ക്രിക്കറ്റോ ഫുട്‌ബോളോ കബഡിയോ, എന്തുമാകട്ടെ; കളി പറയാന്‍ മുഹമ്മദ് ഷിയാസ് റെഡി, അനുഭവം പങ്കുവച്ച് മലയാളി കമന്റേറ്റര്‍

Published : Sep 04, 2025, 09:46 PM IST
Shias KCL

Synopsis

 ഐപിഎൽ, ഐസിസി ലോകകപ്പ് തുടങ്ങിയ മത്സരങ്ങളുടെ മലയാളം കമന്ററിയിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ഷിയാസ്, കളിയുടെ ആവേശം പകരുന്നതിൽ ഏറെ ശ്രദ്ധ ചെലുത്തുന്നു.

തിരുവനന്തപുരം: ക്രിക്കറ്റോ- ഫുട്‌ബോളോ കളിയേതായാലും, താരങ്ങളുടെ ചലനങ്ങളും ഭാവങ്ങളും കളിയിലെ കാര്യങ്ങളും വളരെ സിംപിളായും പവര്‍ഫുള്ളായും പങ്കുവെച്ച് ക്രിക്കറ്റ് ആരാധകരുടെ കയ്യടി നേടുകയാണ് കൊല്ലം സ്വദേശി മുഹമ്മദ് ഷിയാസ്. ഐപിഎല്‍, ഐസിസി ലോകകപ്പ് ഉള്‍പ്പെടെയുള്ള മത്സരങ്ങളുടെ മലയാളം കമന്ററി പറയുന്ന ഷിയാസ് ഇത്തവണ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ കെസിഎല്ലിന്റെ തിരക്കിലാണ്. മത്സരങ്ങള്‍ അവസാന ലാപ്പിലേക്കെത്തുമ്പോള്‍ കമന്ററിയിലൂടെ പ്രേക്ഷകരെ ആവേശത്തില്‍ ആറാടിക്കുന്ന ഷിയാസിന്റെ കളിപറച്ചില്‍ വിശേഷങ്ങള്‍ അറിയാം

മാധ്യമ പ്രവര്‍ത്തനത്തില്‍ നിന്നായിരുന്നു തുടക്കമെന്ന് ഷിയാസ് പറയുന്നു. 2017-ല്‍ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന സമയത്താണ് താന്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയുടെ ഭാഗമാകുന്നത്. മഞ്ഞപ്പട ഡല്‍ഹി വിങ്ങിലുണ്ടായിരുന്ന നിഖില്‍ വഴി ഐഎസ്എല്ലിനു കമന്റേറ്ററെ നോക്കുന്നുണ്ടെന്നറിയുന്നത്. താത്പര്യമറിയിച്ചപ്പോള്‍ എറണാകുളത്ത് വച്ച് ഓഡിഷന്‍. ആദ്യ സീസണില്‍ അഞ്ചു മത്സരങ്ങളുടെ ഭാഗമായി. ന്യൂസ് റൂമില്‍ നിന്ന് കമന്ററി ബോക്‌സിലെത്തിയ ആളായിരുന്നതിനാല്‍ ന്യൂസ് റീഡിങ്ങും ലൈവ് റിപ്പോര്‍ട്ടിങ്ങും സ്ഥിരമായി ചെയ്തിരുന്നത് കൊണ്ട് കമന്ററി വലുതായി ബുദ്ധിമുട്ടിച്ചില്ല. പക്ഷെ വെല്ലുവിളികള്‍ ഉണ്ടായിരുന്നു.

കളി നടക്കുമ്പോ താരങ്ങള്‍ ആരൊക്കെ എന്ന് കണ്ടെത്താന്‍ കുറച്ചു ബുദ്ധിമുട്ടി. പിന്നെ വര്‍ഷങ്ങളായി കളി കാണുകയും കളിക്കുകയും ചെയ്യുന്നുണ്ട്. വീട്ടില്‍ അച്ഛന്‍ കടുത്ത കായിക പ്രേമിയാണ്. കുട്ടിക്കാലത്ത് ലോകകപ്പ് ഫുട്‌ബോളും സന്തോഷ് ട്രോഫിയുമൊക്കെ മുടങ്ങാതെ കാണുമായിരുന്നു അതു കൊണ്ട് തന്നെ പണ്ടു മുതല്‍ക്കെ ജീവിതത്തിന്റെ ഭാഗമാണ് എല്ലാ സ്‌പോര്‍ട്‌സും. പ്രധാനമായും പ്രീമിയര്‍ ലീഗിലാണ് ഇപ്പോള്‍ കമന്ററി പറയുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ലീഗിലെ മലയാളം കമന്ററി എളുപ്പമാണെന്ന് കരുതിയെങ്കിലും അങ്ങനല്ലായിരുന്നു കാര്യങ്ങള്‍. സാധാരണയേക്കാള്‍ അതിവേഗ ഫുട്‌ബോളാണ് പ്രീമിയര്‍ ലീഗില്‍.

