
ധരംശാല: ധരംശാല ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ആദ്യ സെഷനില്‍ രോഹിത്തിനെയും ശുഭ്മാന്‍ ഗില്ലിനെയും വീഴ്ത്താനാവാതെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ പന്തെറിഞ്ഞ് തളർന്നപ്പോൾ രണ്ടാം സെഷൻ തുടക്കത്തില്‍ ബൗളിംഗ് മാറ്റമായി എത്തിയതായിരുന്നു ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ്. കാല്‍മുട്ട് ശസ്ത്രക്രിയക്ക് ശേഷം പന്തെറിഞ്ഞിട്ടില്ലാത്ത ബെന്‍ സ്റ്റോക്സ് പരമ്പരയിലാദ്യമായാണ് ബൗള്‍ ചെയ്യാനെത്തിയത്. ഇതിന് മുമ്പും സ്റ്റോക്സ് ബൗള്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ടെസ്റ്റുകളിലൊന്നും സ്റ്റോക്സ് ബൗളിംഗ് പരീക്ഷണത്തിന് മുതിര്‍ന്നിരുന്നില്ല.
അതുകൊണ്ടു തന്നെ രണ്ടാം ദിനം ലഞ്ചിന് ശേഷം സ്റ്റോക്സ് പന്തെടുത്തപ്പോള്‍ വെറുതെ ഒരു ബൗളിംഗ് ചേഞ്ച് എന്ന് മാത്രമായിരുന്നു ഇംഗ്ലണ്ട് താരങ്ങള്‍ പോലും കരുതിയത്.പക്ഷെ മാസങ്ങള്‍ക്ക് ശേഷം എറിയുന്ന തന്‍റെ ആദ്യ പന്തില്‍ തന്നെ സെഞ്ചുറിയുമായി ക്രീസില്‍ നിന്ന ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ക്ലീന്‍ ബൗള്‍ഡാക്കി സ്റ്റോക്സ് ഇന്ത്യൻ ആരാധകരെ മാത്രമല്ല ഇംഗ്ലണ്ട് താരങ്ങളെപ്പോലും ശരിക്കും ഞെട്ടിച്ചു.
കോലി ഇല്ലെങ്കിലെന്താ, 15 വര്‍ഷത്തിനുശേഷം ആദ്യമായി ടോപ് ക്ലാസായി ഇന്ത്യയുടെ ടോപ് ഫൈവ്
ഓഫ് ആന്‍ഡ് മിഡില്‍ സ്റ്റംപില്‍ പിച്ച് ചെയ്ത സ്റ്റോക്സിന്‍റെ പന്ത് രോഹിത്തിന്‍റെ ഓഫ് സ്റ്റംപിളക്കിയപ്പോള്‍ അതുവരെ ഇംഗ്ലണ്ടിനായി മരിച്ചു പന്തെറിഞ്ഞിട്ടും വിക്കറ്റ് വീഴ്ത്താന്‍ കഴിയാതിരുന്ന മാര്‍ക്ക് വുഡും ജെയിംസ് ആന്‍ഡഡേഴ്സണുമെല്ലാം ചിരിയോടെ ഇത്ര സിംപിളായിരുന്നോ എന്ന അര്‍ത്ഥത്തില്‍ തലയില്‍ കൈവെക്കുന്നതും കാണാമായിരുന്നു. എന്നാല്‍ രോഹിത്തിന്‍റെ വിക്കറ്റ് വീഴ്ത്തിയതിന്‍റെ ആവേശമൊന്നും സ്റ്റോക്സ് പുറത്തെടുത്തില്ല. രോഹിത് ആകട്ടെ അവിശ്വസനീയതോടെ കുറച്ചുനേരം നിന്നശേഷമാണ് ക്രീസ് വിട്ടത്.
രോഹിത് പുറത്തായതിന് പിന്നാലെ സമാനമായൊരു പന്തില്‍ ജെയിംസ് ആന്‍ഡേഴ്സണ്‍ സെഞ്ചുറിയുമായി ക്രീസില്‍ നിന്ന ശുഭ്മാന്‍ ഗില്ലിനെയും മടക്കിയെങ്കിലും പിന്നീടെത്തിയ സര്‍ഫറാസ് ഖാനും ദേവ്ദത്ത് പടിക്കലും ക്രീസിലുറച്ചതോടെ ഇംഗ്ലണ്ട് പ്രതീക്ഷകള്‍ തെറ്റി. 2023 ജൂണിന് ശേഷം ആദ്യമായാണ് സ്റ്റോക്സ് ബൗള്‍ ചെയ്യുന്നത്. രണ്ടാം ദിനം അഞ്ചോവര്‍ പന്തെറിഞ്ഞ സ്റ്റോക്സ് 17 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. സ്റ്റോക്സിന്‍റെ ടെസ്റ്റ് കരിയറിലെ 198-ാം വിക്കറ്റാണ് രോഹിത്തിന്‍റെത്. ഗില്ലിനെ വീഴ്ത്തിയ ആന്‍ഡേഴ്സണാകട്ടെ ടെസ്റ്റ് കരിയറില്‍ 699 വിക്കറ്റ് തികച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!