ഐപിഎല്‍ നടത്താന്‍ അനുമതി തേടി ബിസിസിഐ കേന്ദ്രത്തെ സമീപിക്കും

By Web TeamFirst Published Jul 21, 2020, 11:03 AM IST
Highlights

ഐപിഎല്‍ നടത്താന്‍ അനുമതി തേടി ബിസിസിഐ ഉടന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി യുഎഇയില്‍ നടത്താനാണ് നീക്കം.
 

മുംബൈ: ഐപിഎല്‍ നടത്താന്‍ അനുമതി തേടി ബിസിസിഐ ഉടന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി യുഎഇയില്‍ നടത്താനാണ് നീക്കം. താരങ്ങളെ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തിക്കും. 14 ദിവസത്തെ നിരീക്ഷണ കാലാവധിയും കൊവിഡ് ടെസ്റ്റും നടത്തിയ ശേഷമാണ് ടൂര്‍ണമെന്റ് നടത്തുക. താരങ്ങളെ ബയോ സെക്യുര്‍ ബബിളില്‍ താമസിപ്പിക്കും.  

ഐസിസി ഈവര്‍ഷം നടത്താനിരുന്ന ടി20 ലോകകപ്പ് മാറ്റി വെച്ച സാഹചര്യത്തിലാണ് ഐപിഎല്‍ നടത്താന്‍ ബിസിസിഐ സാധ്യത തേടിയിരിക്കുന്നത്. ഐപിഎല്‍ യുഎഇയിലേക്ക് മാറ്റുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിനായി ടീമുകള്‍ ഒരുക്കങ്ങളും തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ലോകകപ്പ് സംബന്ധിച്ച് ഐസിസി ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കും വരെ ബിസിസിഐ കാത്തിരിക്കുകയായിരുന്നു. 

ചില ഫ്രാഞ്ചൈസികള്‍ യുഎഇയില്‍ താരങ്ങളെ താമസിപ്പിക്കാനുള്ള ഹോട്ടലുകള്‍ തിരയുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മാത്രമല്ല, ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായുള്ള ശ്രമങ്ങളും തുടങ്ങികഴിഞ്ഞു. ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. അബുദാബിയിലാണ് ഫ്രാഞ്ചൈസി താമസിക്കാന്‍ ആലോചികുന്നത്.

ടീമില്‍ കളിക്കുന്ന വിദേശ താരങ്ങള്‍ ആദ്യം ഇന്ത്യയില്‍ വരണെന്നാണ് ഫ്രാഞ്ചൈസികള്‍ പറയുന്നത്. ഇവിടെ ബയോ സെക്യൂര്‍ സിസ്റ്റത്തില്‍ കഴിഞ്ഞ ശേഷമെ യുഎഇയിലേക്ക് പറക്കൂ. താരങ്ങളെ നേരിട്ട് യുഎഇയിലേക്ക് വരാന്‍ അനുവദിക്കില്ലെന്നുമാണ് വാര്‍ത്തകള്‍.

click me!