ടീമുകളും താരങ്ങളും കളികളുമൊക്കെ ഒരു ലെവലിന് അപ്പുറത്താണ്. ടീമുകള്‍ക്ക് പറയാന്‍ വര്‍ഷങ്ങളുടെ ചരിത്രമുണ്ട് റെഫര്‍ ചെയ്യാന്‍ ഒരുപാടുണ്ട്. എല്ലാ മത്സരങ്ങളും കൃത്യമായി കാണാറുള്ളത് പിടിവള്ളിയായി. വീട്ടില്‍ കേബിള്‍ ടി.വി. എടുത്തത് മുതല്‍ പ്രീമിയര്‍ ലീഗ് കാണുന്നു. അന്നു മുതല്‍ അത് മുടക്കിയിട്ടേ ഇല്ല. പെട്ടന്നൊരു ദിവസം പ്രീമിയര്‍ ലീഗ് മലയാളം കമന്ററി ചെയ്യാന്‍ വിളി വന്നപ്പോള്‍ ത്രില്ലടിച്ചു പോയി. പ്രീമിയര്‍ ലീഗ് ചെയ്തതിനു ശേഷമാണ് കുറേകൂടി സാങ്കേതികമായി കളി പഠിക്കണമെന്ന് തോന്നുന്നത്. അങ്ങനെയാണ് ബാഴ്സിലോണ അക്കാഡമിയില്‍ നിന്ന് ഫുട്‌ബോള്‍ അനലറ്റിക്‌സ് പഠിക്കുന്നത്. ഫുട്‌ബോളിനൊപ്പം ക്രിക്കറ്റ് കമന്ററിയും പ്രിയപ്പെട്ടതാണ്.

അധികം ബഹളമില്ലാത്ത കമന്ററിയാണ് ക്രിക്കറ്റില്‍. ഐപിഎല്‍, ഐസിസി ലോകകപ്പ് ഉള്‍പ്പെടെ ഒരുപാടു മത്സരങ്ങള്‍ ചെയ്തു, ഇപ്പോള്‍ കേരള ക്രിക്കറ്റ് ലീഗ് ചെയ്യുന്നു. നമ്മുടെ സ്വന്തം ക്രിക്കറ്റ് താരങ്ങളുടെ കളി പറയുന്നത് എപ്പോഴും സ്‌പെഷ്യലാണ്. കൂടെ കമന്ററി പറഞ്ഞിരുന്ന താരങ്ങളില്‍ കുറേപ്പര്‍ കെഎസിഎല്‍ പരിശീലകരാണ്. ഫുട്‌ബോളില്‍ നിന്ന് ക്രിക്കറ്റ് വേറൊരു വേഗമാണ്. ഒരിക്കല്‍ പ്രോകബഡി കമന്ററി ചെയ്തു അത് ഫുട്‌ബോളിനേക്കാള്‍ വേഗത്തിലാണ് പോകുന്നതെന്നും ഷിയാസ് പറയുന്നു.

കമന്ററി ബോക്‌സിലെ എല്ലാവരുമായും നല്ല അടുപ്പമായി. കളിയെപ്പറ്റി ഏറ്റവും നന്നായി പഠിക്കാന്‍ പറ്റുന്നത് അതാത് മേഖലകളിലെ എക്‌സ്‌പേര്‍ട്ടുകളില്‍ നിന്നാണ്. ഫുട്‌ബോളില്‍ ജോ പോള്‍ അഞ്ചേരി, എന്‍.പി പ്രദീപ്, ജിജു ജേക്കബ് ഇവരോടൊപ്പമാണ് കൂടുതല്‍ മത്സരങ്ങള്‍ പറഞ്ഞിരിക്കുന്നത്. ക്രിക്കറ്റിലേക്ക് വരുമ്പോ ഓരോ നിമിഷവും പുതിയ കാര്യങ്ങള്‍ പഠിച്ചു കൊണ്ടിരിക്കും. ഞാന്‍ തുടങ്ങിയ സമയത്ത് പി.ബാലചന്ദ്രന്‍ സാറിനൊപ്പം കളി പറഞ്ഞിട്ടുണ്ട്. വളരെ ബേസിക്‌സ് വരെ പ്രേക്ഷകര്‍ക്ക് മനസിലാകുന്ന രീതിയാലാണ് അദ്ദേഹം പറയുന്നത്. ഫുട്‌ബോളുമായി നോക്കുമ്പോ ക്രിക്കറ്റിന്റെ ടീം വളരെ വലുതാണ്.

