
മെൽബൺ: വർഷം കുറച്ച് പിന്നിലേക്ക് പോയി കണ്ണോടിച്ച് നോക്കിയാൽ ഒരാൾ തല താഴ്ത്തി കുനിഞ്ഞിരിക്കുന്നത് കാണാം. കൃത്യമായി പറഞ്ഞാൽ ആറ് വർഷങ്ങൾക്ക് മുമ്പ് ഇതുപോലൊരു ദിനത്തിലാണ് അത് സംഭവിച്ചത്. കുട്ടി ക്രിക്കറ്റിന്‍റെ വിശ്വ പോരാട്ടം ആവേശത്തിന്‍റെ കൊടുമുടിയിൽ നിൽക്കെ ഇംഗ്ലണ്ടിന്‍റെ വിശ്വസ്തനായ ഓൾ റൗണ്ടർ പന്തെറിയാനെത്തി. ഒരോവറിൽ 19 റൺസ് വിട്ടുകൊടുക്കാതിരുന്നാൽ വിശ്വകിരീടം ഇംഗ്ലണ്ടിന് സ്വന്തമാകും. പക്ഷെ ഒന്നിന് പിന്നാലെ ഒന്നായി നാലു പന്തും ബ്രാത് വെയ്റ്റ് അതിർത്തിക്ക് മുകളിലൂടെ പറത്തിയപ്പോൾ ഇംഗ്ലിഷ് ജനതയുടെ സ്വപ്നം ചീട്ടുകൊട്ടാരം പോലെ തകർന്നു വീണു. പന്തെറിഞ്ഞ ഓൾ റൗണ്ടർ വിശ്വസ്തനിൽ നിന്ന് വില്ലനായി മാറി. ഓരോ പന്തും അതിർത്തിക്ക് മുകളിലൂടെ പറക്കുമ്പോൾ അയാൾ നിരാശനായി, തകർന്ന്, തോറ്റവനെപോലെ മണ്ണിൽ മുട്ടുകുത്തി ഇരുന്നു. ഒറ്റയ്ക്ക് ഒരു കലാശക്കളി തോൽപ്പിച്ചവനായി മാറി.
അന്നേ അയാൾ മനസിൽ കുറിച്ചിട്ടുകാണും ആ പ്രതികാരം. ആറ് വർഷങ്ങൾക്കിപ്പുറം ഇംഗ്ലിഷ് ടീം കുട്ടിക്രിക്കറ്റിന്‍റെ വിശ്വ പരീക്ഷ ജയിച്ച് കിരീടവും ഉയർത്തി നിൽക്കുമ്പോൾ ഏവർക്കും മുകളിലായി അയാളും അയാളുടെ ആഹ്ളാദവും അന്തരീക്ഷത്തിൽ മുഴങ്ങി കേൾക്കാം, കാണാം. കാരണം വിശ്വ ക്രിക്കറ്റ് പോരാട്ടത്തിന്‍റെ കലാശപോരിൽ അയാൾ ഒരിക്കൽ ഒറ്റയ്ക്ക് ടീമിനെ പരാജയപ്പെടുത്തിയെങ്കിൽ, അന്ന് കുറിച്ചിട്ട പ്രതികാരത്തിൽ നിന്ന് രണ്ടാം വട്ടവും തന്‍റെ ടീമിനെ ഒറ്റയ്ക്ക് ജയിപ്പിച്ച് കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ്. അധുനിക ക്രിക്കറ്റിലെ ഏറ്റവും വിലകൂടിയ ഓൾ റൗണ്ടർ താൻ തന്നെയാണെന്ന പ്രഖ്യാപനം കൂടിയാണ് ഇന്ന് തല ഉയർത്തി, അന്തരീക്ഷത്തിലേക്ക് ഉയർന്ന് ബാറ്റുവീശി ബെൻ സ്റ്റോക്സ് എന്ന 31 കാരൻ പ്രഖ്യാപിച്ചിരിക്കുന്നത്.
2019 ഏകദിന ലോകകപ്പിന്‍റെ ഫൈനലിലാണ് ബെൻ സ്റ്റോക്സ് ഏറക്കുറെ അസാധ്യമെന്ന് തോന്നിച്ച ലക്ഷ്യത്തിലേക്ക് ഒറ്റയ്ക്ക് പൊരുതി ഇംഗ്ലണ്ടിന് ആദ്യമായി വിശ്വകിരീടം സമ്മാനിച്ചത്. 98 പന്തിൽ 86 റൺസെടുത്ത് പുറത്താകാതെ നിന്ന ബെൻ സ്റ്റോക്സ് ന്യൂസിലൻഡ് ഉയർത്തിയ 241 ലക്ഷ്യത്തിനൊപ്പം ഇംഗ്ലണ്ടിനെ എത്തിക്കുകയായിരുന്നു. സൂപ്പർ ഓവറിലും സ്റ്റോക്സ് മികവ് തുടർന്നതോടെ ഇംഗ്ലണ്ടിന് കപ്പ് സ്വന്തമാകുകയായിരുന്നു. അന്ന് വിശ്വം ജയിച്ച പോരാളി ആയെങ്കിലും സ്റ്റോക്സിന്‍റെ പ്രതികാരം അവസാനിച്ചിരുന്നില്ല. പിന്നെയും ഒറ്റയ്ക്ക് ഇംഗ്ലണ്ടിനെ സ്റ്റോക്സ് ചുമലിലേറ്റിയിട്ടുണ്ട്. വിഖ്യാതമായ ആഷസ് പരമ്പരയിലെ തകർപ്പൻ സെഞ്ചുറി ആരും മറന്നിട്ടുണ്ടാകില്ല.
വീണ്ടും ബെന്‍ സ്‌റ്റോക്‌സിന്റെ ബിഗ് ഷോ! ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്ഥാന്‍ വീണു, ഇംഗ്ലണ്ടിന് കിരീടം
ഇപ്പോഴിതാ പാക്കിസ്ഥാനെ തകർത്ത് ഇംഗ്ലണ്ട് ടി 20 ലോക കിരീടം ഉയർത്തുമ്പോഴും വിജയശിൽപ്പിയായി സ്റ്റോക്സ് തല ഉയർത്തി നിൽക്കുകയാണ്. ടി 20 യിലെ തന്‍റെ ആദ്യ അർധ സെഞ്ചുറി നേടിയാണ് സ്റ്റോക്സ് ടീമിന് വിജയം സമ്മാനിച്ചത്. പാക്കിസ്ഥാൻ ഉയർത്തിയ 138 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് 19 ഓവറില്‍ മറികടക്കുമ്പോൾ ഒരറ്റത്ത് 49 പന്തില്‍ 52 റണ്‍സ് നേടിയാണ് സ്റ്റോക്സ് വിജയ ശിൽപ്പിയായത്. നാലോവർ പന്തെറിഞ്ഞ ഓൾറൗണ്ടർ 32 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!