Latest Videos

കാണികള്‍ക്ക് പ്രവേശനമില്ല; ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടി20 ഇന്ന്

By Web TeamFirst Published Mar 16, 2021, 11:12 AM IST
Highlights

മത്സരങ്ങള്‍ക്കായി ടിക്കറ്റ് എടുത്തവര്‍ക്ക് പൈസ തിരികെ നല്‍കുമെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്.

അഹമ്മദാബാദ്: ഇന്ത്യ- ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ ശേഷിച്ച മൂന്ന് മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കില്ല. കൊവിഡ് പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് തീരുമാനം. മത്സരങ്ങള്‍ക്കായി ടിക്കറ്റ് എടുത്തവര്‍ക്ക് പൈസ തിരികെ നല്‍കുമെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിലാണ് എല്ലാ മത്സരങ്ങളും നടക്കുന്നത്. ആദ്യ മത്സരത്തിന് 67,532 പേരും രണ്ടാം മത്സരത്തിന് 66,000പേരും കളികാണാനെത്തിയിരുന്നു.

അതേസമയം, പരമ്പരയിലെ മൂന്നാം ട്വന്റി20 ഇന്ന് നടക്കും. വൈകിട്ട് ഏഴിനാണ് മത്സരം. രണ്ട് കളി പിന്നിട്ടപ്പോള്‍ ഒരോ ജയവുമായി ഇന്ത്യയും ഇംഗ്ലണ്ടും ഒപ്പത്തിനൊപ്പം. ഇംഗ്ലണ്ട് എട്ട് വിക്കറ്റ് ജയത്തോടെ തുടങ്ങിയപ്പോള്‍ ഏഴ് വിക്കറ്റ് വിജയവുമായി ഇന്ത്യയുടെ മറുപടി. കഴിഞ്ഞ മത്സരത്തില്‍ അപ്രതീക്ഷിത മാറ്റങ്ങളുമായി ഇറങ്ങിയ ഇന്ത്യന്‍ ടീമില്‍ ഇന്നും മാറ്റത്തിന് സാധ്യത. 

രണ്ട് കളിയിലും നിരാശപ്പെടുത്തിയ കെ എല്‍ രാഹുലിന് പകരം വിശ്രമം നല്‍കിയ രോഹിത് ശര്‍മ തിരിച്ചെത്തിയേക്കും. അരങ്ങേറ്റം ഗംഭീരമാക്കിയ ഇഷാന്‍ കിഷനൊപ്പം ക്യാപ്റ്റന്‍ വിരാട് കോലിയും ഫോമില്‍ തിരിച്ചെത്തി. റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ എന്നിവര്‍കൂടി ചേരുമ്പോള്‍ മധ്യനിരയും ശക്തം. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ നാലോവറും പന്തെറിഞ്ഞതോടെ ഇന്ത്യക്ക് ബാറ്റിംഗ് നിരയുടെ കരുത്ത് കൂട്ടാം. 

ഭുവനേശ്വര്‍ കുമാര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരടങ്ങിയ ബൗളിംഗ് നിരയില്‍ പരീക്ഷണത്തിന് സാധ്യതയില്ല. പരുക്ക് മാറിയ മാര്‍ക് വുഡ് ഇംഗ്ലീഷ് നിരയില്‍ തിരിച്ചെത്തും. ജേസണ്‍ റോയ്, ജോസ് ബട്‌ലര്‍, ഓയിന്‍ മോര്‍ഗന്‍, ഡേവിഡ് മാലന്‍, ജോണി ബെയ്ര്‍‌സ്റ്റോ, ബെന്‍ സ്റ്റോക്‌സ് എന്നിവരില്‍ രണ്ടുപേര്‍ നിലയുറപ്പിച്ചാല്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാവും.

click me!