അശ്വിന്റെ മുന്നില്‍ വീണു, വാര്‍ണര്‍ക്ക് കൂട്ടായി സ്റ്റോക്‌സും; നാണക്കേടിന്റെ റെക്കോഡ്

By Web TeamFirst Published Feb 16, 2021, 1:47 PM IST
Highlights

അശ്വിന് മുന്നില്‍ ഏറ്റവും കൂടുതല്‍ തവണ കീഴടങ്ങുന്ന താരമായിരിക്കുകയാണ് സ്‌റ്റോക്‌സ്. കൂട്ടിന് മറ്റൊരാളും കൂടിയുണ്ട്. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍.

ചെന്നൈ: ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന് മുന്നില്‍ വീണ്ടും മുട്ടുമടക്കി ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. ഇതോടെ ഒരു മോശം റെക്കോഡും ലോക ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറെ തേടിയെത്തി. അശ്വിന് മുന്നില്‍ ഏറ്റവും കൂടുതല്‍ തവണ കീഴടങ്ങുന്ന താരമായിരിക്കുകയാണ് സ്‌റ്റോക്‌സ്. കൂട്ടിന് മറ്റൊരാളും കൂടിയുണ്ട്. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഇരുവരും ഇടങ്കയ്യന്മാരാണെന്നുള്ളത് മറ്റൊരു രസകരമായ വസ്തുത. 

51 പന്തില്‍ എട്ട് രണ്‍സാണ് ചെന്നൈ ടെസ്റ്റിന്റെ രണ്ടാം ടെസ്റ്റില്‍ നേടിത്. പിന്നാലെ അശ്വന്റെ പന്തില്‍ സെക്കന്‍ഡ് സ്ലിപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കി. ആദ്യ ഇന്നിങ്‌സില്‍ സ്‌റ്റോക്‌സിന്റെ സ്റ്റംപെടുക്കുകയായിരുന്നു  അശ്വിന്‍. അതും മനോഹരമായ ഒരു പന്തില്‍. രണ്ട് തവണ പുറത്തായപ്പോഴും സ്‌റ്റോക്‌സ് എത്രത്തോളം നിരാശനായിരുന്നവെന്ന് അദ്ദേഹത്തിന്റെ മുഖം പറയുന്നുണ്ടായിരുന്നു. ഈ പരമ്പരയില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് അശ്വിന് മുന്നില്‍ സ്റ്റോക്‌സ് പുറത്താവുന്നത്. 

അശ്വിന്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരങ്ങളില്‍ ആദ്യ അഞ്ച് പേരും ഇടങ്കയ്യന്മാരാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. സ്റ്റോക്‌സിനും വാര്‍ണര്‍ക്കും തൊട്ടുത്താഴെ മുന്‍ ഇംഗ്ലീഷ് താരം അലിസ്റ്റര്‍ കുക്കുണ്ട്. ഒമ്പത് തവണ കുക്ക് അശ്വിന് മുന്നില്‍ കീഴടങ്ങി. ഇംഗ്ലീഷ് ബൗളര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍ ഏഴ് തവണയും വീണു. ഓസീസ് താരം എഡ് കോവനും ഇത്രയും തവണ പുറത്തായിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ താരം ഡീന്‍ എല്‍ഗാറും ആദ്യ അഞ്ചിലുണ്ട്്. ആറ് തവണ എല്‍ഗാര്‍ പുറത്തായി.

ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 317 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ മൂന്ന്് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒപ്പമെത്തി. മൂന്നാം ടെസ്റ്റ്  24 മുതല്‍ 28 വരെ അഹമ്മദാബാദില്‍ നടക്കും.

click me!