ഇപ്പോള്‍ കെസിഎല്ലില്‍ വി.എ ജഗദീഷ്, രോഹന്‍ പ്രേം, റഫീഖ് എന്നിവര്‍ക്കൊപ്പമാണ് കമന്ററി. മറ്റ് ക്രിക്കറ്റ് കമന്റേറ്റേഴ്‌സ് പരിശീലകരുടെ റോളിലാണ് കെസിഎല്ലില്‍. സോണി ചെറുവത്തൂര്‍, സി.എം ദീപക്, റൈഫി വിന്‍സന്റ് ഗോമസ്, മനു കൃഷ്ണന്‍ അങ്ങനെ ഒരു വലിയ ടീമാണ് ക്രിക്കറ്റില്‍ ഓരോരുത്തരുടെ അടുത്തു നിന്നും എന്തൊക്കെ എടുക്കാമോ അതൊക്കെ ഉള്‍ക്കൊള്ളിക്കാറുണ്ടെന്നതിനാല്‍ റോള്‍ മോഡലെന്നൊന്നും പറയാനാകില്ല. പീറ്റര്‍ ഡ്യൂറി, മാര്‍ട്ടിന്‍ ടെയ്ലര്‍ തുടങ്ങി ഇംഗ്ലീഷ് കമന്റേറ്റേഴ്‌സിനെ ഇഷ്ടമാണ്.

ഫോര്‍മുല 1 കമന്റേറ്ററായിരുന്ന മറീ വാക്കറുടെ രീതിയും ഏറെ ഇഷ്ടം എന്നിരുന്നാലും മലയാളം കമന്ററിക്ക് ഒരു വഴി വെട്ടിയത് ഷൈജു ദാമോദരനാണ്. ഞാനുള്‍പ്പെടെയുള്ളവര്‍ ആ വഴിയിലൂടെ നടക്കുന്നവരാണ്. കമന്ററി ഇന്‍സ്പിറേഷന്‍ അവിടെ നിന്നാണ്. പല ഫൈനലുകളും വലിയ മത്സരങ്ങളും ചെയ്‌തെങ്കിലും ആദ്യ മത്സരം ട്വിസ്റ്റുകള്‍ നിറഞ്ഞതായിരുന്നെന്ന് ഷിയാസ് ഓര്‍മിക്കുന്നു. അന്ന് എ.ടി.കെ ഗോവ മത്സരമാണ് എട്ടു മണിക്ക് തുടങ്ങേണ്ട മത്സരം ഗോവന്‍ ടീം വരാന്‍ വൈകിയതിനെ തുടര്‍ന്ന് വൈകി 10:45നാണ് തുടങ്ങിയത്.

ആദ്യ കളി തന്നെ വെള്ളത്തിലായല്ലോ എന്നോര്‍ത്ത് ടെന്‍ഷനായി. പക്ഷെ എപ്പോഴും അപ്രതീക്ഷിതമായ ചില കാര്യങ്ങള്‍ കരുതിയിരക്കണമെന്ന് അന്ന് പഠിച്ചു. പിന്നീട് തയാറെടുപ്പുകള്‍ കാര്യമായി നടത്തും. കളിക്കുന്ന താരത്തിന്റെ പ്രൊഫൈല്‍ നന്നായി അറിയാന്‍ ശ്രമിക്കും. പിന്നെ ടീമിന്റെ ചരിത്രം. പക്ഷെ ഇതൊക്കെ അഡീഷനല്‍ ഇന്‍ഫോര്‍മേഷനാണ്. എന്റെ ശ്രദ്ധ പ്രധാനമായും കളിയിലാണ്. പ്രേക്ഷകര്‍ നമ്മുടെ കൂടെ കളി കാണുന്നവരാണ് അവരുടെ ശ്രദ്ധയില്‍ ചില കാര്യങ്ങള്‍ വന്നെന്നു വരില്ല.

മലയാളം കമന്ററിയില്‍ പഞ്ച് ലൈനും പാട്ടുകളുമൊക്കെ ഉള്‍പ്പെടുത്താറുണ്ട്. പക്ഷെ ഞാന്‍ അതൊന്നും എഴുതി വച്ച് നിര്‍ബന്ധമായും പറഞ്ഞേ പറ്റു എന്ന വാശിയില്‍ കുത്തി നിറയ്ക്കാറില്ല. കളിയുടെ ഒഴുക്കിനെതിരെ ആവരുത് കളി വിവരണം എന്നതാണ് എന്റെ ഫിലോസഫിയെന്നും ഷിയാസ് പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

തകര്‍ത്തടിച്ച് പാകിസ്ഥാന്‍, അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടപ്പോരില്‍ ഇന്ത്യക്കെതിരെ മികച്ച തുടക്കം
കോമ്പിനേഷനാണ് മെയിൻ, ഗില്ലിനെ വെറുതെ തട്ടിയതല്ല; ലോകകപ്പ് ടീം തിരഞ്ഞെടുപ്പിലെ ബ്രില്യൻസ്