ഡിസംബര്‍-ജനുവരി മാസങ്ങളില്‍ മത്സരക്രമം തീരുമാനിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് രാജിവ് ശുക്ല പറഞ്ഞു.
ദില്ലി: ലക്നൗ ഏക്നാ സ്റ്റേഡിയത്തില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ നാലാം മത്സരം കനത്ത മഞ്ഞുവീഴ്ച മൂലം ഉപേക്ഷിച്ചതിനെച്ചൊല്ലി പാര്‍ലമെന്‍റിലും കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാദപ്രതിവാദം. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ശശി തരൂരും കോണ്‍ഗ്രസ് നേതാവും ബിസിസിഐ വൈസ് പ്രസിഡന്‍റുമായ രാജീവ് ശുക്ലയുമാണ് മത്സരം ഉപേക്ഷിച്ചതിനെച്ചൊല്ലി പാര്‍ലമെന്‍റില്‍ വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടത്.
ഡിസംബര്‍-ജനുവരി മാസങ്ങളില്‍ മത്സരക്രമം തീരുമാനിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് രാജിവ് ശുക്ല പറഞ്ഞു. പ്രത്യേകിച്ച് ഡിസംബര്‍ 15 മുതല്‍ ജനുവരി 15 വരെയുള്ള സമയങ്ങളില്‍ ഉത്തരേന്ത്യയില്‍ മത്സരങ്ങള്‍വെക്കുമ്പോള്‍ എന്ന് രാജീവ് ശുക്ല പറഞ്ഞപ്പോഴാണ് ശശി തരൂര്‍ മറുപടി നല്‍കിയത്. ജനുവരിയിലെ മത്സരങ്ങള്‍ മഞ്ഞുവീഴ്ച തുടങ്ങിയ പ്രശ്നങ്ങളൊന്നുമില്ലാത്ത കേരളത്തിലേക്ക് മാറ്റാമല്ലോ എന്ന് ശശി തരൂര്‍ ചോദിച്ചു.
എന്നാല്‍ ബിസിസിഐ റൊട്ടേഷന്‍ പോളിസി പ്രകാരം കേരളത്തിന് മത്സരങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നും ഇനിയും അത് അനുവദിക്കുമെന്നും ശുക്ല മറുപടി നല്‍കി. കേരളത്തിന് മത്സരങ്ങള്‍ അനുവദിക്കുന്ന കാര്യമല്ല, ഡിസംബര്‍ 15 മുതല്‍ ജനുവരി 15വരെയുള്ള സമയങ്ങളിലെ മത്സരക്രമം തീരുമാനിക്കുമ്പോൾ കൂടുതല്‍ ശ്രദ്ധ വേണമെന്നാണ് താന്‍ പറഞ്ഞതെന്നും കേരളത്തിന് റൊട്ടേഷന്‍ പോളിസി അനുസരിച്ച് മത്സരങ്ങള്‍ അനുവദിക്കുമെന്നും രാജിവ് ശുക്ല പറഞ്ഞു. എന്നാല്‍ ശൈത്യകാല വിന്‍ഡോയില്‍ കേരളത്തില്‍ മത്സരങ്ങള്‍ നടത്തുന്നതിന് തടസമില്ലെന്ന് തരൂര്‍ ആവര്‍ത്തിച്ചപ്പോള്‍ എന്നാല്‍ പിന്നെ എല്ലാ മത്സരങ്ങളും കേരളത്തില്‍ നടത്താമെന്നായിരുന്നു ശുക്ലയുടെ മറുപടി.
ലക്നൗ ഏക്നാ സ്റ്റേഡിയത്തില്‍ ഇന്നലെ നടക്കേണ്ടിയിരുന്ന മത്സരം കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്നുള്ള കാഴ്ചപരിമിതി മൂലം ഉപേക്ഷിക്കുകയായിരുന്നു. അമ്പയര്‍മാര്‍ രാത്രി 9.30വരെ മത്സരം നടത്താനാവുമോ എന്ന് പരിശോദിച്ചെങ്കിലും സാഹചര്യങ്ങള്‍ മെച്ചപ്പെടാത്തതിനാല്‍ മത്സരം ഉപേക്ഷിച്ചു. ഈ മാസങ്ങളില്‍ ഉത്തരേന്ത്യൻ നരഗങ്ങളില്‍ കനത്ത പുകമഞ്ഞുണ്ടാവുമെന്ന് അറിഞ്ഞിട്ടും ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ മത്സരങ്ങളുടെ വേദിയായി കട്ടക്, ചണ്ഡീഗഡ്, ധരംശാല, ലക്നൗ, അഹമ്മദാബാദ് തുടങ്ങിയ ഉത്തരേന്ത്യൻ നഗരങ്ങളെ ബിസിസിഐ നിശ്ചയിച്ചതിനെതിരെ ആരാധകരും രംഗത്തെത്തിയിരുന്നു.


