപ്പോല്‍ തന്നെ ടീമിലുണ്ട്. ഇതിനിടെ ദേവ്ദത്ത്, പൃഥ്വി എന്നിവരെ തിരഞ്ഞെടുക്കുക ബുദ്ധിമുട്ടായിരിക്കും. മോശം ഫോമിലുള്ള ധവാന മാറ്റിയാല്‍ മാത്രമേ ഇവരില്‍ ആരെങ്കിലും ടീമിലെത്തൂ. ഇനി ധവാന്‍ പുറത്തായാല്‍ ഇടങ്കയ്യനായ ദേവ്ദത്തിനെയാണ് പരിഗണിക്കുക. 

മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, നവ്ദീപ് സൈനി, ഷാര്‍ദുള്‍ താക്കൂര്‍ എന്നിവര്‍ക്കൊപ്പം പ്രസിദ്ധും ടീമിലെത്തിയേക്കും. ജസ്പ്രീത് ബുമ്രയ്ക്ക് പകരമാണ് പ്രസിദ്ധ് എത്തുക. വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ക്രുനാല്‍ പാണ്ഡ്യയേയും പരിഗണിക്കും. രവീന്ദ്ര ജഡേജയില്ലാത്തത് പാണ്ഡ്യയുടെ സാധ്യത വര്‍ധിപ്പിക്കും. വിജയ് ഹസാരെയില്‍ മികച്ച ബൗളിങ് പുറത്തെടുത്തു ശിവം ശര്‍മ (21 വിക്കറ്റ്), അസ്രാന്‍ നാഗ്വസ്വല്ല (19) എന്നിവരേയും പരിഗണിക്കില്ല. 

click me!